സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളിലൂടെ വിവിധ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടത്തുന്ന ഇസ്രയേലി ഗൂഢസംഘത്തെ കുറിച്ചുള്ള രഹസ്യ വിവരങ്ങള്‍ പുറത്ത്. ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയനാണ് 'ഹൊഹേ' എന്ന അട്ടിമറി സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇന്ത്യയുള്‍പ്പെടെ 33 രാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളില്‍ സംഘം ഇടപെട്ടെന്ന് തെളിയിക്കുന്നതിന്റെ വിശദാംശങ്ങളാണ് ആറ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളിലുള്ളത്. ഇന്ത്യയിൽ ഒരു വമ്പന്‍ വ്യവസായ സ്ഥാപനത്തിന് വേണ്ടി ഇടപെടല്‍ നടന്നതായും വ്യക്തമാകുന്നു. വ്യാജപ്രചാരണങ്ങളും സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള അട്ടിമറി 27 ഇടങ്ങളില്‍ വിജയം കണ്ടെന്നാണ് സ്ഥിരീകരിക്കുന്നത്.
ഇസ്രയേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സിലെ മുന്‍ അംഗം തല്‍ ഹനാന്റെ നേതൃത്വത്തിലുള്ള സംഘമാണ് 'ഹൊഹേ'. രണ്ട് പതിറ്റാണ്ടിലേറെയായി ഇവരുടെ നേതൃത്വത്തില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെയാണ് നുണകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നത്. ട്വിറ്റര്‍, യൂട്യൂബ്, ജി മെയില്‍, ലിങ്ക്ഡിന്‍, ഫേസ്ബുക്ക്, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമ ഉറവിടങ്ങളെല്ലാം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചു. പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴിയും അട്ടിമറി ശ്രമങ്ങളുണ്ടായി.
ഒരു ആഫ്രിക്കന്‍ രാജ്യത്തിലെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കണമെന്ന ആവശ്യവുമായാണ് റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തില്‍ നിന്നുള്ളവരെന്ന് പരിചയപ്പെടുത്തി മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ സംഘത്തെ സമീപിച്ചത്. എങ്ങനെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പ്രചാരണം നടത്തണമെന്ന് സംഘത്തിലെ തലവനായ ഹനാന്‍ ഇവര്‍ക്ക് വിശദീകരിച്ച് നല്‍കി. മാധ്യമ പ്രവര്‍ത്തകരുടെ സംഘം ഇത് ഒളിക്യാമറയില്‍ പകര്‍ത്തി. ടെലഗ്രാം അക്കൗണ്ടുകള്‍ ഉപയോഗിച്ച് എങ്ങനെയൊക്കെ ഹാക്കിങ് സാധ്യമാക്കാമെന്നതിനെക്കുറിച്ച് ഹനാന്‍ വിശദീകരിക്കുന്നുണ്ട്. ജിമെയില്‍ അക്കൗണ്ടുകളിലേക്ക് എങ്ങനെ നുഴഞ്ഞ് കയറാം, ഇതുവഴി മറ്റ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എങ്ങനെ ഇടപെടാം എന്നതിനെ കുറിച്ചും വ്യക്തമാക്കുന്നു. ഇന്തോനേഷ്യന്‍ സ്വദേശിയുടെ ടെലഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്താണ് എത്ര എളുപ്പത്തില്‍ ഹാക്കിങ് സാധ്യമാകുമെന്ന് തല്‍ ഹനാന്‍ ഉദാഹരിക്കുന്നത്. എളുപ്പത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്, കൈമാറുന്നത് തുടങ്ങിയവയെല്ലാം വിശദമായി കാണിക്കുന്നുണ്ട്.
നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളിലെ മന്ത്രിമാരും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍, ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗപ്പെടുത്തിയതായി ദ വയര്‍, വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ 16 രാജ്യാന്തര മാധ്യമങ്ങളുടെ സംഘം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ മൂന്നുറോളം പേരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ ചോര്‍ത്താന്‍ ശ്രമിച്ചിരുന്നെന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. പിന്നാലെ, ഇന്ത്യ ഇസ്രായേലില്‍ നിന്ന് പെഗാസസ് വാങ്ങിച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 'ഹൊഹേ' വിവാദവും പുറത്തുവരുന്നത്.