WORLD

ജപ്പാനിൽ വൻ ഭൂകമ്പം, സുനാമി മുന്നറിയിപ്പ്; തീരപ്രദേശങ്ങളിൽ കനത്ത ജാഗ്രത

7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്

വെബ് ഡെസ്ക്

ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്. ഇഷികാവയിലെ നോട്ടോ മേഖലയിലാണ് ഭൂകമ്പമുണ്ടായത്. തുടര്‍ന്ന് നൈഗാട്ട, ടൊയാമ, തുടങ്ങിയ മേഖലകളില്‍ തുടര്‍ ഭൂകമ്പമുണ്ടായതായി ദേശീയ ബ്രോഡ്കാസ്റ്റർ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. ഇഷികാവ പ്രിഫെക്ചറിലെ തീരദേശ നോട്ടോ പ്രദേശത്തെ താമസക്കാരോട് ഉടൻ തന്നെ ഉയർന്ന സ്ഥലത്തേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ജപ്പാൻ കടലിനോട് ചേർന്നുള്ള തീരപ്രദേശങ്ങളിൽ 5 മീറ്ററോളം ഉയരത്തില്‍ തിരമാല ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇഷികാവ, നിഗറ്റ, ടോയാമ എന്നീ തീരപ്രദേശങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

റിക്ടർ സ്‌കെയിലിൽ നാലോ അതിലധികമോ തീവ്രതയുള്ള 20 ഭൂചലനങ്ങൾ ഇഷിക്കാവ തീരത്തും അയൽപക്കത്തുള്ള നിഗറ്റ പ്രവിശ്യകളിലും പ്രാദേശിക സമയം വൈകിട്ട് 4.06 നും 5.29 നും ഇടയിൽ ഉണ്ടായതായാണ് റിപ്പോർട്ടുകൾ. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

വിള്ളലുകളും മറ്റ് നാശനഷ്ടങ്ങളും കാരണം പ്രധാന റോഡുകൾ അടച്ചിട്ടിരിക്കുകയാണ്. ബാധിത പ്രദേശത്തെ പട്ടണങ്ങളിൽ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും വാട്ടർ മെയിൻ പൊട്ടുകയും ചെയ്തിട്ടുണ്ട്. വടക്കൻ ദ്വീപായ ഹോക്കൈഡോയിലും തെക്കൻ ദ്വീപായ ക്യൂഷുവിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സഖാലിനിൽ റഷ്യയും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നിഗറ്റ, ടോയാമ മേഖലകളിൽ തിരമാല 5 മീറ്റർ വരെ എത്തുമെന്നാണ് മുന്നറിയിപ്പുള്ളത്. രാജ്യത്ത് ശൈത്യകാലമാണെങ്കിലും ഉയർന്ന സ്ഥലങ്ങളിലേക്ക് മാറാനാണ് പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സർക്കാർ വക്താവ് യോഷിമാസ ഹയാഷി നിവാസികൾക്ക് മുന്നറിയിപ്പ് നൽകി.

അതേസമയം ന്യൂക്ലിയർ പവർ പ്ലാന്റുകളിൽ എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഹോകുരിക്കു ഇലക്ട്രിക് പവർ അറിയിച്ചതായി എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു. നിലവിൽ തങ്ങളുടെ ആണവ നിലയങ്ങളിൽ അസാധാരണതകളൊന്നുമില്ലെന്നും എന്നാൽ കമ്പനി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കൻസായി ഇലക്‌ട്രിക് പവറിന്റെ വക്താവ് പറഞ്ഞു.

2011 മാർച്ച് 11 ന് വടക്കുകിഴക്കൻ ജപ്പാനിൽ ഒരു വലിയ ഭൂകമ്പവും സുനാമിയും ഉണ്ടായിരുന്നു. നഗരത്തിൽ വലിയ നാശത്തിന് കാരണമായ ഈ സുനാമി ഫുകുഷിമയിൽ ആണവ നിലയത്തിന്റെ തകര്‍ച്ചയിലേക്കും വന്‍ ആണവ വികിരണചോര്‍ച്ചയിലേക്കും നയിച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം