2024 ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൊളറാഡോയിൽ നിന്ന് മത്സരിക്കുന്നത് വിലക്കിയ കൊളറാഡോ സുപ്രീം കോടതി വിധിക്കെതിരെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് സുപ്രീം കോടതിയെ സമീപിച്ചു. കൊളറാഡോ കോടതിയുടെ വിധി റദ്ദാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ മാസമാണ് പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിന് ട്രംപ് യോഗ്യനല്ലെന്ന് കൊളറാഡോയിലെ സുപ്രീം കോടതി വിധിച്ചത്.
യുഎസ് ക്യാപിറ്റൽ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന ആരോപണത്തെ തുടർന്ന് അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി ഉപയോഗിച്ചാണ് ട്രംപിനെ മത്സരിക്കുന്നതിൽനിന്ന് വിലക്കിയത്. നേരത്തെ മെയ്‌നിൻ മേഖലയും ട്രംപിനെ വിലക്കിയിരുന്നു.
പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിൽനിന്ന് ട്രംപിനെ വിലക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി നിരവധി ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ മിനസോട്ടയിലെയും മിഷിഗണിലെയും കോടതികൾ ട്രംപിനെ അയോഗ്യനാക്കാനുള്ള ഹർജികൾ പരിഗണിച്ചില്ല. ഒറിഗോൺ പോലെയുള്ള സംസ്ഥാനങ്ങളിൽ, കേസുകൾ ഇപ്പോഴും തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല.
ട്രംപിന്റെ യോഗ്യത സംബന്ധിച്ച വിഷയത്തിൽ യുഎസ് സുപ്രീം കോടതി വിധി രാജ്യവ്യാപകമായി ബാധകമായിരിക്കും.
നേരത്തെ 'പ്രസിഡന്റ് സ്ഥാനാർഥിയാവുന്നതിൽ നിന്ന് ട്രംപിനെ നീക്കം ചെയ്യാൻ ശ്രമിച്ചുകൊണ്ട് എല്ലാ അമേരിക്കൻ വോട്ടർമാരും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു' വെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒരു പ്രസ്താവനയിൽ പറഞ്ഞിരുന്നു.
അതേസമയം ട്രംപിന് അയോഗ്യത വിധിച്ച കോടതി നടപടി അമേരിക്കൻ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ തിരഞ്ഞെടുപ്പ് ഇടപെടലാണെന്നും വിധിക്ക് നിലനിൽക്കാൻ കഴിയില്ലെന്നും ട്രംപിന്റെ പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് പറഞ്ഞു.
കൊളറാഡോ സുപ്രീം കോടതിയിൽ ഏഴ് ജഡ്ജിമാരായിരുന്നു വാദം കേട്ടത്. ട്രംപിനെ അയോഗ്യനാക്കാനുള്ള തീരുമാനത്തെ നാല് ജഡ്ജിമാർ അനുകൂലിക്കുകയും മൂന്ന് പേർ എതിർക്കുകയും ചെയ്തു.
2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം അട്ടിമറിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ കുറിച്ചുള്ള പരാതിയിൽ ഫെഡറൽ കോടതിയിലും ജോർജിയയിലെ ഒരു സ്റ്റേറ്റ് കോടതിയിലും കേസുകൾ നടക്കുന്നുണ്ട്. എന്നാൽ ഈ രണ്ട് കേസുകളിലും കലാപത്തിന് പ്രേരിപ്പിച്ചതിന് ട്രംപിനെതിരെ കുറ്റം ചുമത്തിയിട്ടില്ല.
അതേസമയം തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ട്രംപിന്റെ യോഗ്യത സംബന്ധിച്ച് തീർപ്പിലെത്താൻ അമേരിക്കൻ സുപ്രീംകോടതിയെ സമ്മർദത്തിലാക്കുന്നതാണ് തുടർച്ചയായുള്ള സംസ്ഥാനങ്ങളുടെ നടപടികൾ. 2020ലെ തിരഞ്ഞെടുപ്പിൽ ജോർജിയയിലെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നത് ഉൾപ്പെടെ മൂന്ന് കേസുകളിൽ ട്രംപിനെതിരെ കുറ്റപത്രം നിലനിൽക്കുന്നുണ്ട്.