എച്ച്1-ബി, എല്‍1 വിസകളിലുള്ള പതിനായിരക്കണക്കിന് വിദേശ ടെക് തൊഴിലാളികള്‍ക്ക് സഹായകരമാകുന്ന പദ്ധതിയുമായി അമേരിക്ക. ചില പ്രദേശങ്ങളില്‍ നിര്‍ത്തിവച്ചിരുന്ന ആഭ്യന്തര വിസ പുതുക്കുന്ന പദ്ധതി പുനരാരംഭിക്കാനാണ് തീരുമാനം. വരും വര്‍ഷങ്ങളില്‍ ഇത് വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷാവസാനം പ്രാരംഭ പദ്ധതിക്ക് തുടക്കമാകും. പദ്ധതി പൂര്‍ണമായും നടപ്പിലാകുന്നതോടെ, അമേരിക്കയില്‍ താമസമാക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ ടെക് പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസമാകും.
2004 വരെ എച്ച്1-ബി പോലുള്ള കുടിയേറ്റേതര വിസകളുടെ ചില വിഭാഗങ്ങള്‍ക്ക് യുഎസിനുള്ളില്‍ തന്നെ പുതുക്കാനുംസ്റ്റാമ്പ് ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ അതിനുശേഷം അത്തരത്തിലുള്ള വിസകള്‍ പുതുക്കുന്നത് രാജ്യത്തിന് പുറത്തേക്ക് പോകേണ്ടി വന്നിരുന്നു. പ്രധാനമായും എച്ച്1-ബി വിസയിലുള്ള വിദേശ ടെക് തൊഴിലാളികള്‍ക്ക് അധികവും അവരുടെ പാസ്‌പോര്‍ട്ടില്‍ എച്ച്1-ബി എക്‌സ്റ്റെന്‍ഷന്‍ സ്റ്റാമ്പ് ചെയ്യുന്നതിനായി സ്വന്തം രാജ്യങ്ങളിലേക്ക് പോകേണ്ടി വന്നിരുന്നു. പുതിയ പദ്ധതി നിലവില്‍ വരുന്നതോടെ വിസ പുതുക്കുന്നതിനായി വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് പോകേണ്ടിവരില്ല.
എച്ച്1-ബി വിസയിലുള്ളവര്‍ക്ക് അവരുടെ വിസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കിയ തീയതികള്‍ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്
എച്ച്1-ബി വിസയുള്ളവര്‍ക്ക് അവരുടെ വിസ പുതുക്കുമ്പോള്‍ പാസ്‌പോര്‍ട്ടുകള്‍ പുതുക്കിയ തീയതികള്‍ ഉപയോഗിച്ച് സ്റ്റാമ്പ് ചെയ്യേണ്ടതുണ്ട്. യു എസിന് പുറത്തേക്ക് യാത്ര ചെയ്യാനും യുഎസിലേക്ക് തിരികെ പ്രവേശിക്കാനും ഇത് ആവശ്യമാണ്. നിലവില്‍ അമേരിക്കയ്ക്കുള്ളില്‍ എച്ച്1-ബി വിസ പുനഃസ്ഥാപിക്കാന്‍ സാധിക്കില്ല. ഏതെങ്കിലും യുഎസ് കോണ്‍സുലേറ്റില്‍ മാത്രമേ റീസ്റ്റാമ്പിങ് ചെയ്യാന്‍ കഴിയൂ. വിസാ കാത്തിരിപ്പ് കാലാവധി 800 ദിവസമോ അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിന് മുകളിലോ നീളുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് താമസമാക്കിയ ടെക് തൊഴിലാളികള്‍ക്ക് ഇത് വലിയ അസൗകര്യമുണ്ടാക്കിയിരുന്നു.
2004ല്‍ പ്രാബല്യത്തില്‍ വന്ന നിലവിലെ നിയമപ്രകാരം, എച്ച്1-ബി, എല്‍ വിസകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിക്രമം, മാതൃരാജ്യത്ത് പോയി അവരുടെ എച്ച്1, എല്‍1 വിസകള്‍, പാസ്പോര്‍ട്ടുകള്‍, രേഖകള്‍ എന്നിവ ഡ്രോപ്പ്‌ബോക്സ് അല്ലെങ്കില്‍ അഭിമുഖം വഴി സമര്‍പ്പിക്കുക എന്നതാണ്.
എച്ച്1-ബി വിസ സ്റ്റാമ്പിങ്ങിനായി ആളുകള്‍ക്ക് മാസങ്ങളോ വര്‍ഷങ്ങളോ കാത്തിരിക്കേണ്ടി വരും. എല്ലാ രേഖകളും സമര്‍പ്പിച്ചതിന് ശേഷം പ്രതികരണമൊന്നും ലഭിക്കാതെ രണ്ട് വര്‍ഷത്തിലേറെയായി മാതൃരാജ്യത്ത് കുടുങ്ങിപ്പോയവരുമുണ്ട്.
സിലിക്കണ്‍ വാലിയില്‍ നിന്നുള്ള കമ്മീഷന്‍ അംഗം അജയ് ജെയ്ന്‍ ഭൂട്ടോറിയയാണ് ഇതിനെതിരെ നീക്കങ്ങള്‍ നടത്തിയത്. യുഎസില്‍ തന്നെ എച്ച് 1-ബി, എല്‍1 വിസകള്‍ പുതുക്കുന്നതിനായി പ്രത്യേക വകുപ്പോ യൂണിറ്റോ സ്ഥാപിക്കാന്‍ അദ്ദേഹം യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിനോട് (യുഎസ്ഐഎസ്) ആവശ്യപ്പെട്ടു. യുഎസ്ഐഎസിന്റെ കീഴില്‍ അമേരിക്കയില്‍ തന്നെ സ്റ്റാമ്പ് ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണമെന്ന് പ്രസിഡന്‍ഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതോടെയാണ് നടപടികള്‍ക്ക് തുടക്കമായത്.
ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജീവനക്കാരെയാണ് ഈ വിസ ഉപയോഗിച്ച് ടെക് കമ്പനികള്‍ ഓരോ വര്‍ഷവും നിയമിക്കുന്നത്
സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള പ്രത്യേക തൊഴിലുകളിലേക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനായി യുഎസ് കമ്പനികളെ അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്റ് വിസയാണ് എച്ച്-1ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ജീവനക്കാരെയാണ് ഈ വിസ ഉപയോഗിച്ച് ടെക് കമ്പനികള്‍ ഓരോ വര്‍ഷവും നിയമിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിസ പ്രോസസിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും അസൗകര്യങ്ങള്‍ കുറയ്ക്കുന്നതിനുമായി ജോ ബൈഡന്‍ ഭരണകൂടം നിരവധി നടപടികള്‍ കൈക്കൊണ്ടിരുന്നു.