WORLD

സ്വീഡന്റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കാമെന്ന് എർദോഗാൻ; ഉപാധി തുർക്കിയുടെ യൂറോപ്യൻ യൂണിയൻ പ്രവേശനമോ?

സ്വീഡന് അനുകൂലമായി തീരുമാനമെടുക്കാൻ തുർക്കി പാർലമെന്റിനോട് പ്രമേയത്തിലൂടെ അനുമതി തേടുമെന്ന് എർദോഗാന്റെ ഉറപ്പ്

വെബ് ഡെസ്ക്

സ്വീഡന്റെ നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കാനുള്ള നിർണായക നീക്കവുമായി തുർക്കി. സ്വീഡന് അംഗത്വം നൽകുന്നതിനെ തുർക്കി വീറ്റോ ചെയ്യില്ലെന്ന് പ്രസിഡന്റ് റജ്ബ് തയ്യിബ് എർദോഗാൻ ഉറപ്പുനൽകിയതായി നാറ്റോ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബെർഗ് വ്യക്തമാക്കി. ലിത്വാനിയയിൽ നടക്കുന്ന നാറ്റോ സമ്മേളനത്തിനിടെയാണ് ഒരു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന അനിശ്ചിതത്വം അവസാനിപ്പിച്ചുകൊണ്ടുള്ള തുർക്കി പ്രസിഡന്റിന്റെ ഉറപ്പ് ലഭിച്ചത്.

സ്വീഡന് അനുകൂലമായി തീരുമാനമെടുക്കാൻ തുർക്കി പാർലമെന്റിനോട് പ്രമേയത്തിലൂടെ അനുമതി തേടുമെന്ന് എർദോഗാൻ ഉറപ്പുനൽകി. നാറ്റോ ജനറൽ സെക്രട്ടറി, എർദോഗാൻ, സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റോഷൻ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.'' പ്രസിഡന്റ് എർദോഗാൻ സ്വീഡന്റെ അംഗത്വത്തിന് അനുമതി നൽകുന്നതുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചതിൽ സന്തോഷമുണ്ട്. പാർലമെന്റിലെ പ്രമേയ നടപടിക്രമങ്ങളിലേക്ക് തുർക്കി ഉടൻ കടക്കും '' - സ്റ്റോൾട്ടൻബെർഗ് വ്യക്തമാക്കി.

യൂറോപ്യൻ യൂണിയൻ മേധാവി ചാൾസ് മിഷേലുമായും എർദോഗാൻ കൂടിക്കാഴ്ച നടത്തി. ഏറെക്കാലമായി തുർക്കിയുടെ ആവശ്യമാണ് യൂറോപ്യൻ യൂണിയൻ അംഗത്വം. ഇക്കാര്യത്തിൽ സ്വീഡന്റെ പിന്തുണയെന്ന ഉപാധി തുർക്കി മുന്നോട്ടുവച്ചതായാണ് റിപ്പോർട്ടുകൾ. നാറ്റോ പുറത്തുവിട്ട പ്രസ്താവന പ്രകാരം തുർക്കിയുടെ യൂറോപ്യൻ യൂണിയൻ അംഗത്വമെന്ന ആവശ്യം പുനരുജ്ജീവിപ്പിക്കാൻ സ്വീഡന്റെ പിന്തുണയുണ്ടാകുമെന്നാണ് പ്രഖ്യാപനം. യൂറോപ്യൻ യൂണിയൻ - തുർക്കി കയറ്റുമതി, ഇറക്കുമതി ബന്ധം, വിസ നിയമപരിഷ്കരണം തുടങ്ങിയവയിൽ പിന്തുണയുണ്ടാകുമെന്നാണ് സ്വീഡന്റെ ഉറപ്പ്. യൂറോപ്യൻ യൂണിയൻ അംഗത്വമെന്നത് നേരത്തെ മുതൽ തുർക്കിയുടെ ആവശ്യമാണ്. എന്നാൽ സ്വീഡന്റെ നാറ്റോ അംഗത്വവും തുർക്കിയുടെ ഇ യു അംഗത്വവും രണ്ട് ധ്രുവങ്ങളിലുള്ള വിഷയങ്ങളാണെന്ന നിലപാടാണ് യൂറോപ്യൻ യൂണിയനുള്ളത്.

വലിയൊരു മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഏറെനാളായുള്ള ലക്ഷ്യമാണ് സാധ്യമാകാൻ പോകുന്നത്. നാറ്റോ അംഗത്വമെന്ന സ്വപ്നത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് തുർക്കിയുടെ ഉറപ്പ്'' - സ്വീഡിഷ് പ്രധാനമന്ത്രി പറഞ്ഞു. ''നാറ്റോയിലെ 32-ാം അംഗമായി സ്വീഡനെ സ്വാഗതം ചെയ്യുന്നു '' -എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. ചരിത്രപരമായ ദിനമെന്നും എല്ലാവരേയും കൂടുതൽ സുരക്ഷിതരാക്കുന്ന നീക്കമെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തീരുമാനത്തെ വിശേഷിപ്പിച്ചത്.

സ്വീഡൻ നാറ്റോയുടെ ഭാഗമാകുന്നത് അനുവദിക്കണെങ്കിൽ ചില ഉപാധികൾ അംഗീകരിക്കണമെന്ന് തുർക്കി നേരത്തെ കടുത്തനിലപാട് എടുത്തിരുന്നു. കുർദ് ഗ്രൂപ്പുകളെ സ്വീഡൻ പിന്തുണയ്ക്കുന്നുവെന്നതാണ് തുർക്കിയുടെ എതിർപ്പിന് പ്രധാന കാരണം. എർദോഗാന്റെ നിലപാടിനെതിരെ സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ തുർക്കി എംബസിക്ക് മുന്നിൽ പ്രതിഷേധക്കാർ ഖുറാന്റെ പകർപ്പ് കത്തിച്ചത് ഇരുകൂട്ടർക്കുമിടയിലെ പ്രശ്നങ്ങൾ ഗുരുതരമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പോലും വഷളാക്കുന്നവിധത്തിലേക്ക് കാര്യങ്ങൾ മാറി.

റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെയായിരുന്നു സ്വീഡനും ഫിൻലൻഡും വർഷങ്ങളായി തുടർന്നുപോന്ന നിഷ്പക്ഷത അവസാനിപ്പിച്ച് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്. നാറ്റോയിൽ പുതുതായൊരു രാജ്യത്തിന് അംഗത്വം ലഭിക്കണമെങ്കിൽ സഖ്യത്തിലെ മുഴുവൻ അംഗങ്ങളും ഏകകണ്ഠമായി അംഗീകരിക്കണം. കുർദ് ഗ്രൂപ്പ് ബന്ധം, തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കൈമാറുന്നില്ല തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തുർക്കി ഇരുരാജ്യങ്ങളോടും എതിർപ്പ് പ്രകടമാക്കിയിരുന്നത്. എന്നാൽ പിന്നീട് ഫിൻലൻഡിന്റെ വിഷയത്തിൽ അവർ അയഞ്ഞു. ഫിൻലൻഡ് ഈ വർഷം ആദ്യം നാറ്റോ അംഗത്വം നേടിയിരുന്നു. ഇതോടെ സഖ്യത്തിലെ ആകെ അംഗസംഖ്യ 31 ആയി ഉയർന്നു.

കുർദ് തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കില്ലെന്ന ശക്തമായ ഉറപ്പാണ് സ്വീഡൻ തുർക്കിക്ക് നൽകിയത്. സ്വീഡനും തുർക്കിക്കുമിടയിൽ ഉഭയകക്ഷി സുരക്ഷാ സംവിധാനമെന്ന ആശയവും അവർ മുന്നോട്ടുവച്ചു. തുർക്കിയിൽനിന്ന് അനുകൂലതീരുമാനമുണ്ടായ സാഹചര്യത്തിൽ എതിർപ്പുയർത്തുന്ന മറ്റൊരു രാജ്യമായ ഹംഗറിയും വഴങ്ങുമെന്ന വിശ്വാസത്തിലാണ് സ്വീഡൻ.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം