സിറിയ- ജോർദാൻ അതിർത്തിക്ക് സമീപം അമേരിക്കയുടെ സൈനികത്താവളത്തിനുനേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്ക്. ഇറാൻ പിന്തുണനയുള്ള തീവ്രവാദ സംഘങ്ങളാണ് ആക്രമണത്തിനുപിന്നിലെന്നും തിരിച്ചടി നൽകുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
ജോർദാൻ-സിറിയ അതിർത്തിയിലെ ഉൾപ്പെടെ മൂന്ന് താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ മാതൃസംഘടനയായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് അവകാശപ്പെട്ടു
ഒക്ടോബർ ഏഴിനുശേഷം പശ്ചിമേഷ്യൻ മേഖല സംഘർഷഭരിതമായശേഷം ആദ്യമായാണ് അമേരിക്കൻ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുന്നത്. സിറിയയുടെ അതിർത്തിയോട് ചേർന്നുകിടക്കുന്ന വടക്കുകിഴക്കൻ ജോർദാനിലാണ് ആക്രമണമുണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ജോർദാൻ ഈ വാദം നിഷേധിച്ചു. സിറിയയിലാണ് ആക്രമണം നടന്നതെന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം.
ജോർദാൻ-സിറിയ അതിർത്തിയിലെ ഉൾപ്പെടെ മൂന്ന് താവളങ്ങളിൽ ആക്രമണം നടത്തിയതായി ഇറാൻ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ മാതൃസംഘടനയായ ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് അവകാശപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യൻ മേഖല ആകെ ആശങ്കയിലാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.
ആക്രമണം സ്ഥിരീകരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ശക്തമായ തിരിച്ചടിയു്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി. "ആക്രമണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെങ്കിലും സിറിയയിലും ഇറാഖിലും പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള തീവ്ര സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് ഞങ്ങൾക്കറിയാം. ഉത്തരവാദികളായവർക്കെല്ലാം കൃത്യസമയത്ത് തിരിച്ചടി നൽകുമെന്നതിൽ സംശയമൊന്നും വേണ്ട," ബൈഡൻ പറഞ്ഞു.
പുലർച്ചെയായിരുന്നു ഡ്രോൺ ആക്രമണമെന്നും അതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ ഇടയാക്കിയതെന്നുമാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ 34 പേർക്കെങ്കിലും പരുക്കേറ്റതായി യു എസ് സെൻട്രൽ കമാൻഡിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എട്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി ജോർദാനിൽനിന്ന് മാറ്റിയിട്ടുണ്ട്.
യെമനിലെ ഹൂതി വിഭാഗം ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾക്ക് നേരെയും ആക്രമണം നടത്തിയിരുന്നു
ഒക്ടോബർ ഏഴിന് ശേഷം ഏകദേശം 150 തവണയെങ്കിലും അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാഖിലും സിറിയയിലുമുള്ള തീവ്ര ഗ്രൂപ്പുകൾ ആക്രമണം നടത്തിയിട്ടുണ്ട്. അന്നൊക്കെ ആളുകൾക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നില്ല. യെമനിലെ ഹൂതി വിഭാഗം ചെങ്കടലിലെ അമേരിക്കൻ കപ്പലുകൾക്കുനേരെയും ആക്രമണം നടത്തിയിരുന്നു.
ഇറാനുമേൽ സമ്മർദ്ദം ചെലുത്താൻ ബൈഡന് കഴിയാതെ പോയതിന്റെ തെളിവാണ് പശ്ചിമേഷ്യയിൽ അമേരിക്കയ്ക്ക് നേരിടുന്ന തിരിച്ചടികളെന്ന് റിപ്പബ്ലിക്കൻ പാർട്ടി ആരോപിച്ചിരുന്നു. ഇറാൻ തീവ്ര സേനകൾക്കെതിരെ സൈനിക നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം ജോ ബൈഡൻ ഒരു ഭീരുവാണെന്ന് തെളിയുമെന്ന് റിപ്പബ്ലിക്കൻ നേതാവ് തിങ്കളാഴ്ച പറഞ്ഞു.
കഴിഞ്ഞ മാസം, വടക്കൻ ഇറാഖിലെ ഒരു താവളത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ മൂന്ന് യുഎസ് സൈനികർക്ക് പരുക്കേറ്റതിനെത്തുടർന്ന് ഇറാനുമായി ബന്ധപ്പെട്ട ഗ്രൂപ്പുകൾക്കെതിരെ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു.