യുഎസിലെ ലാസ് വെഗാസില്‍ സർവകലാശാലയില്‍ വെടിവെപ്പ്. നെവാഡ സർവകലാശാലയുടെ (യുഎൻഎൽവി) ലാസ് വെഗാസ് കാമ്പസിൽ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെടിവെപ്പിൽ പ്രതിയും കൊല്ലപ്പെട്ടതായാണ് വിവരം. ഈ വര്‍ഷം അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന എൺപതാമത്തെ സംഭവമാണിത്.
നെവാഡ സർവകലാശാലയിലെ ലീ ബിസിനസ് സ്‌കൂളിന്റെ കേന്ദ്രമായ ബീം ഹാളിന് സമീപം പ്രാദേശിക സമയം രാവിലെ 11:45 ഓടെയാണ് വെടിവെപ്പുണ്ടായത്. ബീം ഹാളിന് തൊട്ടടുത്തുള്ള സ്റ്റുഡന്റ് യൂണിയൻ കെട്ടിടത്തിനുനേരെയും ആക്രമണമുണ്ടായി.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12.37 ഓടെ പ്രതി മരിച്ചതായി പോലീസ് അറിയിച്ചു. വെടിയേറ്റ ഒരാളുടെ നില അതീവ ഗുരുതരമായിരുന്നെങ്കിലും നിലവിൽ തൃപ്തികരമാണെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് അധികൃതർ അറിയിച്ചു. ഇയാൾ ഒരു പ്രാദേശിക ആശുപത്രിയിൽ ചികിത്സയിലാണ്. യുഎൻഎൽവിയും സംസ്ഥാനത്തുടനീളമുള്ള മറ്റെല്ലാ തെക്കൻ നെവാഡ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.
അറുപത്തിയേഴുകാരനായ കരിയർ കോളേജ് പ്രൊഫസറാണ് പ്രതിയെന്ന് സൂചനകളുണ്ട്. എന്നാൽ യുഎൻഎൽവിയുമായുള്ള ഇയാളുടെ ബന്ധമെന്താണെന്ന് വ്യക്തമല്ല.
ക്യാമ്പസിൽ വെടിവെപ്പ് നടന്നുവെന്ന റിപ്പോർട്ടുകളോട് തത്സമയം പോലീസ് പ്രതികരിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രാദേശിക സമയം ഏകദേശം 11:53ന് യൂണിവേഴ്സിറ്റി ട്വീറ്റ് ചെയ്തിരുന്നു. ബീം ഹാളിലെ വിദ്യാർഥികൾക്ക് സുരക്ഷിത മേഖലയിലേക്ക് മാറാനും 'റൺ-ഹൈഡ്-ഫൈറ്റ്' ചെയ്യാനും മുന്നറിയിപ്പ് നൽകി.
ആക്രമണം നടത്താനുള്ള പ്രേരണയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ലാസ് വെഗാസ് മെട്രോപൊളിറ്റൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഷെരീഫ് കെവിൻ മക്‌മഹിൽ വ്യക്തമാക്കി. വെടിയേറ്റ മറ്റൊരാളുടെ തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. പരിഭ്രാന്തിയിലായ മറ്റ് നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നിസാര പരുക്കുകളോടെ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചികിത്സയിലാണ്.
യുഎൻഎൽവിയിലും ടെക്‌സാസിലും നടന്ന വെടിവെപ്പിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ദുഃഖം രേഖപ്പെടുത്തി. " ഭീകരമായ വെടിവെപ്പ് ആക്രമണങ്ങളുടെ ഭീതി പടർന്ന ഏറ്റവും ഒടുവിലത്തെ കോളേജ് ക്യാമ്പസാണ് യുഎൻഎൽവി. ഞാനും പ്രഥമ വനിത ജിൽ ബൈഡനും മരിച്ചവരുടെ കുടുംബങ്ങൾക്കായി പ്രാർത്ഥിക്കുന്നു. വെഗാസ് വെടിവെപ്പ് ഹൃദയഭേദകമായ വാർത്ത എന്ന് വിളിച്ച മേയർ കരോലിൻ ഗുഡ്മാൻ കാമ്പസിലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എന്നും പറഞ്ഞു. ഇന്നും നാളെയും യുഎൻഎൽവി കാമ്പസും അടച്ചിടും. കെട്ടിടങ്ങൾ ഓരോന്നായി ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.