അഫ്ഗാനിസ്ഥാനില്‍ സദാചാരക്കുറ്റം ആരോപിച്ച് മൂന്ന് സ്ത്രീകളുള്‍പ്പെടെ 12 പേരെ ജനമധ്യത്തില്‍ ചാട്ടവാറിനടിച്ച് താലിബാന്‍ ഭരണകൂടം. ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലാണ് താലിബാന്റെ പ്രാകൃത ശിക്ഷാ നടപടി.വ്യഭിചാരം, മോഷണം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് താലിബാന്റെ നടപടി. ഈമാസം രണ്ടാം തവണയാണ് താലിബാന്‍ പൊതു മധ്യത്തില്‍ ചാട്ടവാറടി നടത്തുന്നത്. ശിക്ഷയ്ക്ക് ശേഷം കൂട്ടത്തിലെ മൂന്ന് സ്ത്രീകളെയും സ്വതന്ത്രരാക്കിയെന്നും എന്നാല്‍ പുരുഷന്മാരില്‍ ചിലരെ ജയിലിലടച്ചെന്നും താലിബാന്റെ വക്താവായ ഒമര്‍ മന്‍സൂര്‍ മുജാഹിദ് അറിയിച്ചു.
21 മുതല്‍ 39 തവണ വരെയാണ് ഓരോരുത്തരേയും അടിച്ചത്. കഴിഞ്ഞയാഴ്ച വടക്കന്‍ അഫ്ഗാനില്‍ സമാനമായ രീതിയില്‍ 19 പേര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്‍സാദ രാജ്യത്തെ ജഡ്ജിമാരോട് ഇസ്ലാമിക് ശരിഅത്ത് അനുസരിച്ച് വേണം കുറ്റങ്ങള്‍ക്ക് ശിക്ഷ വിധിക്കാന്‍ എന്ന നിര്‍ദേശം നല്‍കി ദിവസങ്ങള്‍ക്കുള്ളിലാണ് അതിക്രൂരമായ ശിക്ഷാവിധി നടപ്പാക്കിയത്. രാജ്യത്ത് സ്ത്രീകള്‍ ഒളിച്ചോടുകയും വീട് വിട്ട് ഇറങ്ങിപ്പോകുകയും ചെയ്യുന്നത് പതിവായെന്നാണ് കടുത്ത ശിക്ഷാ നടപടികളെ ന്യായീകരിക്കാന്‍ താലിബാന്‍ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകള്‍ക്കെതിരായ ശിക്ഷകള്‍ കൂടുതല്‍ കടുപ്പിക്കുമെന്നും താലിബാന്‍ നേതൃത്വം പറയുന്നു. വിദ്യാഭ്യാസത്തിന് വിലക്കേര്‍പ്പെടുത്തുന്നത് പോലും സ്ത്രീകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണെന്നാണ് വിശദീകരണം.
1990കളിലെ താലിബാന്‍ ഭരണത്തിനെ ഓര്‍മിപ്പിക്കുന്ന ക്രൂരതകളിലേക്ക് ഇപ്പോഴത്തെ ഭരണകൂടം നീങ്ങുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് അഫ്ഗാന്‍ ഭരണം താലിബാന്‍ കയ്യാളുന്നത്. ഇതിന് ശേഷം സ്ത്രീകളുടെ അവകാശങ്ങള്‍ തുടരെ നിഷേധിക്കപ്പെടുന്നതാണ് അഫ്ഗാനിലെ കാഴ്ച. വലിയ മനുഷ്യാവകാശ ലംഘനവും വിവേചനവുമാണ് രാജ്യത്തെ സ്ത്രീകള്‍ നേരിടുന്നത്. നിലവില്‍ ആറാംക്ലാസിന് മുകളില്‍ പഠനം തുടരാന്‍ സ്ത്രീകള്‍ക്ക് വിലക്കുണ്ട്.
വിദ്യാഭ്യാസം, ജോലി, പൊതു പങ്കാളിത്തം, ആരോഗ്യം, എന്നിങ്ങനെ അഫ്ഗാന്‍ സ്ത്രീകളുടെ എല്ലാ അവകാശങ്ങളും ലംഘിക്കപ്പെടുകയാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ബന്ധുക്കളുടെ കൂടെ മാത്രമേ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമുളളു. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന 80 ശതമാനം സ്ത്രീകള്‍ക്കും ജോലി നഷ്ടപ്പെട്ടു. സമാനമായ രീതിയില്‍ സുരക്ഷാ രംഗത്ത് ജോലി ചെയുന്ന സ്ത്രീകള്‍ക്കും ജോലി നഷ്ടപ്പെട്ടു. രാജ്യത്തെ 18 ദശലക്ഷം സ്ത്രീകള്‍ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക അവകാശങ്ങള്‍ എന്നിവയ്ക്കായി പോരാടുകയാണ്.