പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സാമൂഹ്യമാധ്യമമായ ടിക് ടോക്കിന് വൻ തുക പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. 34.5 കോടി യൂറോയാണ് പിഴയീടാക്കിയത്. കുട്ടികളുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തതിലെ അപാകത ചൂണ്ടിക്കാട്ടിയാണ് നടപടി. യൂറോപ്പിലുടനീളം ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (ജിഡിപിആര്‍) നിയമങ്ങള്‍ ടിക്ടോക്ക് ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.
ടിക്ടോക്ക് ഉപയോക്താക്കളായ കുട്ടികളുടെ അക്കൗണ്ടുകള്‍ ഡീഫാള്‍ട്ടായി തന്നെ പബ്ലിക്കാക്കി വയ്ക്കുന്ന രീതിയാണ് ടിക്ടോക്ക് അവലംബിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. കുട്ടികളുടെ അക്കൗണ്ടുകളിലെ കമന്റ് ബോക്‌സും പബ്ലിക് ആണ്. 13 വയസുള്ള ഒരു കുട്ടിയുടെ അക്കൗണ്ട് പബ്ലിക്ക് ആക്കുന്നതിലൂടെയുണ്ടാകുന്ന പ്രത്യാഘാതങ്ങളൊന്നും ടിക്ടോക്ക് കണക്കിലെടുത്തിട്ടില്ലെന്നാണ് വിലയിരുത്തല്‍.
അതായത്, ആര്‍ക്കും അക്കൗണ്ടിലെ ഉള്ളടക്കം കാണാനോ അതില്‍ അഭിപ്രായമറിയിക്കാനോ കഴിയും. മാത്രമല്ല കുട്ടികളുടെ അക്കൗണ്ട് ക്രമീകരണങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാവുന്ന ടിക്ടോക്കിലെ ഫാമിലി പെയറിങ് സ്‌കീമില്‍ കുട്ടികള്‍ പെയര്‍ ചെയ്തിരിക്കുന്നത് മാതാപിതാക്കളെയാണോ അതോ ഗാര്‍ഡിയനെയാണോ അല്ലെങ്കില്‍ മറ്റാരെങ്കിലുമാണോ എന്നത് പരിശോധിക്കാന്‍ പോലും സജ്ജീകരണങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ടിക് ടോക്ക്, പ്ലാറ്റ്ഫോമിലേക്ക് പ്രവേശനം നേടിയ പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കള്‍ക്ക് ഉണ്ടാകുന്ന അപകടസാധ്യത ശരിയായി കണക്കിലെടുത്തില്ലെന്ന് ഡേറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി) വ്യക്തമാക്കി. ടിക്ടോക്കിലെ ഡ്യുവെറ്റ് , സ്റ്റിച്ച് ഫീച്ചറുകള്‍ മറ്റ് ഉപയോക്താക്കളുമായി കണ്ടന്റുകള്‍ യോജിപ്പിക്കാൻ കഴിയുന്ന വിധമാണ്. എന്നാല്‍, ഉപയോക്താക്കളുടെ പ്രായം പരിശോധിക്കുന്നതിനുള്ള രീതികളുടെ അടിസ്ഥാനത്തില്‍ ജിഡിപിആറിന്റെ ലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
മാതാപിതാക്കളുടെ സമ്മതമില്ലാതെ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന 13 വയസ്സിന് താഴെയുള്ള 1.4 ദശലക്ഷം കുട്ടികളുടെ വിവരങ്ങള്‍ നിയമവിരുദ്ധമായി പ്രോസസ്സ് ചെയ്തതിന് യുകെ ഡാറ്റ റെഗുലേറ്റര്‍ ടിക് ടോക്കിന് ഏപ്രിലില്‍ 12.7 മില്യണ്‍ പൗണ്ട് പിഴ ചുമത്തിയതിന് പിന്നാലെയാണ് പുതിയ നടപടി. ആരാണ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്ന് പരിശോധിക്കാന്‍ ടിക്ടോക്ക് വളരെ കുറച്ച് ക്രമീകരണങ്ങളെ ചെയ്തിട്ടുള്ളെന്നാണ് ഡിപിസി കണ്ടെത്തിയിരിക്കുന്നത്.
അതേസമയം 2020 ജൂലൈ 31 നും ഡിസംബര്‍ 31 നും ഇടയിലുള്ള കമ്പനിയുടെ പ്രൈവസി സജ്ജീകരണമാണ് അന്വേഷണ സംഘം പരിശോധിച്ചതെന്നും അന്വേഷണത്തില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിച്ചതായും കമ്പനി പ്രതികരിച്ചു. 13നും 15നുമിടയില്‍ പ്രായമുള്ളവര്‍ക്കായി നിലവിലുള്ളതും പുതിയതുമായ എല്ലാ TikTok അക്കൗണ്ടുകളും സ്വകാര്യമായാണ്(Private) സജ്ജീകരിച്ചിരിക്കുന്നത് (അതായത് ഉപയോക്താവ് അംഗീകരിച്ച ആളുകള്‍ക്ക് മാത്രമേ അവരുടെ ഉള്ളടക്കം കാണാന്‍ കഴിയൂ). ഇത് 2021 മുതല്‍ ഡിഫോള്‍ട്ടായി എന്നും ടിക്ടോക് വിശദീകരിച്ചു. പിഴ ഈടാക്കിയ നടപടിയോട് പ്രത്യേകിച്ച് പിഴയുടെ തോതിനോട് ആദരവോടെ വിയോജിക്കുന്നുവെന്നും ടിക്ടോക്ക് വ്യക്തമാക്കി.
ഡിപിസിയുടെ വിമര്‍ശനങ്ങള്‍ മൂന്ന് വര്‍ഷം മുമ്പ് നിലവിലുണ്ടായിരുന്ന ഫീച്ചറുകളുടേയും ക്രമീകരണങ്ങളുടേയും അടിസ്ഥാനത്തിലാണ്. കൂടാതെ അന്വേഷണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ മാറ്റങ്ങള്‍ വരുത്തിയിരുന്നെന്നും ടിക്ടോക്ക് അറിയിച്ചു. അതായത് 16 വയസ്സിന് താഴെയുള്ള എല്ലാ അക്കൗണ്ടുകളും ഡിഫോള്‍ട്ടായി തന്നെ പ്രൈവറ്റായാണ് സജ്ജീകരിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.