WORLD

കോംഗോയിൽ യുഎൻ വിരുദ്ധ പ്രക്ഷോഭം: രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു

രാജ്യത്തിൻറെ വടക്കു കിഴക്കൻ പ്രവിശ്യകളിൽ 120-ലധികം സായുധ സംഘങ്ങൾ നടത്തുന്ന സിവിലിയൻ കൂട്ടക്കൊലകളെയും സംഘർഷങ്ങളെയും ഇല്ലാതാക്കി സമാധാനം പുനഃസ്ഥാപിക്കാന്‍ മൊനസ്‌കോയ്ക്ക് സാധിച്ചിട്ടില്ല

വെബ് ഡെസ്ക്

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ യു എന്‍ വിരുദ്ധ പ്രക്ഷോഭം. പ്രതിഷേധത്തില്‍ യുഎന്‍ സമാധാന സേനയിലെ അംഗങ്ങളായ രണ്ടു ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. പതിറ്റാണ്ടുകളായി തുടരുന്ന അക്രമങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ജനക്കൂട്ടം അക്രമാസക്തമായത്.

സംഘര്‍ഷങ്ങളില്‍ യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്ക് പുറമെ 12 പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോംഗോയുടെ കിഴക്കൻ നഗരമായ ഗോമയിൽ നടന്ന പ്രകടനമായിരുന്നു അക്രമത്തില്‍ കലാശിച്ചത്.

ബിഎസ്എഫ് ജവാന്‍മാരുടെ മരണത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അപലപിച്ചു. ധീരന്മാരായ സൈനികരുടെ മരണത്തിൽ അതീവ ദുഖമുണ്ടെന്ന് പറഞ്ഞ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ക്രൂരകൃത്യത്തിന്റെ ഉത്തരവാദികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ സമാധാന പരിപാലന പ്രവർത്തനങ്ങളിൽ ഒന്നാണ് ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ സ്റ്റെബിലൈസേഷൻ മിഷൻ (മൊനസ്‌കോ). രാജ്യത്തിൻറെ വടക്കു കിഴക്കൻ പ്രവിശ്യകളിൽ 120-ലധികം സായുധ സംഘങ്ങൾ ദശാബ്ദങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഇക്കൂട്ടർ നടത്തുന്ന സിവിലിയൻ കൂട്ടക്കൊലകളെയും സംഘർഷങ്ങളെയും ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനും സമാധാന സേനയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

രാജ്യത്തെ രക്തച്ചൊരിച്ചിൽ ചെറുക്കുന്നതിൽ യുഎൻ സേനയുടെ പരാജയം ചൂണ്ടിക്കാട്ടിയാണ് വടക്കൻ കിവു പ്രവിശ്യയിലെ പ്രധാന നഗരമായ ഗോമയിൽ ജനക്കൂട്ടം തിങ്കളാഴ്ച തെരുവിലിറങ്ങിയത്. പ്രകടനത്തിൽ നൂറുകണക്കിന് ആളുകൾ റോഡുകൾ തടയുകയും മൊനസ്‌കോയുടെ ആസ്ഥാനവും അവിടെയുള്ള വിതരണ കേന്ദ്രം ആക്രമിക്കുകയും ചെയ്തു.

പ്രക്ഷോഭം ചൊവ്വാഴ്ച വടക്കൻ പട്ടണങ്ങളായ ബേനി, ബുട്ടെംബോ എന്നീ നഗരങ്ങളിലേക്കും വ്യാപിച്ചു. തുടര്‍ന്നാണ് ബുട്ടെംബോ നഗരത്തിൽ മൂന്ന് യുഎൻ ഉദ്യോഗസ്ഥരും ഏഴു സാധാരണ പൗരന്മാരും കൊല്ലപ്പെടുന്ന നിലയുണ്ടായത്. പ്രക്ഷോഭകർ കോംഗോ പോലീസിന്റെ ആയുധങ്ങൾ തട്ടിയെടുത്ത ശേഷം യു എൻ സേനാംഗങ്ങള്‍ക്കെതിരെ വെടിയുതിർക്കുകയായിരുന്നു. കല്ലുകളും പെട്രോൾ ബോംബുകളും വലിച്ചെറിഞ്ഞതായും ഐക്യരാഷ്ട്രസഭ അറിയിച്ചു.

അക്രമാസക്തരായ ജനക്കൂട്ടത്തെ തടയാൻ കണ്ണീർ വാതകവും മറ്റും കോംഗോ പോലീസും (പിഎൻസി) കോംഗോ ആർമിയും (എഫ്എആർഡിസി) ഉപയോഗിച്ചെങ്കിലും 500-ലധികം വരുന്ന പ്രക്ഷോഭകരെ നിയന്ത്രിക്കാൻ അവർക്കായില്ല. സായുധ വിമത സേനകളിലെ അംഗങ്ങൾ പ്രക്ഷോഭകർക്കിടയിൽ നുഴഞ്ഞു കേറിയതായും യു എൻ ഉദ്യോഗസ്ഥൻ പറഞ്ഞു. കോംഗോയിൽ ഉടനീളം മൊനസ്‌കോയ്‌ക്കെതിരെ പ്രകടനത്തിനും പ്രക്ഷോഭത്തിനും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

പാലക്കാട് രാഹുലിന്റെ കടന്നുവരവ്, ലീഡ് നേടി | Wayanad Palakkad Chelakkara Election Results Live

ഝാര്‍ഖണ്ഡില്‍ വീണ്ടും മുന്നിലെത്തി എന്‍ഡിഎ, മഹാരാഷ്ട്രയില്‍ ലീഡുയര്‍ത്തി മഹായുതി| Maharashtra Jharkhand Election Results Live

പോസ്റ്റല്‍ വോട്ടില്‍ മുന്നിലെത്തി പ്രിയങ്കയും കൃഷ്ണകുമാറും പ്രദീപും

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം