ദേശീയ സുരക്ഷയെ ഉള്‍പ്പെടെ ബാധിക്കുന്ന അതീവ രഹസ്യ രേഖകൾ അനധികൃതമായി സൂക്ഷിച്ച കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് കോടതിയിൽ ഹാജരാകും. മയാമി കോടതിയിലാണ് ട്രംപ് ഹാജരാകുക.
രഹസ്യ രേഖകൾ നിയമ വിരുദ്ധമായി ഫ്ലോറിഡയിലെ തന്റെ മാർ എ ലാഗോ വസതിയിൽ സൂക്ഷിക്കുകയും തിരിച്ചെടുക്കാനുള്ള ഓദ്യോഗിക ശ്രമങ്ങൾ തടസപ്പെടുത്തുകയും ചെയ്ത കേസിലാണ് വിചാരണ. ട്രംപിനെ കസ്റ്റഡിയിലെടുത്താകും കോടതിയിൽ ഹാജരാക്കുക. കോടതിയിൽ അദ്ദേഹത്തെ കുറ്റപത്രം വായിച്ച് കേൾപ്പിക്കും.
പോൺ താരമായ സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചുവയ്ക്കാൻ കണക്കുകളിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ, കഴിഞ്ഞ ഏപ്രിലിൽ മുൻ പ്രസിഡന്റ് കോടതിൽ ഹാജരായിരുന്നു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന സ്ഥാനാർഥിയായ ട്രംപിനെ സംബന്ധിച്ചിടത്തോളം മാസങ്ങൾക്കിടയിലെ തുടർച്ചയായ കേസുകൾ വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുൻ പ്രസിഡന്റ് ഫെഡറൽ ചാർജുകൾ നേരിടുന്നത്. 37 വകുപ്പുകളാണ് അദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. എന്നാൽ ട്രംപ് കുറ്റം നിഷേധിച്ചിട്ടുണ്ട്.
ചാരവൃത്തി നിയമത്തിലെ വകുപ്പുകൾ പ്രകാരം പുതിയ കേസ് ട്രംപിന് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. കേസിൽ മാസങ്ങളായി നീതിന്യായ വകുപ്പും എഫ്ബിഐയും അന്വേഷണം നടത്തിവരികയായിരുന്നു. സ്ഥിരീകരിക്കപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗ്രാൻഡ് ജൂറി ട്രംപിനുമേൽ കുറ്റം ചുമത്തിയത്.
കോടതിയൽ ഹാജരാകുന്നതിനു മുൻപ് തന്നെ പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ട്രംപ് അനുകൂലികൾ. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്നാണ് ട്രംപിന്റെ ആരോപണം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനു മറുപടി കൊടുക്കുമെന്നും ട്രംപ് പറയുന്നു. ട്രംപിനെ ഹാജരാക്കുമ്പോൾ കോടതിക്ക് പുറത്ത് അദ്ദേഹത്തിന്റെ അനുയായികൾ പ്രതിഷേധം നടത്തുമെന്നാണ് സൂചന. അഞ്ച് ലക്ഷത്തിലധികം ട്രംപ് അനുകൂലികൾ പ്രതിഷേധിക്കാനെത്തുമെന്നാണ് റിപ്പോർട്ട്.
2021 ജനുവരിയിൽ ട്രംപ് സ്ഥാനമൊഴിഞ്ഞപ്പോൾ വൈറ്റ് ഹൗസിൽ നിന്ന് നിയമവിരുദ്ധമായി രഹസ്യ രേഖകൾ എടുത്തുമാറ്റി സ്വന്തം വസതിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. തുടർന്ന് നീതിന്യായ വകുപ്പും എഫ്ബിഐയും നടത്തിയ പരിശോധനയിൽ ട്രംപിന്റെ വസതിയിൽ നിന്ന് നിരവധി രേഖകൾ കണ്ടെത്തിയിരുന്നു. ആണവ പദ്ധതികൾ, യുഎസ് പ്രതിരോധ രേഖകൾ, ആയുധ ശേഷി, പെന്റഗൺ ആക്രമണം എന്നീ വിവരങ്ങൾ അടങ്ങിയ രേഖകളാണ് പിടിച്ചെടുത്തത്. രാജ്യസുരക്ഷയെ വരെ അപകടപ്പെടുത്തുന്ന നടപടിയാണിതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കൂടാതെ രേഖകൾ വീണ്ടെടുക്കാനുള്ള സർക്കാർ ശ്രമങ്ങളെ തടസപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.