നവംബറിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ താൻ വിജയിച്ച് പ്രസിഡന്റ് ആയാൽ പിന്നെ നിങ്ങൾക്ക് വീണ്ടും വോട്ടുചെയ്യേണ്ടി വരില്ലെന്ന് അനുയായികളോട് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണള്‍ഡ് ട്രംപ്. രാജ്യത്തെ ക്രിസ്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപിന്റെ പരാമർശം. പരാമർശത്തിനെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.
“ക്രിസ്ത്യാനികളേ, പുറത്തിറങ്ങി നിങ്ങള്‍ വോട്ട് ചെയ്യുക! ഇപ്പോള്‍ നിങ്ങള്‍ വോട്ട് ചെയ്യുകയാണെങ്കില്‍ പിന്നീട് ചെയ്യേണ്ടതായി വരില്ല. എന്തുകൊണ്ടാണെന്ന് അറിയാമോ? ഇവിടെ എല്ലാം ശരിയാകും, ഇനി നിങ്ങളാരും വോട്ടു ചെയ്യേണ്ട സാഹചര്യമുണ്ടാകില്ല,” റിപ്പബ്ലിക്കൻ മുൻ പ്രസിഡൻ്റ് വെള്ളിയാഴ്ച രാത്രി ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ തീവ്ര വലതുപക്ഷ ക്രിസ്ത്യൻ അഭിഭാഷക ഗ്രൂപ്പായ ടേണിംഗ് പോയിൻ്റ് ആക്ഷൻ സംഘടിപ്പിച്ച റാലിയിൽ പറഞ്ഞു.
ട്രംപിന്റെ പരാമർശങ്ങൾ ഉടൻ തന്നെ വിവാദമാവുകയും നിരവധി പേർ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ട്രംപ് വൈറ്റ് ഹൗസ് വിടാൻ ഒരിക്കലും തയ്യാറാകില്ലെന്നാണ് പ്രധാന വിമർശനം. അമേരിക്കയെ ഒരു ക്രിസ്ത്യൻ രാജ്യമാക്കാൻ ട്രംപ് ശ്രമിക്കുന്നു എന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാണ്. ട്രംപ് ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്നു എന്ന് ഡെമോക്രാറ്റിക്ക് പാർട്ടി വക്താക്കൾ ആരോപിച്ചു.
"മറ്റൊരു രീതിയിൽ പറഞ്ഞാൽ, ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ഒരിക്കലും വൈറ്റ് ഹൗസ് വിടില്ല," എൻബിസി നിയമ കമൻ്റേറ്റർ കാറ്റി ഫാങ് വീഡിയോ പങ്കുവെച്ച് കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു. “ഇത് സൂക്ഷ്മമായ ക്രിസ്ത്യൻ ദേശീയതയല്ല. നമ്മുടെ ജനാധിപത്യം അവസാനിപ്പിച്ച് ഒരു ക്രിസ്ത്യൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്," ഭരണഘടനാ - പൗരാവകാശ പ്രവർത്തകനായ അറ്റോർണി ആൻഡ്രൂ സീഡൽ എക്‌സിൽ പങ്കുവെച്ചു.
വൈറ്റ് ഹൗസിൽ രണ്ടാമതായി നാല് വർഷം കൂടി നൽകിയാൽ ഒന്നാം ദിവസം തന്നെ സ്വേച്ഛാധിപതി ആകുമെന്ന് ട്രംപ് മാസങ്ങൾക്ക് മുൻപ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. വ്‌ളാഡിമിർ പുടിൻ, വിക്ടർ ഓർബൻ, കിം ജോങ് ഉൻ എന്നിവരുൾപ്പെടെയുള്ള സ്വേച്ഛാധിപത്യ നേതാക്കളോടുള്ള തൻ്റെ ആരാധന അദ്ദേഹം ആവർത്തിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ലോകയുദ്ധത്തിനിടെ ഹോളോകോസ്റ്റിൽ ആറ് ദശലക്ഷം ജൂതന്മാരെ കൊലപ്പെടുത്തിയ നാസി ഭരണകൂടവും അഡോൾഫ് ഹിറ്റ്‌ലറും ചില നല്ല കാര്യങ്ങൾ ചെയ്തു എന്ന് ട്രംപ് ഒരിക്കൽ പറഞ്ഞതായി ഒരു മുൻ വൈറ്റ് ഹൗസ് സഹായി റിപ്പോർട്ട് ചെയ്തിരുന്നു.നേരത്തെ 2020ൽ പ്രസിഡൻ്റ് ജോ ബൈഡന്റെ വിജയിച്ചതിന്റെ പിന്നാലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ട്രംപ് അനുകൂലികൾ ശ്രമിച്ചിരുന്നു. ലോകത്തെ ഞെട്ടിച്ച പ്രധാനപ്പെട്ട സംഭവമായിരുന്നു ക്യാപിറ്റോൾ ആക്രമണ കേസ്.