WORLD

ജർമനിയിൽ ആൾക്കൂട്ടത്തിനുനേരെ അജ്ഞാതന്റെ ആക്രമണം; കത്തിക്കുത്തേറ്റ് മൂന്നുപേർ മരിച്ചു, നിരവധിപേർക്ക് പരുക്ക്

പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിലായിരുന്നു സംഭവം

വെബ് ഡെസ്ക്

ജർമനിയിൽ പ്രാദേശിക ഉത്സവത്തിനിടെ അജ്ഞാതൻ നടത്തിയ കത്തിയാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് പേരുടെ നില ഗുരുതരമാണ്. പടിഞ്ഞാറൻ ജർമൻ നഗരമായ സോളിംഗനിലായിരുന്നു സംഭവം. അക്രമിയെ കണ്ടെത്താനായി പോലീസ് വ്യാപകമായി തിരച്ചിൽ നടത്തുകയാണ്.

വെള്ളിയാഴ്ച രാത്രിയോടെയാണ് ആക്രമണമുണ്ടായത്. തത്സമയ ബാൻഡുകൾ പരിപാടികൾ അവതരിപ്പിക്കുന്ന മാർക്കറ്റ് സ്ക്വയറിൽ ഫ്രോൺഹോഫിലാണ് ആക്രമണമുണ്ടായതെന്ന് മേയറുടെ പ്രസ്താവനയിൽ പറയുന്നു. നഗരത്തിൻ്റെ 650-ാം വാർഷികം ആഘോഷിക്കുന്ന പരിപാടിയിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച മുതൽ ഞാറാഴ്ച വരെ നടക്കേണ്ടിയിരുന്ന പരിപാടി വൈവിധ്യങ്ങളുടെ ഉത്സവമായാണ് കണക്കാക്കുന്നത്. ഏകദേശം 10,000 ആളുകൾ നഗരമധ്യത്തിലെ ഫ്രോൺഹോഫ് മാർക്കറ്റ് സ്‌ക്വയറിലെ ലൈവ് മ്യൂസിക് ആസ്വദിക്കാനായി വേദിക്ക് ചുറ്റും ഒത്തുകൂടിയിരുന്നു.

ആക്രമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്റ്റേജിനു തൊട്ടുമുമ്പിലാണ് നിന്നിരുന്നത്. ഇരകളുടെ കഴുത്ത് ലക്ഷ്യമാക്കിയാണ് അക്രമി കത്തി വീശിയത്. രാത്രി 9.30 ഓടെയാണ് അടിയന്തര സേവനങ്ങൾ ആവശ്യപ്പെട്ട് അധികൃതർക്ക് ഫോൺ കോളുകൾ ലഭിച്ചത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട അക്രമിയെ കണ്ടെത്താൻ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങളും വലിയ സംഘത്തെയും വിന്യസിച്ചതായി പോലീസ് പറഞ്ഞു. നെതർലാൻഡ്‌സിൻ്റെ അതിർത്തിയിലുള്ള നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്താണ് സോളിംഗൻ. സോളിംഗനിൽ ഏകദേശം 160,000 നിവാസികളുണ്ട്. ഇത് കൊളോൺ, ഡസൽഡോർഫ് എന്നീ വലിയ ജർമൻ നഗരങ്ങൾക്കു സമീപമാണ് സ്ഥിതി ചെയ്യുന്നത്.

മുറിവേറ്റവരെ രക്ഷിക്കാൻ രക്ഷാസംഘങ്ങൾക്കു കഴിയുമെന്നും ഭീരുവും ദയനീയനുമായ കുറ്റവാളിയെ പിടികൂടാൻ പോലീസിനു കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി ഫെഡറൽ ആരോഗ്യ മന്ത്രി കാൾ ലൗട്ടർബാക്ക് പറഞ്ഞു. "ഞങ്ങളുടെ നഗരത്തിൻ്റെ വാർഷികം ഒരുമിച്ച് ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിച്ചു, ആക്രമണം ഹൃദയത്തെ വേദനിപ്പിക്കുന്നു. നഷ്ടപ്പെട്ടവരെകുറിച്ചോർത്ത് ദുഃഖം തോന്നുന്നു. ഇപ്പോഴും ജീവനുവേണ്ടി പോരാടുന്ന എല്ലാവർക്കും വേണ്ടി ഞാൻ പ്രാർഥിക്കുന്നു," സോളിംഗൻ മേയർ ടിം-ഒലിവർ കുർസ്ബാച്ച് പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന ആഭ്യന്തര മന്ത്രി ഹെർബർട്ട് റൂൾ സംഭവസ്ഥലം സന്ദർശിച്ചിട്ടുണ്ട്.

നിലവിൽ ആളുകളോട് പ്രദേശം വിട്ടുപോകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്സവത്തിന്റെ ബാക്കി പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി