WORLD

ഇന്ത്യയിലെ ടിക് ടോക്ക് നിരോധനം; സുരക്ഷ ഭീഷണിയടക്കം ആരോപണങ്ങൾ തള്ളി ടിക് ടോക്ക് സിഇഒ

ഇന്ത്യൻ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചൈനയ്ക്ക് ഇപ്പോഴും ആക്സസ് ചെയ്യാൻ സാധിക്കുമെന്ന് ഫോബ്സ് റിപ്പോർട്ട് ചെയ്തിരുന്നു

വെബ് ഡെസ്ക്

ചൈനീസ് ആപ്പായ ടിക് ടോക്കിനെ കുറിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുമ്പോട്ട് വച്ച ആരോപണങ്ങളെ തള്ളി ടിക് ടോക്ക് സിഇഓ ഷൗ സി ച്യൂ. ആരോപണങ്ങളെല്ലാം സാങ്കല്‍പികവും സിദ്ധാന്തങ്ങളും മാത്രമാണെന്നും ദേശീയ സുരക്ഷയ്ക്ക് ടിക്ടോക്ക് ഭീഷണിയാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെന്നും യുഎസ് കോൺഗ്രസിന് നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

ടിക് ടോക്ക് ഉപയോഗിച്ച് ചൈന പൗരന്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാരോപിച്ച് അമേരിക്ക ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടർന്ന് ആപ്പിന്റെ ഡാറ്റ സുരക്ഷ, സ്വകാര്യതാ രീതികൾ, സർക്കാരുമായുള്ള ബന്ധങ്ങൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വിശദീകരിക്കുന്നതിനുമായി ടിക് ടോക്ക് സിഇഒ ഷൗ സി ച്യൂ കോൺഗ്രസിന് മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ടിക് ടോക്കിനെ രാജ്യത്ത് നിലനിർത്തണമെങ്കിൽ ബൈറ്റ്ഡാൻസിനെ ഉടമസ്ഥതയിൽ നിന്ന് മാറ്റി അമേരിക്കൻ കമ്പനിയെ കൊണ്ടുവരണമെന്നാണ് യുഎസിൻ്റെ ആവശ്യം.

നാല് മണിക്കൂര്‍ നീണ്ട് നിന്ന വാദത്തില്‍ ചൈനീസ് സാങ്കേതിക കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ആപ്പ് ചൈനീസ് സര്‍ക്കാരിനോ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കോ ഡാറ്റ പങ്കുവെച്ചിട്ടില്ലെന്നും യുഎസിലെ 1233 കോടിയിലധികം വരുന്ന ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോരുന്നതിന് ഇത് കാരണമാകില്ലെന്നും ഷൗ സി ച്യൂ ആവര്‍ത്തിച്ചു പറഞ്ഞു.

ഇന്ത്യയുള്‍പ്പെടെ ടിക് ടോക് നിരോധിച്ച മറ്റ് രാജ്യങ്ങളുടെ നടപടി തെറ്റാണോയെന്ന യുഎസ് നിയമനിര്‍മ്മാതാവ് ഡെബി ലെസ്‌കോയുടെ ചോദ്യത്തിന് ടിക് ടോക്കിനെ കുറിച്ച് രാജ്യങ്ങള്‍ മുമ്പോട്ട് വെച്ച അപകടസാധ്യതകള്‍ സാങ്കല്‍പികവും സിദ്ധാന്തങ്ങളും മാത്രമാണെന്നും അതിനുള്ള തെളിവുകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും ച്യൂ അവകാശപ്പെട്ടു.

ഈ വര്‍ഷം മാര്‍ച്ച് 21ന് ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ട റിപ്പോർട്ടിൽ ടിക് ടോക് ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ പൗരന്മാരുടെ ഡാറ്റ കമ്പനിയിലെ ജീവനക്കാര്‍ക്കും ബെയ്ജിങ് ആസ്ഥാനമായുള്ള മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സിനും വ്യാപകമായി ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്ന പരാമര്‍ശം യുഎസ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുകയുണ്ടായി.

നിരോധിക്കുന്നതിന് മുന്‍പ് ടിക് ടോക്കിന് ഇന്ത്യയില്‍ ഏകദേശം 15 കോടിയിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ടായിരുന്നു. നിരോധനം നിലവിലുണ്ടെങ്കിലും ഉപയോക്താക്കളുടെ ഡേറ്റ ചൈനയില്‍ എത്രത്തോളം ലഭ്യമാണെന്ന് ഇന്ത്യയ്ക്കാര്‍ക്ക് അറിയില്ലെന്ന് കരുതുന്നുവെന്നും കമ്പനിയിലെ ജീവനക്കാര്‍ക്കെല്ലാം ഈ വിവരങ്ങള്‍ എടുക്കാന്‍ സാധ്യമാണെന്നും ടിക് ടോക് ജീവനക്കാരന്‍ ഫോബ്‌സിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട് . 2020ലാണ് ഇന്ത്യ ദേശീയ സുരക്ഷ കണക്കിലെടുത്ത് ആപ്പ് നിരോധിച്ചത്.

എന്നാല്‍ ഫോബ്‌സിൻ്റെ റിപ്പോർട്ട് പരിശോധിക്കാന്‍ ടീമിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഇയോ അറിയിച്ചു. 'തങ്ങള്‍ക്ക് കര്‍ശനമായ ഡാറ്റ ആക്‌സസ് പ്രോട്ടോക്കോളുകളുണ്ട്. എല്ലാവര്‍ക്കും ടൂളുകള്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നത് സത്യമല്ലെന്നും റിപ്പോർട്ടിലെ നിഗമനങ്ങളോട് വിയോജിക്കുന്നതായും' അദ്ദേഹം കൂട്ടിചേര്‍ത്തു.

യു എസ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകാതിരിക്കാനും കൃത്രിമത്വം നടക്കാതിരിക്കാതെ ശ്രദ്ധിക്കാനും കമ്പനി പ്രതിജ്ഞാബദ്ധരാണെന്ന് ഷൗ സി ച്യൂ യുഎസ് കോൺഗ്രസ്സിന് മുമ്പാകെ വ്യക്തമാക്കി. എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനത്തില്‍ ബെയ്ജിംങ്ങിന് സ്വാധീനമില്ലെന്ന് നൂറ് ശതമാനം ഉറപ്പ് നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.

ഉപയോക്താക്കളുടെ ഡാറ്റ ചോരുന്നെന്നും ദേശീയ സുരക്ഷയ്ക്ക് ഇത് ഭീഷണിയാകുമെന്നും ഉന്നയിച്ച് ഇന്ത്യയ്ക്കും അമേരിയ്ക്കയ്ക്കും പുറമെ യുകെയും ടിക് ടോക്കിന് നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങിയിരിക്കുകയാണ്. സർക്കാർ ജീവനക്കാരും ഉദ്യോഗസ്ഥരും ടിക് ടോക്ക് ഫോണിൽ നിന്ന് മാറ്റണമെന്നുള്ള നിർദ്ദേശങ്ങളും പുറത്ത് വന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ