രാജ്യത്ത് ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമാകില്ലെന്ന് വിധിച്ച് മെക്‌സിക്കോ സുപ്രീംകോടതി . ഗര്‍ഭച്ഛിദ്രം നിരോധിച്ചുകൊണ്ടുള്ള നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധവും രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ലാറ്റിനമേരിക്കയിലുടനീളമുള്ള റീപ്രൊഡക്ടീവ് റൈറ്റ്‌സ് ആക്ടിവിസ്റ്റുകളുടെ നിരന്തരമായ പോരാട്ടത്തിന്റെ വിജയമാണ് പുതിയ വിധി.
ക്രിമിനല്‍ കോഡില്‍നിന്ന് ഗര്‍ഭച്ഛിദ്ര നിരോധന വകുപ്പ് നീക്കം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകുന്ന കോടതി ഉത്തരവിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുതിയ വിധി. ഇതുവരെ മെക്‌സിക്കോയിലെ 31 സംസ്ഥാനങ്ങളില്‍ 12 ഇടത്തും ഗര്‍ഭചിദ്രം കുറ്റകരമല്ലാതാക്കിയിട്ടുണ്ട്. മെക്‌സിക്കോ സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീപ്രൊഡക്ടീവ് റൈറ്റ് സംഘടനയായ GIRE സുപ്രീംകോടതി വിധിയെ വര്‍ഷങ്ങള്‍ നീണ്ട തങ്ങളുടെ ക്യാമ്പയിനിന്റെ വിജയമായി അടയാളപ്പെടുത്തി. ഗര്‍ഭച്ഛിദ്ര നിയമത്തില്‍ പരിഷ്‌കാരം കൊണ്ടുവരാനായി അവര്‍ മെക്‌സിക്കന്‍ ഭരണകൂടത്തിനെതിരെ ടെസ്റ്റ് കേസ് കൊടുത്തിരുന്നു അതിനു പിന്നാലെയാണ് സുപ്രീംകോടതി വിധി.
ഗര്‍ഭിണിയായ ആര്‍ക്കും ഇനി രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ക്ക് കീഴില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കും
എന്നാല്‍ ഈ കോടതി വിധിയിലൂടെ മാത്രം ഗര്‍ഭച്ഛിദ്രം രാജ്യത്ത് കുറ്റകരമല്ലാതെയാകില്ല. അതിനായി രാജ്യത്തെ നിയമനിർമാണ സഭാ പ്രതിനിധികള്‍ കൂടിച്ചേര്‍ന്ന് രാജ്യത്തെ ശിക്ഷാനിയമത്തില്‍ നിന്ന് ഗര്‍ഭച്ഛിദ്രം ഒഴിവാക്കിക്കൊണ്ട് നിയമം പാസാക്കേണ്ടതുണ്ട്. ഈ നടപടിക്രമങ്ങള്‍ ചിലപ്പോള്‍ വേഗത്തില്‍ നടക്കുകയോ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ എടുക്കുകയോ ചെയ്‌തേക്കാം. 2018ല്‍ മെക്‌സിക്കോയില്‍ കഞ്ചാവ് ഉപയോഗം കുറ്റരകരമല്ലാതാക്കണമെന്ന് വിധി വന്നെങ്കിലും 2021ലാണ് ഭരണകൂടം അത് നിയമവിധേയമാക്കിയത്. എങ്കിലും ഗര്‍ഭച്ഛിദ്രം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കും അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിധി നിയമനടപടികളില്‍ നിന്ന് സംരക്ഷണം നല്‍കും. ഗര്‍ഭിണിയായ ആര്‍ക്കും ഇനി രാജ്യത്തെ ആരോഗ്യസംവിധാനങ്ങള്‍ക്ക് കീഴില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കും.
കത്തോലിക്കാസഭ ശക്തമായ സ്വാധീനം ചെലുത്തുന്ന പല രാജ്യങ്ങളിലും ഗര്‍ഭച്ഛിദ്രം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ വനിതാ അവകാശ സംരക്ഷണ പ്രവര്‍ത്തകരുടെ ഏറ്റവും പുതിയ വിജയമാണ് മെക്സിക്കോയിലെ കോടതി വിധി. നിക്കരാഗ്വ, ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, ഡൊമനിക്കല്‍ റിപ്പബ്ലിക്, ഹെയ്തി, സുരിനാം എന്നിവിടങ്ങളിലെല്ലാം ഗര്‍ഭച്ഛിദ്രത്തിന് സമ്പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. 2020ലാണ് അര്‍ജന്റീന ഗർഭച്ഛിദ്രം നിയമവിധേയമാക്കിത്. കടുത്ത യാഥാസ്ഥിതിക രാജ്യമായ കൊളംബിയ രണ്ട് വര്‍ഷത്തിന് ശേഷം ഇതേപാത പിന്തുടര്‍ന്നിരുന്നു.