ഋഷി സുനക്, കമലാ ഹാരിസ് 
WORLD

സുനക് ആദ്യ വ്യക്തിയല്ല: ലോകത്തെ ആറ് രാഷ്ട്രങ്ങളെ നയിക്കുന്നത് ഇന്ത്യന്‍ വംശജര്‍

അമേരിക്ക മുതൽ പോർച്ചുഗൽ വരെ പല രാജ്യങ്ങളുടെയും നിർണായക പദവികള്‍ വഹിക്കുന്ന നിരവധി ഇന്ത്യന്‍ വംശജരുണ്ട്

വെബ് ഡെസ്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. 200 വര്‍ഷത്തിനിടയില്‍ അധികാരത്തിലേറുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന വിശേഷണവും അദ്ദേഹത്തിന് സ്വന്തമാണ്. എന്നാല്‍ ഇത് ആദ്യമായല്ല ഒരു ഇന്ത്യന്‍ വംശജന്‍ മറ്റൊരു രാജ്യത്തിന്റെ നിർണായക പദവിയിലെത്തുന്നത്. അമേരിക്ക മുതൽ പോർച്ചുഗൽ വരെ പല രാജ്യങ്ങളുടെയും നിർണായക പദവികള്‍ വഹിക്കുന്ന നിരവധി ഇന്ത്യന്‍ വംശജരുണ്ട്.

കമലാ ഹാരിസ്

കമലാ ദേവി ഹാരിസ് അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റും രാഷ്ട്രീയക്കാരിയും അഭിഭാഷകയുമാണ്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റും ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ ഉദ്യോഗസ്ഥയുമാണ് കമല. ഇന്ത്യൻ, ജമൈക്കൻ മാതാപിതാക്കളുടെ മകളായി കാലിഫോർണിയയിൽ ജനിച്ച കമല ആ സ്ഥാനം വഹിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയുമാണ്. 2017 മുതൽ 2021 വരെ കാലിഫോർണിയയുടെ സെനറ്ററും 2011 മുതൽ 2017 വരെ കാലിഫോർണിയയിലെ അറ്റോർണി ജനറലുമായിരുന്നു. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാര്‍ട്ടി പ്രൈമറിയില്‍ നിന്ന് ജോ ബൈഡന് എതിരെ കമല മത്സരിച്ചിരുന്നു. എന്നാല്‍ പിന്നീട് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ച് ബൈഡന് പിന്തുണ പ്രഖ്യാപിച്ചു. ശേഷം 2020 ഓഗസ്റ്റില്‍ ബൈഡന്‍ വൈസ് പ്രസിഡന്റായി കമലാ ഹാരിസിനെ പ്രഖ്യാപിക്കുകയായിരുന്നു.

അന്റോണിയോ കോസ്റ്റ, ചാന്‍ സന്തോഖി

ചാന്‍ സന്തോഖി

ചന്ദ്രികാ പെര്‍സാദ് ചാന്‍ സന്തോഖി ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ സുരിനാമിലെ ഒമ്പതാമത്തെ പ്രസിഡന്റാണ്. സുരിനാമിലെ പ്രോഗ്രസീവ് റിഫോംസ് പാർട്ടി ചെയർമാനായ അദ്ദേഹം ഒരു മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ്. 1959-ൽ സുരിനാം ജില്ലയിലെ ലെലിഡോർപ്പിലെ ഒരു ഇന്തോ-സുരിനമീസ് ഹിന്ദു കുടുംബത്തിലാണ് ജനനം. 2020 ജൂലായ് 13ന് എതിരില്ലാതെ നടന്ന തിരഞ്ഞെടുപ്പിലാണ് സന്തോഖി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

മുഹമ്മദ് ഇര്‍ഫാന്‍ അലി

തെക്കേ അമേരിക്കന്‍ രാജ്യമായ ഗയാനയിലെ ഒമ്പതാമത്തെ പ്രസിഡന്റാണ് മുഹമ്മദ് ഇര്‍ഫാന്‍ അലി. 2020 ഓഗസ്റ്റ് 2 നാണ് അദ്ദേഹം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. വെസ്റ്റ് കോസ്റ്റ് ഡെമാരാരയിലെ ലിയോനോറയിൽ ഒരു മുസ്ലീം ഇന്തോ-ഗയാനീസ് കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. നൂർ ഹസ്സനാലിക്ക് ശേഷം ഗയാനയുടെ ആദ്യ മുസ്ലീം പ്രസിഡന്റും അമേരിക്കയിലെ രണ്ടാമത്തെ മുസ്ലീം രാഷ്ട്രത്തലവനുമാണ് അലി.

പ്രവിന്ദ് ജുഗ് നാഥ്, പൃഥിരാജ് സിങ് രൂപന്‍, മുഹമ്മദ് ഇര്‍ഫാന്‍ അലി

പ്രവിന്ദ് ജുഗ്നാഥ്

2017 മുതൽ മൗറീഷ്യസിന്റെ പ്രധാനമന്ത്രി പദവി വഹിക്കുന്ന പ്രവിന്ദ് ജുഗ്‌നാഥിന്റെ പൂർവികർ ഉത്തർപ്രദേശിൽ നിന്നാണ്. ലാ കാവേണിലെ ഒരു ഹിന്ദു അഹിര്‍ കുടുംബത്തിലാണ് പ്രവിന്ദ് ജുഗ്‌നാഥിന്റെ ജനനം. 2003 ഏപ്രിൽ മുതൽ മിലിറ്റന്റ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവാണ്.

അന്റോണിയോ കോസ്റ്റ

2015 മുതൽ പോർച്ചുഗലിന്റെ പ്രധാനമന്ത്രിയായ അന്റോണിയോ കോസ്റ്റ പോർച്ചുഗീസ്, ഇന്ത്യൻ വംശജനാണ്. മൊസാംബിക്കിലെ മാപുട്ടോയിലെ ഒരു ഗോവൻ കുടുംബത്തിലാണ് അന്റോണിയോ കോസ്റ്റയുടെ പിതാവ് ജനിച്ചത്.

പൃഥിരാജ് സിങ് രൂപന്‍

2019 മുതൽ രാജ്യത്തിന്റെ ഏഴാമത്തെ പ്രസിഡന്റായ മൗറീഷ്യൻ രാഷ്ട്രീയക്കാരനാണ് പ്രദീപ് സിംഗ് രൂപൻ എന്നറിയപ്പെടുന്ന പൃഥ്വിരാജ്സിംഗ് രൂപൻ ജിസിഎസ്കെ. ഒരു ഇന്ത്യന്‍ ആര്യ സമാജി കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ