WORLD

കൊടുംപട്ടിണിയില്‍ ഗാസ; പോഷകാഹാരമില്ലാതെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്‌ ദാരുണാന്ത്യം, മരണമാണ്‌ ഭേദമെന്ന് പലസ്തീനികള്‍

ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് വടക്കന്‍ ഗാസയില്‍ രണ്ട് മാസം മാത്രം പ്രായമുള്ള മഹ്‌മൂദ് ഫത്തൗഹ് എന്ന ആണ്‍കുഞ്ഞ് മരിച്ചത്.

വെബ് ഡെസ്ക്

ഇസ്രയേല്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ ഗാസയില്‍ കൊടുംപട്ടിണി മൂലം രണ്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഗാസയില്‍ മരണങ്ങളുടെ സ്‌ഫോടനമുണ്ടാകുമെന്ന ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പിന് പിന്നാലെയാണ് വടക്കന്‍ ഗാസയില്‍ രണ്ട് മാസം മാത്രം പ്രായമുള്ള മഹ്‌മൂദ് ഫത്തൗഹ് എന്ന ആണ്‍കുഞ്ഞ് മരിച്ചത്. അല്‍ ഷിഫ ആശുപത്രിയില്‍ വെള്ളിയാഴ്ചയാണ് കുട്ടി മരിച്ചതെന്ന് പലസ്തീന്‍ വാര്‍ത്താ ഏജന്‍സിയായ ദ ഷെഹബ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കടുത്ത പോഷാകാഹാരക്കുറവാണ് മഹ്‌മൂദിന്റെ മരണകാരണമെന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ച പാരാമെഡിക്കല്‍ ജീവനക്കാരിലൊരാള്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. സഹായത്തിന് വേണ്ടി മഹ്‌മൂദിന്റെ അമ്മ അലറി വിളിക്കുന്നത് കേള്‍ക്കുകയും ഉടനടി ആശുപത്രിയിലെത്തിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗാസയില്‍ കുട്ടികള്‍ക്കുള്ള പാല്‍ ലഭ്യമാകാത്തതിനാല്‍ കുട്ടിക്ക് ആഴ്ചകളോളം പാല് നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ഗാസയില്‍ ഇതുവരെയില്ലാത്ത കൊടും പട്ടിണിയാണ് അനുഭവപ്പെടുന്നതെന്നാണ് പ്രദേശത്തുനിന്ന് പലായനം ചെയ്യുന്നവര്‍ വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറയോട് വ്യക്തമാക്കുന്നത്. ഒരുപാട് യുദ്ധം ഗാസയിലുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മോശമായ യുദ്ധമാണിതെന്നും വടക്കന്‍ ഗാസമുനമ്പിലെ ബെയ്ത് ഹനൂനില്‍ നിന്നും പലയാനം ചെയ്യപ്പെട്ട് മധ്യ ഗാസയിലെ ഡെയ്ര്‍ എല്‍-ബലാഹിലെത്തപ്പെട്ട 73 വയസുകാരിയായ സാരിഫ അഹമദ് അബ്ദേല്‍ ഹാദി ഹമേദ് പറഞ്ഞു.

''ഒരുപാട് യുദ്ധങ്ങള്‍ ഗാസയിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് ഏറ്റവും മോശപ്പെട്ട യുദ്ധമാണ്. ഇതുപോലത്തെ പട്ടിണികാലത്തിന് ഞാന്‍ സാക്ഷ്യം വഹിച്ചിട്ടില്ല. പലസ്തീന്റെ കഴിഞ്ഞ 45 വര്‍ഷം മോശപ്പെട്ട കാലഘട്ടമാണ് കാണിക്കുന്നതെങ്കിലും അതിലും മുകളിലാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ അവസ്ഥ. ഇത്രയും അപമാനം നേരിടേണ്ടി വന്നിട്ടില്ല. നിലവിലെ ജീവിതത്തേക്കാള്‍ മരണമാണ് നല്ലത്'', അവര്‍ പറയുന്നു.

പലസ്തീന്‍ ജനത ജനനം മുതല്‍ ദുരിതത്തിലാണെന്ന് പലായനം ചെയ്യേണ്ടി വന്ന ആബിദ മുഹമ്മദ് അബ്ദേല്‍ റാസെഖ് അബു അംഷയും കൂട്ടിച്ചേര്‍ത്തു. ''ഞങ്ങള്‍ ഒരുപാട് അനുഭവിച്ചു. പട്ടിണിയെയും ഒന്നുമില്ലായ്മയെയും നേരിടേണ്ടിവരുന്നത് നീതിക്ക് നിരക്കാത്തതാണ്. ദുരിതം നിറഞ്ഞ ജീവിതമാണ് നമ്മുടേത്. ഞങ്ങള്‍ ജനിച്ചത് മുതല്‍ കഷ്ടപ്പാടിലും ദുരിതത്തിലുമാണ് ജീവിക്കുന്നത്,'' ആബിദ പറയുന്നു.

മഹാദുരന്തമെന്ന് വിശേഷിപ്പിക്കാവുന്നതിലും അപ്പുറമാണ് ഗാസയിലെ സ്ഥിതിയെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ, പ്രത്യേകിച്ച് നവജാതശിശുക്കളുടെ മരണം കൂടുതലായും കാണേണ്ടി വരുന്നുണ്ടെന്ന് കമാല്‍ അദ്വാന്‍ ആശുപത്രിയിലെ മേധാവിയായ ഡോ. ഹുസ്സം അബു സഫിയ വെളിപ്പെടുത്തുന്നുമുണ്ട്. പലസ്തീനില്‍ കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കണമെന്ന ആഗോളതലത്തിലുള്ള അഭ്യര്‍ത്ഥനകള്‍ ഇസ്രയേല്‍ സര്‍ക്കാര്‍ നിരസിക്കുന്നതിനിടയിലാണ് മഹ്‌മൂദിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ഗാസയില്‍ 23 ലക്ഷത്തോളം പേര്‍ പട്ടിണിയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

യുദ്ധത്തിന്റെ ആരംഭത്തില്‍ തന്നെ ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, ഇന്ധനം തുടങ്ങിയ സഹായങ്ങള്‍ ഇസ്രയേല്‍ നിരോധിച്ചിരുന്നു. ഡിസംബറില്‍ മാനുഷിക സഹായങ്ങള്‍ക്ക് വേണ്ടി ഒരു കവാടം മാത്രം തുറന്നുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇസ്രയേല്‍ സൈന്യത്തിന്റെ കര്‍ശന പരിശോധനകളും കരേം അബു സലേം അതിര്‍ത്തിയിലെ കടുത്ത വലതുപക്ഷക്കാരുടെ പ്രതിഷേധവും കാരണം ഭക്ഷണങ്ങള്‍ അടങ്ങുന്ന ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കുന്നതിന് തടസം നില്‍ക്കുന്നുണ്ടെന്നാണ് സഹായത്തിനായുള്ള ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. അതേസമയം സുരക്ഷാ കാരണങ്ങളാല്‍ ഗാസയിലെത്തുന്ന സാധനങ്ങള്‍ വിതരണം ചെയ്യാനും സാധിക്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

ഗാസയിലെ സ്ഥിതികള്‍ ഗുരുതരമായിട്ടും ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍ക്ക് സഹായങ്ങള്‍ ഒന്നും ലഭ്യമാക്കാനും സാധിച്ചിട്ടില്ല. വടക്കന്‍ ഗാസയിലേക്കുള്ള ഭക്ഷ്യ വിതരണം കഴിഞ്ഞ ഞായറാഴ്ച ലോക ഫുഡ് പ്രോഗ്രാം പുനരാരംഭിച്ചെങ്കിലും ഇസ്രയേല്‍ വെടിവെപ്പ് കാരണം രണ്ട് ദിവസത്തിന് ശേഷം നിര്‍ത്തിവെക്കുന്നതായി അറിയിക്കുകയായിരുന്നു. മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കാനുള്ള ഭക്ഷണം ഗാസയുടെ അതിര്‍ത്തികളില്‍ എത്തിച്ചെന്നും തുടര്‍ച്ചയായ അക്രമങ്ങളും സുരക്ഷാ പരിശോധനകളും കാരണം ജനങ്ങളിലേക്കെത്തിച്ചേരാന്‍ സാധിക്കില്ലെന്ന് ഫുഡ് പ്രോഗ്രാം ഡയറക്ടര്‍ സമേര്‍ അബ്ദല്‍ ജബേര്‍ വ്യക്തമാക്കി. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 29,606 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 69,737 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം