കൗമാരക്കാരനെ പോലീസ് വെടിവച്ചു കൊന്നതിന് പിന്നാലെ പാരിസില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അയവില്ലാതെ തുടരുന്നു. 1300 പേരാണ് ഇതുവരെ അറസ്റ്റിലായത്. പ്രതിഷേധങ്ങളിൽ നിരവധിപേർക്ക് പരുക്കേറ്റു. നാല് ദിവസം പിന്നിട്ടിട്ടും തലസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ഫ്രഞ്ച് പോലീസിനായില്ല.
വെള്ളിയാഴ്ച രാത്രി കലാപത്തെ നേരിടാന്‍ പ്രത്യേക സേനയുള്‍പ്പെടെ 45,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചത്. മാര്‍സെയിലും ലിയോണിലുമാണ് ഏറ്റവും മോശം സാഹചര്യം. ഈ ഭാഗങ്ങളിൽ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും പ്രതിഷേധക്കാർ കത്തിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഒറ്റരാത്രി കൊണ്ട് 994 അറസ്റ്റുകളാണ് നടന്നത്. കലാപത്തിനിടെ 2,560 തീപിടുത്തങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്ര അറസ്റ്റ് നടന്നിട്ടുണ്ടെങ്കിലും മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ രാത്രിയിലെ പ്രതിഷേധത്തിന് തീവ്രത കുറവായിരുന്നു എന്നാണ് വിലയിരുത്തൽ.
പാരിസിലാകെ വിവിധ മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. ബസ്, ട്രാം തുടങ്ങി പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. സംഘർഷം രൂക്ഷമായ ലിയോണിലെയും മാര്‍സെയിലിലെയും അക്രമങ്ങളെ അപലപിച്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനനിന്‍ രംഗത്തെത്തി. മാര്‍സെയിലേക്ക് കൂടുതല്‍ സൈനികരെ അയയ്ക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായി മേയര്‍ ബെനോയിറ്റ് പയന്‍ അറിയിച്ചു. കടകളില്‍ നിന്നടക്കം പ്രതിഷേധക്കാർ തോക്കുകള്‍ മോഷ്ടിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ലിയോണിൽ കലാപകാരികള്‍ പോലീസിന് നേരെ ബോംബ് എറിഞ്ഞു.
ആഫ്രിക്കന്‍ വംശജനായ നഹേല്‍ എന്ന 17 കാരനെയാണ് പാരീസിലെ നാന്‍ടെറിയില്‍ പോലീസ് ജൂണ്‍ 27ന് വെടിവച്ച് കൊന്നത്. കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനെ തുടര്‍ന്നായിരുന്നു വെടിവയ്പ്. തോക്ക് ചൂണ്ടിക്കൊണ്ട് 17കാരനോട് പോലീസുകാരന്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വെടിയുതിര്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഫ്രാന്‍സില്‍ പ്രതിഷേധം ശക്തിപ്പെട്ടത്. പോലീസുകാര്‍ക്കുനേരെ വാഹനം ഓടിച്ചു കയറ്റാന്‍ ശ്രമിച്ചതിനാണ് വെടിവച്ചതെന്ന പോലീസിന്റെ വിശദീകരണം തെറ്റാണെന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. കൗമാരക്കാരനെതിരെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തു.