WORLD

യുദ്ധത്തിന്റെ രണ്ട് വർഷം; അനിശ്ചിതത്വത്തിന്റെ നടുവില്‍ യുക്രെയ്‌ന്‍ ജനത

യുദ്ധം എത്തരത്തില്‍ അവസാനിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇന്നും തുടരുകയാണ്. ഈ അനിശ്ചിതത്വത്തിലാണ് യുക്രെയ്‌‍നിലെ ഓരോ സാധാരണക്കാരും കടന്നുപോകുന്നത്

വെബ് ഡെസ്ക്

റഷ്യന്‍ മിസൈലുകള്‍ കഴിഞ്ഞ മാസം തകർത്തെറിഞ്ഞ യുക്രെയ്‌നിലെ തന്റെ സ്കൂള്‍ സന്ദർശിക്കുന്നത് ല്യുഡ്മില പൊളോവ്കൊയുടെ ദിനചര്യയായി മാറിക്കഴിഞ്ഞു. പൊട്ടിച്ചിതറിയ ഗ്ലാസുകളുടേയും കത്തിക്കരിഞ്ഞ പുസ്തകത്താളുകളുടേയും മുകളിലൂടെ നടക്കുമ്പോള്‍ പൊളോവ്കോയുടെ ആശങ്ക കുട്ടികള്‍ തിരികെ സ്കൂളിലേക്ക് എത്തുന്ന ദിനം സ്വപ്നമായി മാത്രം മാറുമോ എന്നാണ്. സ്കൂളിന്റെ 60 വർഷങ്ങള്‍ എത്തരത്തില്‍ ആഘോഷിക്കാം എന്നതില്‍ നിന്ന് യുദ്ധത്തെ എങ്ങനെ അതിജീവിക്കാമെന്നതിലേക്കു മാറിയിരിക്കുന്നു പൊളോവ്കോയുടെ ചിന്തകള്‍.

"ഞങ്ങളുടെ ആളുകള്‍ മരിക്കുന്നത് നേരിട്ട് കണ്ടും കേട്ടും മടുത്തിരിക്കുന്നു. മിസൈലുകളുടെ ശബ്ദങ്ങള്‍ കാരണം ഉറങ്ങാന്‍ സാധിക്കുന്നില്ല. കെട്ടിടങ്ങളും സ്മാരങ്ങളും പൂർണമായും തകർന്നനിലയിലേക്ക് എത്തിയത് കാണുന്നത് കയ്പേറിയ അനുഭവമാണ്. നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്," പൊളോവ്കൊ എഎഫ്‌പിയോട് പറഞ്ഞു.

യുക്രെ‌യ്‌നിലെ റഷ്യന്‍ അധിനിവേശം രണ്ടാം വർഷത്തിലെത്തിനില്‍ക്കുയാണ്. യുദ്ധം എത്തരത്തില്‍ അവസാനിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം ഇന്നും തുടരുകയാണ്. ഈ അനിശ്ചിതത്വത്തിലാണ് യുക്രെയ്‌‍നിലെ ഓരോ സാധാരണക്കാരും കടന്നുപോകുന്നത്.

''റഷ്യന്‍ സൈന്യം വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളുടെ പക്കല്‍ ആയുധങ്ങളും ഷെല്ലുകളും കുറവാണ്. ഞങ്ങളുടെ നിരവധി സഹപ്രവർക്കർക്ക് പരുക്കേറ്റിരിക്കുന്നു. പലരുടേയും നില അതീവഗുരുതരമാണ്. അവസ്ഥ ഓരോദിവസവും മോശമായിക്കൊണ്ടിരിക്കുന്നു,'' റഷ്യ കഴിഞ്ഞ മേയില്‍ പിടിച്ചെടുത്ത ബാഖ്മത്തിലുള്ള യുക്രെയ്‌ന്‍ സൈനികന്‍ പറഞ്ഞു.

"വെടിക്കോപ്പുകളും പീരങ്കികളുമില്ല. സൈനികരുടെ മാനസികാവസ്ഥ മനസിലാക്കാന്‍ ആരും തയ്യാറാകുന്നില്ല," അസോവ് ബെറ്റാലിയണിലെ സൈനികന്‍ പറയുന്നു. റഷ്യന്‍ നിയന്ത്രണത്തിലുള്ള മരിയുപോളിലെ അവശേഷിക്കുന്ന യുക്രെ‍യ്‌ന്‍ സൈനികരിലൊരാളാണ് അദ്ദേഹം.

റഷ്യ നിലവിലെ സ്ഥിതിഗതികള്‍ മുതലെടുക്കുകയാണെന്നും യുക്രെ‍യ്‌ന്‍ പ്രതിരോധം തകരാനുള്ള സാധ്യതയുണ്ടെന്നും പ്രസിഡന്റ് വോളോഡിമിർ സെലെന്‍സ്കി സഖ്യകക്ഷികളെ അറിയിച്ചിട്ടുള്ളതായാണ് വിവരം. വിദേശരാജ്യങ്ങള്‍ യുക്രെ‌യ്‌നെ കൈവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് പൊളോവ്കൊ.

"വിദേശ രാജ്യങ്ങളുടെ സഹായങ്ങളില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല. സ്വന്തം ജീവന്‍ പോലും നോക്കാതെ യുക്രെ‌യ്‌ന്‍ സൈന്യം എത്ര നിസ്വാർഥമായാണ് പോരാടുന്നതെന്ന് എനിക്കറിയാം. അവരെല്ലാം മരിച്ചു വീഴുകയാണ്. എനിക്കിതില്‍ കൂടുതല്‍ സംസാരിക്കാനാകില്ല," നിറകണ്ണുകളോടെ പൊളോവ്കൊ കൂട്ടിച്ചേർത്തു.

റഷ്യന്‍ സൈന്യത്തെ പിടിച്ചുനിർത്താനുള്ള യുക്രെയ്‌നിന്റെ ശ്രമങ്ങളുടെ ചെലവും വർധിച്ചുവരുന്നതായാണ് റിപ്പോർട്ട്. ക്രമാറ്റൊർസ്ക്ക് നഗരത്തില്‍ റഷ്യന്‍ മിസൈലില്‍ തകർന്ന വീട്ടില്‍നിന്ന് ഒരു സ്ത്രീയുടേയും അവരുടെ അമ്മയുടേയും മകന്റേയും മൃതദേഹം കണ്ടെടുക്കുന്നതിന് വിളക്ക് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവർത്തകർ ശ്രമം നടത്തിയത്. പ്രദേശത്ത് മാത്രം 1876 സാധാരണക്കാരാണ് യുദ്ധം ആരംഭിച്ചതുമുതല്‍ മരണപ്പെട്ടതെന്നാണ് ഗവർണർ നല്‍കുന്ന വിവരം.

ക്രമാറ്റൊർസ്ക്കിലെ ഒരു കമ്മ്യൂണി സെന്ററിലുള്ള മനഃശാസ്ത്രജ്ഞയായ ഓള്‍ഗ യുഡക്കോവ കുട്ടികളില്‍ വർധിച്ചുവരുന്ന ഉത്കണ്ഠയെക്കുറിച്ചും സാധാരണക്കാരുടെ ജീവിതം ദുഷ്കരമാകുന്നതിന്റേയും ആശങ്ക പങ്കുവെച്ചു.

"കുഞ്ഞുങ്ങളെ സംബന്ധിച്ച്, ഉച്ചത്തിലുള്ള ശബ്ദം ബുദ്ധിമുട്ടാണ്. കുട്ടികളിലെ ഉത്കണ്ഠ അനുദിനം വർധിച്ചുവരുന്നതായാണ് കാണുന്നത്. മുതിർന്നവരുടെ കാര്യത്തില്‍ വൈകാരികമായ അസ്ഥിരതയാണുള്ളത്," ഓള്‍ഗ യുഡക്കോവ പറഞ്ഞു.

"പ്രകടമായ കാരണങ്ങളൊന്നുമില്ലാതെ ആളുകള്‍ പൊട്ടിക്കരയുന്നത് ഞാന്‍ കാണാറുണ്ട്. ഇപ്പോഴിത് സാധാരണമായി മാറിക്കഴിഞ്ഞു. ഈ യുദ്ധം എന്ന് അവസാനിക്കും," ഓള്‍ഗ ചോദിച്ചു.

യുദ്ധത്തെ തുടർന്ന് ചാസിവ് യാറില്‍ നിന്ന് ക്രമാറ്റൊർസ്ക്കിലേക്ക് നിർബന്ധിതമായി താമസം മാറേണ്ടി വന്നവരിലൊരാളാണ് വൈദികനായ ഒലഗ് ക്രുച്ചിനിന്‍. ഇപ്പോഴും ചാസിവിലെത്തി ഒലഗ് പ്രാർഥന നടത്താറുണ്ട്. ''ഇത്തരം ദുരവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ചിലർക്ക് വിശ്വാസവും പ്രതീക്ഷയും നഷ്ടപ്പെടാം, മറ്റൊരു വിഭാഗത്തിന് നേർവിപരീതമായിരിക്കും കാര്യങ്ങള്‍,'' ഒലഗ് പറഞ്ഞു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം