WORLD

ഭൂചലനത്തെ അതിജീവിച്ച 'അത്ഭുത ശിശു' അഫ്രയ്ക്ക് ഇന്ന് ഒന്നാം പിറന്നാൾ

വെബ് ഡെസ്ക്

സിറിയയിലെ ജന്ദാരിസിൽ ഇന്ന് ആഘോഷമാണ്. സര്‍വനാശം വിതച്ച ഒരു ഭൂചലനത്തിൽ ബാക്കിയായ ആ അത്ഭുത ശിശുവിന് ഇന്ന് ഒരു വയസ് തികയുകയാണ്. സിറിയയിലും തുർക്കിയിലും കഴിഞ്ഞ വർഷം ഫെബ്രുവരി 6ന് നടന്ന അതിതീവ്രമായ ഭൂചലനത്തിൽ ജനിച്ച അഫ്രയെന്ന അത്ഭുത ശിശു. ജനിച്ചു വീണ ദിവസം തന്നെ കുടുംബത്തിലെ എല്ലാവരെയും നഷ്ടപ്പെട്ട കുരുന്ന്.

ഇന്ന് അവളുടെ ഒന്നാം പിറന്നാള്‍ ആഘോഷമാക്കാന്‍ തങ്ങളുടെ വലിയ വെളുത്ത ടെന്റിൽ ബലൂണുകൾ കെട്ടി, നിറങ്ങൾ കൊണ്ട് അലങ്കരിച്ച് തയ്യാറായിരിക്കുകയാണ് ആറ് മക്കള്‍ക്കൊപ്പം അഫ്രയുടെ അച്ഛന്റെ സഹോദരിയുടെ കുടുംബം.

സിറിയയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തും തുർക്കിയുടെ കിഴക്കൻ ഭാഗത്തും ഉണ്ടായ അതിശക്തമായ ഭൂചലനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മരണമടഞ്ഞതാണ് അഫ്രയുടെ അമ്മ. 4,500 പേർ മരിക്കുകയും, 50,000 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഭൂചലനത്തിലായിരുന്നു അഫ്രയുടെ ജനനം.

ഒരു കുടുംബം മുഴുവൻ തുടച്ചു നീക്കപ്പെട്ട ഭൂചലനം

സിറിയൻ സിവിൽ ഡിഫൻസ് സംഘം നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഭൂചലനം ഏറ്റവും കൂടുതൽ ബാധിച്ച സ്ഥലമാണ് ജന്ദാരിസ്. അവിടെ മാത്രം 510 പേർ മരണപ്പെടുകയും, 810 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അഫ്ര ജനിക്കുന്ന ദിവസമാണ് അവൾക്ക് തന്റെ മാതാപിതാക്കളെയും നാലു സഹോദരങ്ങളെയും നഷ്ടപ്പെട്ടത്.

കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ഈ കൈക്കുഞ്ഞിനെ ആദ്യം ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ അവളെ വിളിച്ചത് അയ എന്നായിരുന്നു. പിന്നീട് അവളുടെ അച്ഛന്റെ സഹോദരി ഹാലയാണ് അഫ്ര എന്ന പേരിട്ടത്. മരിച്ചു പോയ അമ്മയുടെ ഓർമയ്ക്കായിരുന്നു ആ പേര്. അവളെ ഇപ്പോൾ വളര്‍ത്തുന്നത് അച്ഛന്റെ സഹോദരിയുടെ കുടുംബമാണ്. ഇവിടെ അഫ്ര ഒറ്റയ്ക്കല്ല, പുതിയ ആറ് സഹോദരങ്ങളുണ്ട്. പതിനൊന്നു വയസുള്ള മാൽ അൽ ഷാം ആണ് കൂട്ടത്തിൽ ഏറ്റവും മുതിർന്ന കുട്ടി. ഏറ്റവും ഇളയ കുട്ടി അഫ്രയല്ല. അവൾ ജനിച്ച് രണ്ടു ദിവസം കഴിഞ്ഞു ജനിച്ച അറ്റയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പലരും അഫ്രയെ ദത്തെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചെങ്കിലും വിട്ടു നൽകാൻ അഫ്രയുടെ അച്ഛന്റെ സഹോദരി ഹാല തയ്യാറായിരുന്നില്ല. തന്റെ രക്തബന്ധമായ അവളെ ആർക്കും വിട്ടുകൊടുക്കാൻ തയ്യാറല്ല എന്നായിരുന്നു അവരുടെ നിലപാട്. തന്റെ സ്വന്തം മകൾ അറ്റയോടൊപ്പമാണ് ഹാല അഫ്രയെയും നോക്കിയത്. കെട്ടിടങ്ങൾ തകർന്നു വീണതിനിടയിൽപ്പെട്ട് വാരിയെല്ലുകൾക്കേറ്റ ക്ഷതം ഇപ്പോൾ പൂർണമായും ഭേദപ്പെട്ട് അവൾ പതുക്കെ നടന്നു തുടങ്ങി എന്നും ഹാല പറയുന്നു.

അഫ്രയുടെ ബാബയും മാമയും

ഹാലയെയും ഭർത്താവ് അൽ സുവാദിയെയും അഫ്ര വിളിക്കുന്നത് മാമ എന്നും ബാബ എന്നുമാണ്. തങ്ങളുടെ സ്വന്തം മക്കൾ വിളിക്കുന്നതിനേക്കാൾ സന്തോഷം അവർക്ക് അവളുടെ വിളിയിലുണ്ട്. പല പ്രായങ്ങളിലുള്ള ഈ ഏഴു കുട്ടികളും ഒരുമിച്ചാണ് കളിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും. അവർക്കിടയിൽ അതിശക്തമായ ബന്ധമുണ്ടെന്നും ഹാലയും അൽ സുവാദിയും സാക്ഷ്യപ്പെടുത്തുന്നു.

സഹോദരങ്ങളിൽ ദോവയുമായാണ് അഫ്ര ഏറ്റവും അടുപ്പം കാണിക്കുന്നത്. കളിക്കാനും ഉറങ്ങാനുമെല്ലാം അഫ്രയ്ക്കിഷ്ടം ദോവയോടൊപ്പമാണ്. കരയുമ്പോൾ ഹാല സമാധാനിപ്പിക്കാൻ ശ്രമിച്ചാൽ അവൾക്ക് പലപ്പോഴും സമാധാനമാവാറില്ല. അവളെ ദോവതന്നെ എടുത്ത് സമാധാനിപ്പിക്കണം- അവർ പറയുന്നു. ഏഴുമക്കളുമായി ഹാലയും അൽ സുവാദിയും പ്രതിക്ഷയോടെയാണ് ഭാവിയിലേക്ക് നോക്കുന്നത്. ജന്ദാരിസിൽ തങ്ങൾക്ക് സംഭവിച്ചത് വലിയ ദുരന്തമാണെന്നും ജീവിതത്തിൽ ഇനി അങ്ങനെ ഒരു ദുരന്തമുണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഇരുവരും പറയുന്നു.

അലങ്കരിച്ച ടെന്റിലിരുന്ന് കേക്ക് മുറിച്ച് കുട്ടികൾക്ക് ഒപ്പമിരുന്ന് അവര്‍ ഇന്ന് അവളെ കുറിച്ച് സംസാരിക്കും, അഫ്രയെന്ന ആ അത്ഭുത ശിശുവിനെക്കുറിച്ച്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും