സമ്പന്നര്‍ അതി സമ്പന്നരാവുകയും, ദരിദ്രര്‍ അതി ദരിദ്രരാവുകയും ചെയ്യുന്ന ലോകക്രമം. ആഗോളതലത്തില്‍ സാമ്പത്തിക അസമത്വം കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍തോതില്‍ വര്‍ധിച്ചതായി പഠനം. നിലവിലെ അസമത്വം തുടര്‍ന്നാല്‍ ഇനി 229 വര്‍ഷം എടുത്താലും ലോകത്തുനിന്നും ദാരിദ്ര്യം തുടച്ചു നീക്കാനാകില്ലെന്നാണ് ഓക്സ്ഫാമിന്റെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
പണം, സമ്പത്ത് ഒരു ചെറിയ കൂട്ടം ആളുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന സാമ്പത്തിക അസമത്വത്തിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ഓക്‌സ്ഫാം പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ അഞ്ച് കോടീശ്വരന്മാര്‍ അവരുടെ സമ്പാദ്യം ഇരട്ടിയാക്കിയപ്പോള്‍ ലോകത്തിന്റെ 60 ശതമാനം, അതായത് 500 കോടി മനുഷ്യര്‍ ദാരിദ്ര്യത്തില്‍ നിന്നും അതിദാരിദ്രത്തിലേക്കുള്ള യാത്രയിലാണ്.
എലോണ്‍ മസ്‌ക്, ബെര്‍ണാര്‍ഡ് ആര്‍നോള്‍ട്ട്, ജെഫ് ബെസോസ്, ലാറി എല്ലിസണ്‍, മാര്‍ക് സുക്കര്‍ബര്‍ഗ് എന്നീ അഞ്ച് ലോക കോടീശ്വരന്മാരുടെ സമ്പത്ത് 46,400 കോടി ഡോളര്‍ അഥവാ 114ശതമാനം വര്‍ധിച്ചുവെന്ന് ഗവേഷണ കമ്പനിയായ വെല്‍ത്ത് എക്‌സില്‍ നിന്നും സമാഹരിച്ചെടുത്ത കണക്കുകള്‍ സൂചിപ്പിക്കുന്നു. 2020 മുതല്‍ 86,900 കോടി ഡോളറില്‍ നിന്നും 681,50 പൗണ്ടിലേക്കാണ് ഇവരുടെ സമ്പാദ്യം ഉയര്‍ന്നിരിക്കുന്നത്.അതേ കാലയളവില്‍ ലോക ജനസംഖ്യയുടെ 60 ശതമാനം വരുന്ന 477.9 കോടി ജനങ്ങളുടെ സമ്പത്ത് 0.2 ശതമാനമായി കുറഞ്ഞു.
കോവിഡിന് ശേഷം സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലിയ തോതില്‍ വര്‍ധിച്ചു. 2020നെ അപേക്ഷിച്ച് കോടീശ്വരന്മാര്‍ 3.3 ട്രില്യണ്‍ ഡോളര്‍ സമ്പന്നരാണെന്ന് ഓക്‌സ്ഫാം അറിയിച്ചു. കൂടാതെ അവരുടെ സമ്പത്ത് പണപ്പെരുപ്പ നിരക്കിനേക്കാള്‍ മൂന്നിരട്ടിയായാണ് വളര്‍ന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിത നിലവാരം സ്തംഭനാവസ്ഥയിലാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറ്റ് കമ്പനികളില്‍ പത്തില്‍ ഏഴ് സ്ഥാപനങ്ങളുടെയും സിഇഒ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ ഷെയര്‍ ഹോള്‍ഡര്‍ ശതകോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതിന് നേരെ വിപരീതമാണ് ദരിദ്ര ജന വിഭാഗങ്ങളുടെ കാര്യം. തുച്ഛമായ വേതനത്തിന് വേണ്ടി ലോകമെമ്പാടും ആളുകള്‍ മണിക്കൂറുകളോളം സുരക്ഷിതമല്ലാത്ത, അപകടകരമായ ജോലികളില്‍ കഠിനധ്വാനം ചെയ്യേണ്ടിവരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 52 രാജ്യങ്ങളിലെ 80 കോടി ജനങ്ങളുടെ ശരാശരി വേതനവും ഇക്കാലയളവില്‍ കുറഞ്ഞു. ഈ തൊഴിലാളികള്‍ക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ 1.5 ട്രില്യണ്‍ ഡോളറാണ് നഷ്ടപ്പെട്ടത്, അതായത് ഒരു തൊഴിലാളിയുടെ 25 ദിവസത്തെ വേതനം നഷ്ടപ്പെട്ടതിന് തുല്യമാണിത്.
ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടയിലും ബിസിനസ് ലാഭം ഉയര്‍ന്നിട്ടുണ്ടെന്നാണ് അതിസമ്പന്നരുടെ സമ്പത്ത് വര്‍ധന പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ ലോകത്തിലെ 148 വന്‍കിട കമ്പനികള്‍ 1.8 ട്രില്യണ്‍ ഡോളര്‍ സമ്പാദിച്ചുവെന്നാണ് കണക്കുകള്‍. 2018 മുതല്‍ 21 വരെയുള്ള ശരാശരി മൊത്ത ലാഭത്തെ താരതമ്യം ചെയ്യുമ്പോള്‍ 52 ശതമാനത്തിന്റെ വര്‍ധനവാണിത്.
തൊഴിലാളികളും അതിസമ്പന്നരായ കമ്പനി മുതലാളിമാരും തമ്മിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സാമ്പത്തിക നികുതി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ഒരു കോടി പൗണ്ട് മൊത്തം സ്വത്തുള്ള ബ്രിട്ടീഷ് കോടീശ്വരന്മാരില്‍ നിന്നും ശതകോടീശ്വരന്മാരില്‍ നിന്നും ഒരു ശതമാനത്തിനും രണ്ട് ശതമാനത്തിനുമിടയില്‍ ഇത്തരത്തില്‍ നികുതി ചുമത്തിയാല്‍ 2.2 കോടി പൗണ്ട് ഖജനാവിലെത്തും.
ലോകത്തിലെ ഏറ്റവും വലിയ അസമത്വം നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയുമായി ആഗോള സാമ്പത്തിക അസമത്വത്തെ താരതമ്യപ്പെടുമത്താമെന്ന് അസമത്വം അളക്കുന്ന ഗിനി ഇന്‍ഡെക്‌സ് കണ്ടെത്തിയതായും ഓക്‌സ്ഫാം പറയുന്നു. സ്റ്റോക്കുകള്‍, ഷെയറുകള്‍, ബോണ്ടുകള്‍, സ്വകാര്യ ഉമസ്ഥതയിലെ ഓഹരികള്‍ തുടങ്ങി ആഗോള സാമ്പത്തിക സ്വത്തിലെ 59 ശതമാനവും ലോകത്തിലെ 1 ശതമാനം സമ്പന്നര്‍ കയ്യടക്കിവെച്ചിരിക്കുകയാണ്. ലണ്ടനില്‍ 1.8 ട്രില്യണ്‍ മൂല്യം വരുന്ന 36.5 ശതമാനം സാമ്പത്തിക സ്വത്തുക്കള്‍ സമ്പന്നരായ ഒരു ശതമാനത്തിന്റെ കയ്യിലാണ്.