ഓസ്‌ട്രേലിയന്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ മുൻപ് വിക്ഷേപിച്ച പിഎസ്എല്‍വി റോക്കറ്റിന്റെ അവശിഷ്ടമാണെന്ന് തിരിച്ചറിഞ്ഞു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയിലെ ജുരിയന്‍ ബേയ്ക്ക് സമീപത്തെ തീരത്താണ് ഭീമാകാരമായ സിലിണ്ടര്‍ കണ്ടെത്തിയത്.
കണ്ടെത്തിയ വസ്തു പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാം ഘട്ടത്തിൽനിന്നുള്ള അവശിഷ്ടമാണെന്ന് ഏറെക്കുറെ കണ്ടെത്തിയതായി ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി ട്വിറ്ററിൽ കുറിച്ചു. കണ്ടെത്തിയ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനമുള്‍പ്പടെയുള്ള അടുത്ത ഘട്ടവും ഐക്യരാഷ്ട്രസഭയുടെ ബഹിരാകാശ ഉടമ്പടികൾക്ക് കീഴിലുള്ള ബാധ്യതകൾ നിറവേറുന്നതും സംബന്ധിച്ച് ഐഎസ്ആര്‍ഒയുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി ട്വിറ്ററിൽ കുറിച്ചു.
ജൂലൈ 14 ന് ഇന്ത്യയുടെ ചാന്ദ്രയാൻ മൂന്ന് ദൗത്യം വിക്ഷേപിച്ച എൽവിഎം 3 റോക്കറ്റിന്റെ അവശിഷ്ടമാകാം കണ്ടെത്തിയ വസ്തുവെന്ന സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് മാസങ്ങളോളം പഴക്കമുണ്ടെന്നും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും വിദഗ്ധര്‍ വ്യക്തമാക്കുകയുണ്ടായി. 227 യാത്രക്കാരുമായി 2014 മാര്‍ച്ച് 8 ന് കാണാതായ എംഎച്ച് 370 മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ഭാഗമാണ് ഇതെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
പെര്‍ത്ത് മേഖലയില്‍നിന്ന് 250 കിലോമീറ്റര്‍ വടക്കുള്ള ഗ്രീന്‍ ഹെഡ് ബീച്ചിലാണ് താഴികക്കുടത്തിന്റെ ആകൃതിയിലുള്ള വസ്തു കണ്ടെത്തിയത്. ഒരു വശത്തേക്ക് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ സിലിണ്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇത് പിഎസ്എൽവിയുടെ മൂന്നാംഘട്ടത്തിന്റെ അവശിഷ്ടമാണെന്ന് നേരത്തെ തന്നെ ചില ട്വിറ്റർ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കണ്ടെത്തിയ അവശിഷ്ടത്തിന്റെയും പിഎസ്എൽവി റോക്കറ്റ് ഐഎസ്ആർഒ വിക്ഷേപണത്തിനായി സജ്ജമാക്കുന്ന ഫോട്ടോയിലെ ഈ ഭാഗത്തിന്റെ ദൃശ്യവും താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഇത്തരം ട്വീറ്റുകൾ.
ഏകദേശം 10 അടി നീളവും എട്ടടി വീതിയുമുള്ള വസ്തു ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ കീഴില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംശയാസ്പദമായ മറ്റെന്തെങ്കിലും വസ്തുക്കൾ കണ്ടാൽ പ്രാദേശിക അധികൃതരെ അറിയിക്കാൻ പൗരന്മാരോട് ഏജൻസി അഭ്യർഥിച്ചു.
ബഹിരാകാശ റോക്കറ്റുകളുടെയും മറ്റും അവശിഷ്ടങ്ങള്‍ ഓസ്ട്രേലിയയില്‍ പതിക്കുന്നത് ഇതാദ്യമല്ല. ഓഗസ്റ്റില്‍, എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ദൗത്യങ്ങളിലൊന്നിന്റെ കരിഞ്ഞ അവശിഷ്ടം തന്റെ കുതിരാലയത്തിന് മുകളില്‍ വീണനിലയില്‍ ന്യൂ സൗത്ത് വെയില്‍സ് സ്വദേശി കണ്ടെത്തിയിരുന്നു.
അവശിഷ്ടങ്ങൾ കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ബഹിരാകാശ പ്രവർത്തനങ്ങളുടെ ദീർഘകാല സുസ്ഥിരതയ്ക്ക് ഓസ്‌ട്രേലിയൻ ബഹിരാകാശ ഏജൻസി പ്രതിജ്ഞാബദ്ധമാണെന്നും ഇത് അന്താരാഷ്ട്ര വേദിയിൽ ഉയർത്തിക്കാട്ടുന്നത് തുടരുന്നതായും ഏജൻസി ട്വീറ്റിൽ കുറിച്ചു.