ഇലോൺ മസ്ക് 
WORLD

ട്വിറ്റർ ബ്ലൂ ടിക്കിന് ഇനി മുതൽ എട്ട് ഡോളർ വരിസംഖ്യ; തുക അടച്ചാല്‍ വെരിഫിക്കേഷന്‍

പ്രമുഖരുടെ അക്കൗണ്ടുകൾക്ക് പുറമെ വരിസംഖ്യ അടയ്ക്കുന്ന എല്ലാവർക്കും ബ്ലൂ ടിക്ക് അനുവദിക്കുന്ന രീതി വരുമെന്നാണ് സൂചന

വെബ് ഡെസ്ക്

ട്വിറ്റര്‍ ബ്ലൂ ടിക്കിന് ഇനി മുതൽ 8 ഡോളർ വരിസംഖ്യ ഈടാക്കുമെന്ന് ഇലോൺ മസ്ക്. വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്ന അക്കൗണ്ടുകൾക്ക് ചില മുൻഗണനകൾ നല്‍കുമെന്നും മസ്ക് വ്യക്തമാക്കി. ട്വിറ്ററിന്റെ വരുമാനം വർധിപ്പിക്കാനും പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് പുതിയ നടപടി.

" നീല ചെക്മാര്‍ക്ക് ഉള്ളവരും ഇല്ലാത്തവരും എന്ന രീതിയിൽ ട്വിറ്ററിൽ വേര്‍തിരിവ് നിലനിൽക്കുന്ന സമ്പ്രദായം വെറും അസംബന്ധമാണ്. ഉപയോക്താക്കള്‍ക്കെല്ലാം ഒരേ അധികാരം ! 8 ഡോളറിന് ബ്ലൂടിക്ക് " ഇലോൺ മസ്ക് ട്വിറ്ററിൽ കുറിച്ചു. ഇതുപ്രകാരം പ്രമുഖരുടെ അക്കൗണ്ടുകൾക്ക് പുറമെ വരിസംഖ്യ അടയ്ക്കുന്നവര്‍ക്കെല്ലാം ബ്ലൂടിക്ക് ലഭ്യമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്നാണ് സൂചന. ഓരോ രാജ്യത്തിലും വരിസംഖ്യയില്‍ മാറ്റമുണ്ടായേക്കാമെന്ന സൂചനയും മസ്ക് നല്‍കുന്നു.

ട്വീറ്റുകൾക്ക് മറുപടി നൽകുന്നതിലും സെര്‍ച്ചിലും മെൻഷനിലും മുൻഗണന ലഭിക്കും എന്നതുമാണ് പ്രധാനമായി ബ്ലൂ ടിക്ക് വരിക്കാർക്ക് ലഭിക്കുന്ന മുൻഗണന. അതോടൊപ്പം ദൈർഘ്യമേറിയ വിഡിയോകളും ഓഡിയോകളും പോസ്റ്റ് ചെയ്യാൻ സാധിക്കും. പരസ്യങ്ങളിലും കുറവ് ഉണ്ടായിരിക്കും. ടെസ്‌ല മേധാവി പ്രൊഫൈൽ വെരിഫിക്കേഷൻ പ്രക്രിയയും ബ്ലൂ ടിക്കുകൾ നൽകിയതെങ്ങനെയെന്നുമുള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മസ്‌കിന്റെ ട്വീറ്റ്.

ട്വിറ്റര്‍ നിലവിലുള്ള പ്രതിമാസം 4.99 ഡോളറെന്ന ഓപ്ഷണല്‍ സബ്‌സ്‌ക്രിപ്ഷനാണ് വെരിഫൈഡ് ഉപയോക്താക്കള്‍ക്കായി പുതിയ രീതിയില്‍ അവതരിപ്പിക്കുന്നത്. വെരിഫൈഡ് ഉപയോക്താക്കള്‍ തങ്ങളുടെ ബ്ലൂ ടിക്ക് നിലനിര്‍ത്തണമെങ്കില്‍ 90 ദിവസത്തിനുള്ളില്‍ തുക അടച്ച് വരിക്കാരനാകണം. അല്ലാത്തപക്ഷം ബ്ലൂ ടിക്ക് അപ്രത്യക്ഷമാകും.

പ്രമുഖരുടെ അക്കൗണ്ട് തിരിച്ചറിയുന്നതിനുള്ളതാണ് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍. ട്വിറ്റര്‍ ഹോം സ്‌ക്രീന്‍ ഐക്കണിന്റെ നിറം ഉള്‍പ്പെടെ മാറ്റുന്നതിനും ട്വീറ്റുകള്‍ എഡിറ്റ് ചെയ്യുന്നതിനും, ചില പ്രസാധകരുടെ ലേഖനങ്ങള്‍ പരസ്യം കൂടാതെ വായിക്കുന്നതിനും ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ സഹായകമാണ്.

നവംബര്‍ ഏഴിന് മുന്‍പ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനാണ് മസ്‌ക് പദ്ധതിയിടുന്നത്. സമയപരിധിക്കുള്ളില്‍ വെരിഫിക്കേഷന്‍ പ്രക്രിയ പരിഷ്‌കരിച്ചില്ലെങ്കില്‍ ടീമംഗങ്ങളെ പിരിച്ചുവിടാനാണ് മസ്ക്കിന്റെ കര്‍ശന നിര്‍ദേശമെന്ന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ട്വിറ്റര്‍ ഔദ്യോഗികമായി ഏറ്റെടുത്ത് ഒരാഴ്ച തികയുന്നതിനു മുന്‍പേ തന്നെ സിഇഒ ആയിരുന്ന പരാഗ് അഗര്‍വാള്‍, പോളിസി ചീഫ് വിജയ് ഗഡ്ഡെ ഉള്‍പ്പെടെയുള്ളവരെ മസ്ക് പിരിച്ചുവിട്ടിരുന്നു. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനായി 75 ശതമാന‍ം ജീവനക്കാരെ പുറത്താക്കാന്‍ മസ്‌ക് പദ്ധതിയിടുന്നതായും അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം മസ്ക് നിഷേധിച്ചിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ