WORLD

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി; രണ്ട് അമേരിക്കന്‍ നാവികര്‍ അറസ്റ്റില്‍

വളരെ രഹസ്യമായ സൈനിക വിവരങ്ങളാണ് രണ്ട് പേരും ചൈനയ്ക്ക് കൈമാറിയിരിക്കുന്നത്

വെബ് ഡെസ്ക്

ചൈനയ്ക്ക് തന്ത്രപ്രധാനമായ സൈനിക വിവരങ്ങൾ ഉൾപ്പെടെ കൈമാറിയെന്നാരോപിച്ച് രണ്ട് അമേരിക്കൻ നാവികർ അറസ്റ്റിൽ. ജിന്‍ചാവോ പാട്രിക് വെയ്, വെന്‍ഹെങ് ഷാവോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സാൻഡീയാഗോയിലെ യുഎസ്എസ് എസ്സെക്സ് എന്ന കപ്പലില്‍ ജോലി ചെയ്തിരുന്ന രണ്ടാം ക്ലാസിലെ പെറ്റി ഓഫീസറായ ജിന്‍ചാവോ പാട്രിക് വെയ്‌ക്കെതിരെ ചാരവൃത്തി ആരോപിച്ചും കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കിലെ പെറ്റി ഓഫീസറായ വെന്‍ഹെങ് ഷാവോയ്‌ക്കെതിരെ ഗൂഢാലോചനയ്‌ക്കും കൈക്കൂലി വാങ്ങിയതിനുമാണ് കേസെടുത്തത്.

ഇരുവർക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു. ഇൻഡോ-പസഫിക് മേഖലയിലെ യുഎസ് സൈനികാഭ്യാസങ്ങൾക്കുള്ള ചൈനീസ് ഹാൻഡ്‌ലർ പദ്ധതികൾ, ജപ്പാനിലെ ഒകിനാവയിലെ യുഎസ് സൈനിക താവളത്തിൽ റഡാർ സംവിധാനത്തിനുള്ള ഇലക്ട്രിക്കൽ ഡയഗ്രമുകളും ബ്ലൂപ്രിന്റുകളും, വെഞ്ചുറ കൗണ്ടിയിലെയും സാൻ ക്ലെമെന്റെയിലെയും യുഎസ് നാവിക സൗകര്യങ്ങളുടെ സുരക്ഷാ വിശദാംശങ്ങളടക്കം ഷാവോ ചൈനയ്ക്ക് കൈമാറിയതായി ഉദ്യോഗസ്ഥർ പറയുന്നു.

''വളരെ രഹസ്യമായ സൈനിക വിവരങ്ങളാണ് രണ്ട് പേരും ചൈനയ്ക്ക് കൈമാറിയിരിക്കുന്നത്. യുദ്ധകാല അഭ്യാസങ്ങള്‍, നാവിക പ്രവര്‍ത്തനങ്ങള്‍, നിര്‍ണായക സാങ്കേതിക വസ്തുക്കള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളാണ് വിവരങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്''- ഫെഡറല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് നാവിക സേനാംഗങ്ങള്‍ക്കെതിരെയും സമാനമായി കുറ്റകൃത്യങ്ങള്‍ ചുമത്തിയിട്ടുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ വ്യത്യസ്തമായ കേസുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നോ എന്ന് പരിശോധിക്കുകയാണെന്നും ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജിഞ്ചാവോ വെയിന് 2022 ഫെബ്രുവരി മുതൽ ചൈനീസ് സര്‍ക്കാരിന്റെ സുരക്ഷ ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടായിരുന്നുവെന്നും അയാളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഫോട്ടോകളും വീഡിയോകളും അയച്ചിരിക്കുന്നതെന്നും കണ്ടെത്തി. രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങള്‍ ശേഖരിച്ച് അനധികൃതമായി വിദേശ സര്‍ക്കാരിന് കൈമാറുന്ന ചാരവൃത്തി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജിഞ്ചാവോ വെയിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവരങ്ങള്‍ കൈമാറിയ ചൈനീസ് ഉദ്യോഗസ്ഥന്‍ അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും എല്ലാ തെളിവുകളും നശിപ്പിക്കണമെന്നും ജിഞ്ചാവോ വെയിനോട് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

2021 ഓഗസ്റ്റ് മുതല്‍ 2023 മെയ് വരെ ചൈനീസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോടൊപ്പം പ്രവര്‍ത്തിച്ചതായി ആരോപിക്കപ്പെടുന്ന വെന്‍ഹെങ് ഷാവോക്കെതിരെയും നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയിട്ടുണ്ട്. കൈമാറിയ രേഖകളും വിവരങ്ങളും ഷാവോ രഹസ്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിവരങ്ങള്‍ കൈമാറിയതിനെ തുടര്‍ന്ന് ഏകദേശം 14,866 ഡോളറാണ് ഷാവോയ്ക്ക് ലഭിച്ചതെന്നാണ് വിവരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ