കോവിഡ് മഹാമാരിയില്‍ നിന്നും ലോകം കരകയറുന്നതിനിടെ ആശങ്ക വര്‍ധിപ്പിച്ച് പുതിയ വകഭേദങ്ങള്‍. യുകെയിലാണ് പുതിയ കോവിഡ് വകഭേദങ്ങള്‍ കണ്ടെത്തിയത്. BQ.1, XBB എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് യുകെയില്‍ പുതിയതായി തിരിച്ചറിഞ്ഞത്. യുകെയില്‍ 700 പേരില്‍ BQ.1 വകഭേദവും, 18 പേരില്‍ XBB വകഭേദവുമാണ് കണ്ടത്തിയത്. ഈ വൈറസുകള്‍ക്ക് വാക്സിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയുണ്ടെന്നാണ് ഗവേഷകരുടെ അഭിപ്രായം.
പുതിയ വെെറസുകള്‍ക്ക് മുന്‍ വൈറസുകളേക്കാള്‍ വ്യാപന ശേഷി കൂടുതലാണെന്നും കണ്ടെത്തല്‍
മഹാമാരിയുടെ പ്രാരംഭകാലം മുതല്‍ വൈറസിന്റെ പരിണാമത്തെകുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന ബാസല്‍ സര്‍വകലാശാലയിലെ ബയോസെന്‍ട്രം ഗവേഷകരുടെ പ്രകാരം പുതുതായി കണ്ടെത്തിയ വകഭേദങ്ങള്‍ക്ക് മുന്‍ വൈറസുകളേക്കാള്‍ വ്യാപന ശേഷി കൂടുതലാണെന്നാണ്. രണ്ടു വകഭേദങ്ങളും ഒമിക്രോണ്‍ വൈറസിന്റെ പിന്‍ഗാമികളാണെന്നാണ് കണ്ടെത്തല്‍. അതേസമയം നവംബര്‍ അവസാനത്തോടെ യൂറോപിലും, വടക്കേ അമേരിക്കയിലും പുതിയ വകഭേദങ്ങളുടെ തരംഗം ഉണ്ടായേക്കുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പുതിയെ വകഭേദത്തെ കുറിച്ചുള്ള വിശദമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.
നേരത്തെ വാര്‍വിക്ക് സര്‍വകലാശാലയിലെ വൈറോളജിസ്റ്റ് പ്രൊഫസറായ ലോറന്‍സ് യംഗ് വാക്‌സിന്‍ പ്രതിരോധത്തെ മറികടക്കാന്‍ ശേഷിയുള്ള ഒമിക്രോണിന്റെ പുതിയ വകഭേദങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.