WORLD

ഇറാന്റെ തടഞ്ഞുവച്ച 600 കോടി ഡോളർ അമേരിക്ക വിട്ടുനൽകി; അഞ്ച് തടവുകാരെ വീതം പരസ്പരം മോചിപ്പിച്ച് ഇരു രാജ്യങ്ങളും

വെബ് ഡെസ്ക്

ഉടമ്പടിയുടെ ഭാഗമായി അഞ്ച് തടവുകാരെ വീതം പരസ്പരം മോചിപ്പിച്ച് അമേരിക്കയും ഇറാനും. ഖത്തറിന്റെ മധ്യസ്ഥയിലുണ്ടായ കരാറിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും തടവുകാരെ വിട്ടയച്ചത്.

കരാറിന്റെ ഭാഗമായി ദക്ഷിണ കൊറിയയിലുള്ള ഇറാന്റെ 600 കോടി ഡോളറിന്റെ (480 കോടി പൗണ്ട്) ഫണ്ട് യുഎസ് വിട്ടുനൽകി. തുക ദോഹയിലെ ബാങ്കുകളിൽ എത്തിയതിന് പിന്നാലെയാണ് തടവുകാരുടെ മോചനം സാധ്യമായത്. ഉപരോധത്തിന്റെ ഭാഗമായാണ് ഇറാന്റെ എണ്ണപ്പണം യുഎസ് മരവിപ്പിച്ചത്. മോചിതരായ തടവുകാരിൽ ചിലർ ഇരു രാജ്യങ്ങളിലും പൗരത്വമുള്ളവരാണ്.

നാല് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് ഇറാൻ മോചിപ്പിച്ചത്. എട്ട് വർഷത്തോളം ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ കഴിഞ്ഞ അൻപത്തിയൊന്നുകാരനായ വ്യവസായി സിയാമക് നമാസി, അൻപത്തി ഒൻപതുകാരനായ വ്യവസായി ഇമാദ് ഷാർഗി, പരിസ്ഥിതി പ്രവർത്തകൻ മൊറാദ് തഹ്ബാസ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

മാസങ്ങൾ നീണ്ട നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് തടവുകാരെ പരസ്പരം മോചിപ്പിക്കാനുള്ള തീരുമാനത്തിൽ ഇരു രാജ്യങ്ങളുമെത്തിയത്. ഇറാൻ മോചിപ്പിച്ച അമേരിക്കക്കാരിൽ ചിലർ ഒരു ദശാബ്ദത്തോളം തടവിൽ കഴിഞ്ഞവരാണ്. ടെഹ്‌റാനിലെ ഹോട്ടലുകളിൽനിന്ന് വിമാനത്താവളത്തിലെത്തിച്ച ഇവരെ തുടർന്ന് ചാർട്ടേഡ് വിമാനത്തിൽ ഖത്തർ തലസ്ഥാനമായ ദോഹയിലേക്ക് കൊണ്ടുപോയി. അവിടെനിന്നാണ് യുഎസിലേക്ക് തിരിച്ചത്. രാഷ്ട്രീയനേട്ടത്തിനായി അടിസ്ഥാനരഹിതമായി ആരോപണങ്ങൾ ഉന്നയിച്ചാണ് ഇവരെ ഇറാൻ തടവിലിട്ടതെന്നാണ് യുഎസിന്റെ ആരോപണം.

“ഇറാനിൽ തടവിലാക്കപ്പെട്ട അഞ്ച് നിരപരാധികളായ അമേരിക്കക്കാർ ഒടുവിൽ ഇന്ന് നാട്ടിലേക്ക് വരുന്നു. വർഷങ്ങൾ നീണ്ട വേദനയും അനിശ്ചിതത്വവും കഷ്ടപ്പാടുകളും സഹിച്ച ശേഷം അവർ ഉടൻ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കുകയാണ്, " യുഎസ് പ്രസിഡന്റ് ,” ജോ ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

മോചിതരായ യുഎസ് പൗരന്മാരുമായി ടെലിഫോണിലൂടെ സംസാരിച്ചതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

മാനുഷിക പരിഗണയുടെ ഭാഗമായത് തടവുകാരെ വിട്ടയച്ചതെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ആദ്യ സൂചനയായി ഓഗസ്റ്റ് പകുതിയോടെ തടവുകാരെ എവിൻ ജയിലിൽനിന്ന് ടെഹ്‌റാനിലെ സുരക്ഷിത വസതിയിലേക്ക് ഇറാൻ മാറ്റിയിരുന്നു.

റേസ സർഹാങ്‌പൂർ, കാംബിസ് അത്തർ കഷാനി, കാവേ ലോത്‌ഫോല അഫ്രാസിയാബി, മെഹർദാദ് മൊയ്‌ൻ അൻസാരി, അമിൻ ഹസൻസാദെ എന്നീ ഇറാൻ സ്വദേശികളെയാണ് അമേരിക്ക മോചിപ്പിച്ചത്. യുഎസ് ഉപരോധം ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ അമേരിക്ക തടവിലാക്കിയത്. ഇവർ ഇനി സ്വരാജ്യത്തേക്ക് മടങ്ങുമോയെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഖത്തറിന്റെ മധ്യസ്ഥതയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച മാസങ്ങൾ നീണ്ട പരോക്ഷ ചർച്ചകൾക്ക് ശേഷമാണ് കരാർ നിലവിൽ വന്നത്. ഖത്തറിൽ ഒമ്പത് തവണയോളം ഇരുപക്ഷവും ചർച്ചകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, മുൻ ഇറാൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദി നെജാദിനെയും ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയത്തെയും ലക്ഷ്യമിട്ട് അമേരിക്കയുടെ പുതിയ ഉപരോധങ്ങൾ ജോ ബൈഡൻ ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം