ഡോണൾഡ് ട്രംപ് 
WORLD

മാനനഷ്ടക്കേസുമായി വീണ്ടും ട്രംപ്; ഇക്കുറി സിഎന്‍എന്നിനെതിരെ, ആവശ്യപ്പെട്ടത് 475 മില്യണ്‍ ഡോളര്‍

2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഭയപ്പെടുന്ന സിഎൻഎൻ, ട്രംപിനെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുന്നതായി മുൻ പ്രസിഡന്റ് തിങ്കളാഴ്ച ആരോപിച്ചു

വെബ് ഡെസ്ക്

വീണ്ടും മാനനഷ്ട കേസുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തവണ വാർത്ത മാധ്യമ ശൃംഖലയായ സിഎൻഎന്നിനെതിരെയാണ് ട്രംപിന്റെ മാനനഷ്ട കേസ്. ഫ്ലോറിഡയിലെ യുഎസ് ജില്ലാ കോടതിയിൽ കൊടുത്തിരിക്കുന്ന കേസിൽ 475 മില്യൺ ഡോളർ നഷ്ടപരിഹാരമാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ൽ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഭയപ്പെടുന്ന സിഎൻഎൻ, തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തുകയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്.

അമേരിക്കൻ രാഷ്ട്രീയത്തെ ഇടതുപക്ഷത്തേക്ക് മാറ്റാനുള്ള ശ്രമത്തിൽ സിഎൻഎൻ പങ്കാളിയാണെന്ന് മുൻ പ്രസിഡന്റ് കുറ്റപ്പെടുത്തി

‘വിശ്വസനീയമായ’ വാർത്താ മാധ്യമമെന്ന സ്വാധീനം ഉപയോഗിച്ച് കാഴ്ചക്കാരുടെയും വായനക്കാരുടെയും മനസ്സിൽ ട്രംപിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പരാതിയിൽ പറഞ്ഞു. വരും നാളുകളിൽ മറ്റ് പല വ്യാജ വാർത്താ മാധ്യമ കമ്പനികൾക്കെതിരെയും മാനനഷ്ട കേസ് ഫയൽ ചെയ്യുമെന്ന് ട്രംപും തിങ്കളാഴ്ച പ്രസ്താവിച്ചിരുന്നു.

2020 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തനിക്കെതിരെ വാർത്തകൾ നൽകിയ മാധ്യമങ്ങളെയാണ് ട്രംപ് ഉന്നം വെയ്ക്കുന്നത്. കൂടാതെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നടന്നുവെന്ന് ട്രംപ് തന്നെ ആരോപിക്കുന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ വിസമ്മതിച്ച കോൺഗ്രസ് കമ്മിറ്റിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2021 ജനുവരി ആറിന് ക്യാപിറ്റോളില്‍ ട്രംപ് അനുയായികൾ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണമാണ് കമ്മിറ്റി നിലവിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

സിഎൻഎന്നിന് പുറമെ പ്രമുഖ മാധ്യമ സ്ഥാപനമായ ദ ന്യൂയോർക്ക് ടൈംസിനെതിരെയും ട്രംപ് മുൻപ് വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ഇരു സ്ഥാപനങ്ങളുമായി അത്ര നല്ല രസത്തിലായിരുന്നില്ല 76 കാരനായ റിപ്പബ്ലിക്കന്‍ പാർട്ടി നേതാവ്. സിഎൻഎന്നും ന്യൂ യോർക്ക് ടൈംസും വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും അദ്ദേഹം ആരോപിച്ചിരുന്നു.

2021 ജനുവരി മുതൽ 7,700-ലധികം തവണ ട്രംപിനെ പരാമർശിക്കാൻ "വലിയ നുണ" എന്ന പദം ഉപയോഗിച്ചതായും പറയുന്നു

അമേരിക്കൻ രാഷ്ട്രീയത്തെ ഇടതുപക്ഷത്തേക്ക് മാറ്റാനുള്ള ശ്രമത്തിൽ സിഎൻഎൻ പങ്കാളിയാണെന്ന് മുൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. തന്നെക്കുറിച്ച് നടത്തിയ അപകീർത്തികരമായ പ്രസ്താവനകൾ പിൻവലിക്കാൻ വിസമ്മതിച്ചാൽ സിഎൻഎന്നിനെതിരെ കേസെടുക്കുമെന്ന് ജൂലൈയിൽ തന്നെ ട്രംപ് പറഞ്ഞിരുന്നു.

2020ലെ തിരഞ്ഞെടുപ്പ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡൻ 'മോഷ്ടിച്ചു' എന്ന ട്രംപിന്റെ അവകാശവാദങ്ങളെ "വലിയ നുണ" (big lie) എന്നാണ് സി‌എൻ‌എൻ വിശേഷിപ്പിച്ചത്. തിങ്കളാഴ്ച ട്രംപ് നൽകിയ പരാതിയിൽ ഈ വിഷയം എടുത്തു പറയുന്നുണ്ട്. അഡോൾഫ് ഹിറ്റ്‌ലർ പ്രയോഗിച്ച ഒരു തന്ത്രത്തിന്റെ നേരിട്ടുള്ള പരാമർശമാണ് 'വലിയ നുണ' എന്ന വാചകമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ പ്രയോഗത്തിന്റെ ആവർത്തിച്ചുള്ള ഉപയോഗം, പ്രേക്ഷകർക്ക് ട്രംപും ഹിറ്റ്ലറും തമ്മിൽ സാമ്യമുണ്ടെന്ന് പ്രചരിപ്പിക്കാനുള്ള സിഎൻഎന്നിന്റെ ബോധപൂർവമായ ശ്രമമാണ്. 2021 ജനുവരി മുതൽ 7,700-ലധികം തവണ ട്രംപിനെ പരാമർശിക്കാൻ "വലിയ നുണ" എന്ന പദം ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.

ട്രംപ് മുൻപും വലിയ ടെക് കമ്പനികൾക്കെതിരെ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ മിക്കതും കോടതി തള്ളി കളഞ്ഞിരുന്നു. 2021 ജനുവരി ആറിലെ ക്യാപിറ്റോൾ ആക്രമണത്തിന് ശേഷം ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ ബ്ലോക്ക് ചെയ്തിരുന്നു. ഇതിനെതിരെയുള്ള കേസ് ഈ വർഷം ആദ്യം കാലിഫോർണിയ കോടതി തള്ളിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ