WORLD

പത്തില്‍ ഒമ്പത് കുടുംബങ്ങളും പട്ടിണിയില്‍; ശ്രീലങ്കന്‍ പ്രതിസന്ധിയുടെ നാൾവഴികൾ

വെബ് ഡെസ്ക്

ഭരണാധികാരികളില്‍ വിശ്വാസം നഷ്ടപ്പെട്ട ജനത ശ്രീലങ്കൻ തെരുവുകളിൽ പ്രതിഷേധത്തിലാണ്. ദാരിദ്ര്യവും പട്ടിണിയും മൂലം ജീവിതം ദുസ്സഹമായപ്പോഴാണ്, ജനം രജപക്‌സെ കുടുംബത്തിന്റെ ഭരണം അവസാനിപ്പിക്കാൻ തെരുവിലിറങ്ങിയത്. ജനരോഷത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ, സര്‍ക്കാര്‍ നിലംപതിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് ദ്വീപുരാജ്യം കടന്നുപോകുന്നത്. ഇന്ധനം, പാൽ, പാചകവാതകം തുടങ്ങിയ അവശ്യസാധനങ്ങൾ പോലും ഇറക്കുമതി ചെയ്യാൻ സാധിക്കാതെ നട്ടംതിരിയുകയാണ് സര്‍ക്കാര്‍. ദീര്‍ഘവീക്ഷണമില്ലാത്ത സാമ്പത്തിക നയങ്ങള്‍ക്കൊപ്പം, ഭരണ കെടുകാര്യസ്ഥതയുമാണ് ശ്രീലങ്കയെ ഇത്തരമൊരു അവസ്ഥയില്‍ കൊണ്ടെത്തിച്ചത്.

എന്താണ് നിലവിലെ പ്രതിസന്ധി?

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് പ്രധാന കാരണം. സര്‍ക്കാരിന് 51 ബില്യൺ ഡോളര്‍ വായ്പാ കുടിശ്ശികയുണ്ട്. വിദേശ വായ്പയുടെ പലിശ തിരിച്ചടവ് പോലും സാധ്യമാകുന്നില്ല. 2019ലെ ഭീകരാക്രമണം സൃഷ്‌ടിച്ച സുരക്ഷാ ആശങ്കകളും, കോവിഡ് വ്യാപനവും രാജ്യത്തിൻറെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നായിരുന്ന ടൂറിസം മേഖലയെ സാരമായി ബാധിച്ചു. ശ്രീലങ്കൻ രൂപയുടെ മൂല്യം 80 ശതമാനത്തോളം ഇടിഞ്ഞു. അതോടെ, പണപ്പെരുപ്പം അനിയന്ത്രിതമായി. ഇറക്കുമതി ചെലവുകൾ കുത്തനെ ഉയർന്നു. മതിയായ വിദേശനാണ്യ ശേഖരം ഇല്ലാതായതോടെ, ഇറക്കുമതിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവന്നു. ഭക്ഷണ വിലയിൽ ഉള്‍പ്പെടെ ഇരട്ടിയോളം വര്‍ധനയുണ്ടായി. ഇന്ധനവും പാചകവാതകവും, അവശ്യവസ്തുക്കളും കിട്ടാതായതോടെ ജനം സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. ജനരോഷത്തെ തടയാനാകാതെ ഭരണനേതൃത്വത്തിന് അധികാരം വിട്ടൊഴിയേണ്ടിവന്നു.

പത്തില്‍ ഒമ്പത് കുടുംബങ്ങളും പട്ടിണിയില്‍

ദ്വീപുരാജ്യമായ ശ്രീലങ്ക ഭക്ഷണത്തിന് ക്ഷാമം നേരിടുന്ന പ്രദേശമല്ല. എന്നാൽ, നിലവിൽ ശ്രീലങ്കയിലെ 10 കുടുംബങ്ങളിൽ ഒമ്പതും പട്ടിണിയിലാണെന്നാണ് യു.എൻ. വേൾഡ് ഫുഡ് പ്രോഗ്രാം പറയുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കുമായി രാജ്യത്തെ ഡോക്ടർമാർ സോഷ്യൽ മീഡിയയിൽ സഹായം അഭ്യര്‍ത്ഥിക്കേണ്ട സാഹചര്യമാണ്. വിദേശത്ത് ജോലി തേടി പോകാനായി പാസ്സ്പോർട്ടിന് അപേക്ഷിക്കുന്നവരുടെ എണ്ണവും കൂടി.

സർക്കാര്‍ എന്ത് നടപടി സ്വീകരിച്ചു?

ഇന്ത്യ കൈമാറിയ 4 ബില്യൺ ഡോളറിന്റെ പിന്തുണയാണ് ശ്രീലങ്കയ്ക്ക് ഇടക്കാലാശ്വാസമായത്. കൂടുതൽ ചർച്ചകൾക്കായി ഇന്ത്യൻ പ്രതിനിധി ജൂണിൽ തലസ്ഥാനമായ കൊളംബോയിൽ എത്തിയിരുന്നു. ധനമന്ത്രി കൂടിയായ മുൻ പ്രധാനമന്ത്രി വിക്രമസിംഗെയുമായി ഐ.എം.എഫ് ഒരു വട്ടം നയതന്ത്ര ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. അതേസമയം, ധന മേഖലയിൽ സ്വീകരിച്ച നടപടികൾ പൂർത്തിയായെന്ന നിലപാടിലാണ് സെൻട്രൽ ബാങ്ക് ഗവർണർ നന്ദലാൽ വീരസിംഗ

ശ്രീലങ്കയിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഐ.എം.എഫ് സീനിയർ മിഷൻ ചീഫ് പീറ്റർ ബോയറും, മിഷൻ ചീഫ് മസാഹിറോ നൊസാകിയും ഞായറാഴ്ച പറഞ്ഞു. ജൂൺ ആദ്യം, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ പിന്തുണയ്ക്കായി ഐക്യരാഷ്ട്രസഭ പൊതു അഭ്യർത്ഥന നടത്തിയിരുന്നു. യു.എസ്., ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ സർക്കാറുകളുടെ ഭാഗത്തുനിന്നും പിന്തുണ ലഭിച്ചിരുന്നു. ശ്രീലങ്ക ചൈനയോടും കൂടുതൽ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

Ajay Seth, Ranil Wickremesinghe, Vinay Kwatra, Dr. V. Anantha Nageswaran (Left to Right)

പ്രതിസന്ധിയുടെ നാൾവഴികൾ

2019 -അധികാരത്തിലെത്തിയ ഉടനെ ഗോതബായ രജ്പക്സെ വൻ നികുതി ഇളവ് പ്രഖ്യാപിച്ചു. നികുതി ഘടനയിലെ മാറ്റം വന്‍ വരുമാന നഷ്ടമുണ്ടാക്കി.

2020- ടൂറിസം വ്യവസായത്തില്‍ കോവിഡ് മഹാമാരിയുണ്ടാക്കിയ ആഘാതം, ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് തിരിച്ചടിയായി. ജിഡിപി 3.6 ശതമാനത്തിലേക്ക് ഇടിഞ്ഞു.

2021 ഏപ്രില്‍- ശ്രീലങ്ക സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തികമാന്ദ്യം പ്രഖ്യാപിച്ചു. രാസവളവും കീടനാശിനിയും പൂര്‍ണമായി നിരോധിച്ചു. അതോടെ, വന്‍തോതിലുള്ള വിളനാശം സംഭവിച്ചു. ഭക്ഷ്യവസ്തുക്കള്‍ക്കായി ഇറക്കുമതിയെ കൂടുതല്‍ ആശ്രയിക്കേണ്ടി വന്നു. ഇത് വിദേശനാണ്യ ശേഖരം കുറയാന്‍ കാരണമായി.

ആഗസ്റ്റ് 2021 -ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനും പഞ്ചസാര, അരി ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവെപ്പ് തടയുന്നതിനുമായി ഗോതബായ 'ഭക്ഷ്യ അടിയന്തരാവസ്ഥ' ഏര്‍പ്പെടുത്തി.

മാര്‍ച്ച് 2022

സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ സര്‍ക്കാരിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

മാര്‍ച്ച് 31

കൊളംബോയിലെ പ്രസിഡന്റിന്റെ വസതിയിലേക്ക് സമരക്കാര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമായി

ഏപ്രില്‍ 1- ജനങ്ങള്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പ്രസിഡന്റ് ഗോതബായ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഏപ്രില്‍ 3- രജപക്സെ സര്‍ക്കാരില്‍നിന്ന് 26 മന്ത്രിമാര്‍ രാജിവച്ചു. രജപക്‌സെ കുടുംബത്തിലെ മൂന്ന് അംഗങ്ങളും അവരുടെ കാബിനറ്റ് സ്ഥാനം രാജിവച്ചു

ഏപ്രില്‍ 4- പ്രതിഷേധം ശക്തമാകുന്നതിനിടെ ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അജിത് നിര്‍വാദ് കബ്രാല്‍ രാജിവച്ചു. നന്ദലാല്‍ വീരസിംഗ് പകരം ചുമതലയേറ്റു. ബേസില്‍ രജപക്‌സെക്കു പകരം അലി സാബ്രി പുതിയ ധനമന്ത്രിയായി.

ഏപ്രില്‍ 5- അടിയന്തരാവസ്ഥ പിന്‍വലിച്ചു. 40ലധികം എംപിമാര്‍ സഖ്യത്തില്‍ നിന്ന് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് ഭരണപക്ഷത്തിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. സ്ഥാനമേറ്റ് 24 മണിക്കൂര്‍ തികയുന്നതിനു മുമ്പ് അലി സാബ്രി രാജിവച്ചു.

ഏപ്രില്‍ 8 - ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് പലിശ നിരക്ക് ഇരട്ടിയാക്കി

ഏപ്രില്‍ 9- അലി സാബ്രി വീണ്ടും പദവിയില്‍ തിരിച്ചെത്തി

ഏപ്രില്‍ 13- ഗോതബായ രജപക്സെയ്ക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിലും സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിലും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ ഒപ്പുവച്ചു.

ഏപ്രില്‍ 14- പ്രതിസന്ധികള്‍ക്കിടയിലും പ്രസിഡന്റിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധക്കാരുടെ പുതുവത്സരാഘോഷം

ഏപ്രില്‍ 16 - ശ്രീലങ്ക പലിശനിരക്ക് ഉയര്‍ത്തുകയും വിദേശ കടത്തില്‍ വീഴ്ച്ച വരുത്തുകയും ചെയ്തതിനെ തുടര്‍ന്ന് കൊളംബോ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അഞ്ച് ദിവസത്തെ വ്യാപാരം നിര്‍ത്തിവച്ചു.

ഏപ്രില്‍ 18- ഗോതബായ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു.

ഏപ്രില്‍ 19- പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ആദ്യ മരണം.

ഏപ്രില്‍ 24- രാജി ആവശ്യവുമായി വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വസതി വളഞ്ഞു.

ഏപ്രില്‍ 28- പ്രതിഷേധക്കാര്‍ രാജ്യവ്യാപകമായി പണിമുടക്ക് നടത്തി.

മെയ് 6- രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മെയ് 9- കലാപത്തിനിടയില്‍ ഒരു എംപി ഉള്‍പ്പെടെ നിരവധിപേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭകര്‍ വസതിയിലേക്ക് ഇരച്ചു കയറാന്‍ ശ്രമിക്കുന്നതിനു മുമ്പായി പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ വസതി വിട്ടു. പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

മെയ് 12- മുന്‍ മുഖ്യമന്ത്രി റനില്‍ വിക്രമസിംഗയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു.

മെയ് 14- കര്‍ഫ്യു ഇളവ് ചെയ്തു

മെയ് 21- രണ്ടാഴ്ച്ചയ്ക്കുശേഷം അടിയന്തരാവസ്ഥ പിന്‍വലിച്ചു.

ജൂണ്‍ 9- യുഎന്‍ 47 മില്യണ്‍ ഡോളറിന്റെ സഹായപദ്ധതി അവതരിപ്പിച്ചു.

ജൂലൈ 6- രാഷ്ട്രപതിഭവന് സമീപം പ്രതിഷേധിച്ചതിന് മുന്‍ എംപി ഹിരുണിക പ്രേമചന്ദ്രയെ അറസ്റ്റ് ചെയ്തു.

ജൂലൈ 8- ഐജിപി ചന്ദന വിക്രംസിംഗെ പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചു, അടുത്ത ദിവസം നീക്കി.

ജൂലൈ 9- പ്രസിഡന്റ് ഔദ്യോഗിക വസതിയില്‍ നിന്നും ഒളിച്ചോടി. വസതി പ്രതിഷേധക്കാര്‍ കൈയ്യേറി.

സെക്രട്ടറിയേറ്റും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും സ്വകാര്യ വസതിയും പ്രതിഷേധക്കാര്‍ കൈയ്യടക്കി.

ജനരോഷം അനിയന്ത്രിതമായതോടെ, സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് വിക്രമസിംഗെ അറിയിച്ചു.

അര്‍ദ്ധരാത്രിയോടെ, പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ സ്വകാര്യവസതി കത്തിച്ചു.

ഗോതബായ രജപക്സെ പ്രസിഡന്റ് സ്ഥാനം ജൂലൈ 13 നു രാജി വെക്കുമെന്ന് സ്പീക്കർ അറിയിച്ചു.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്