ഇസ്രയേലിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും സര്‍ക്കാരിനുമെതിരെ തെരുവിലിറങ്ങി പ്രതിഷേധിച്ച് ജനങ്ങള്‍. തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ ആയിരക്കണക്കിനാളുകളാണ് നെതന്യാഹു സര്‍ക്കാരിനെതിരെ പ്രതിഷേധവുമായെത്തിയത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ കുടിയേറ്റങ്ങള്‍ വിപുലീകരിക്കാനും സുപ്രീംകോടതിയുടെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനുമുള്ള തീവ്ര വലതുപക്ഷ സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കെതിരെയാണ് ജനകീയ മുന്നേറ്റം. ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും നെതന്യാഹു സര്‍ക്കാര്‍ ഭീഷണിയാകുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ ഇടതുപക്ഷ, പലസ്തീൻ അനുകൂല അംഗങ്ങളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
2022 ഡിസംബറില്‍ വീണ്ടും അധികാരത്തിലെത്തിയ നെതന്യാഹു, ഇസ്രായേലിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ്. നെതന്യാഹുവിന്റെ പുതിയ സർക്കാരിൽ നികുതി വെട്ടിപ്പ് നടത്തിയവരും നിരവധി തീവ്ര വലതുപക്ഷ വാദികളുമാണ് ഇടം പിടിച്ചിരിക്കുന്നത്. ഇതും പ്രതിഷേധക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ 74 വർഷത്തെ ചരിത്രത്തില്‍ മതപരവും യാഥാസ്ഥിതികവുമായ രൂക്ഷസ്വഭാവമുള്ള ഭരണകൂടമാണ് ഇപ്പോഴത്തേത്. നീതിന്യായ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്ന നീക്കങ്ങളാണ് നെതന്യാഹു സര്‍ക്കാരിന്റേതെന്നും എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു.
എൽജിബിടിക്യു സമൂഹത്തിനും പലസ്തീനികൾക്കുമെതിരെ കൂടുതല്‍ ശക്തമായ നിയമങ്ങളാണ് ഇസ്രയേല്‍ നടപ്പാക്കാനൊരുങ്ങുന്നത്. രാജ്യത്ത് സമാധാനം, സമത്വം, നീതി എന്നിവ പുലരണമെന്ന ആവശ്യവും പ്രതിഷേധക്കാര്‍ മുന്നോട്ടുവെയ്ക്കുന്നു. 'ജനാധിപത്യം അപകടത്തില്‍, ഫാസിസത്തിനും വർണവിവേചനത്തിനുമെതിരെ പോരാടാം ' എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും മഴവില്‍ പതാകകളും ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ നിയമവ്യവസ്ഥയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണെന്നാണ് വിമർശകര്‍ ആരോപിക്കുന്നത്.