WORLD

'ജനപ്രിയനെങ്കിലും വിഭാഗീയതയുണ്ടാക്കുന്ന നേതാവ്; മോദി കാലത്തെ ഇന്ത്യ'; ഡോക്യുമെന്ററി രണ്ടാം ഭാഗം പുറത്തുവിട്ട് ബിബിസി

2014 മുതല്‍ സര്‍ക്കാരും, ന്യൂനപക്ഷമായ മുസ്ലീം വിഭാഗവും തമ്മിലുള്ള ബന്ധം, സമുദായിക അന്തരിക്ഷം എന്നിവയെ പരാമര്‍ശിക്കുന്നതാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട്

വെബ് ഡെസ്ക്

നിരോധനവും, നിയന്ത്രണങ്ങളും, പ്രതിഷേധവും നിലനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി സംപ്രേക്ഷണം ചെയ്തു. ചൊവ്വാഴ്ച രാതി യുകെ സമയം ഒന്‍പത് മണിയോടെയായിരുന്നു ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍ രണ്ടാം ഭാഗം സംപ്രേക്ഷണം ചെയ്തത്. ഇന്ത്യയില്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014 മുതല്‍ സര്‍ക്കാരും, ന്യൂനപക്ഷമായ മുസ്ലീം വിഭാഗവും തമ്മിലുള്ള ബന്ധം, സമുദായിക അന്തരിക്ഷം എന്നിവയെ പരാമര്‍ശിക്കുന്നതാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗമെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു മണിക്കൂറാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

ഇന്ത്യയില്‍ ഏറെ വിവാദം സൃഷ്ടിച്ച ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ആമുഖത്തോടെയാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത്. ഇതിനൊപ്പം രാജ്യത്ത് അരങ്ങേറിയ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ ഗ്രാഫിക്കല്‍ വീഡിയോകളും ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുന്നു. 2019 ലെ ബിജെപിയുടെ അഭൂതപൂര്‍വമായ വിജയത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഡോക്യുമെന്ററി, വലിയ ജനപിന്തുണയോടെ ഒരു സര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടതിന് പിന്നിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചും പരാമര്‍ശിക്കുന്നു. രാഷ്ട്രീയ നിരീക്ഷകനായ ക്രിസ് ഓഗ്ഡനാണ് ഈ വിഷയത്തില്‍ സംസാരിക്കുന്നത്.

കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നിവ നടപ്പാക്കിയതിന് പിന്നാലെ അരങ്ങേറിയ പ്രതിഷേധങ്ങള്‍, ഡല്‍ഹി കലാപം എന്നിവയുടെ ദൃശ്യങ്ങളും ഡോക്യുമെന്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയ ഗാനം ആലപിക്കാന്‍ നിര്‍ബന്ധിച്ച് പ്രതിഷേധക്കാരെ സുരക്ഷാ സേന മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍, എന്‍ആര്‍സി പ്രകാരം തടവിലാക്കപ്പെട്ട കുടുംബങ്ങള്‍, 2020 ലെ ഡല്‍ഹി അക്രമത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍ എന്നിവയ്ക്ക് ഒപ്പം മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം 2020 ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ മോദി നടത്തിയ റാലിയുടെ രംഗങ്ങളും ഡോക്യുമെന്റിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 'നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ ഏങ്ങനെ മാറി, ഒരേസമയം അദ്ദേഹം ജനപ്രിയനും, വിഭാഗീയത ഉണ്ടാക്കുന്ന വ്യക്തിയായും തുടരുന്നതെങ്ങനെ' എന്നിങ്ങനെയുള്ള പരാമര്‍ശത്തിലൂടെയാണ് ഡോക്യുമെന്ററി അവസാനിക്കുന്നത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം