WORLD

ഇറാനില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് നേരെ ആക്രമണം; രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നതാണ് നല്ലതെന്ന് ഇബ്രാഹിം റെയ്സി

രാജ്യത്ത് ഹിജാബ് നിര്‍ബന്ധമാക്കുന്ന നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു

വെബ് ഡെസ്ക്

പൊതുയിടങ്ങളില്‍ ഹിജാബ് ധരിക്കാത്തവര്‍ ദയയില്ലാതെ വിചാരണ ചെയ്യപ്പെടുമെന്ന ചീഫ് ജസ്റ്റിസ് ഗൊലാംഹൊസൈന്‍ മൊഹ്സെനി ഇജെയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനില്‍ സ്ത്രീകള്‍ക്ക് നേരെ ആക്രമണം.ടെഹ്റാനില്‍ കടയിലെത്തിയ രണ്ട് സ്ത്രീകള്‍ക്ക് നേരെയാണ് യുവാവിന്റെ ആക്രമണമുണ്ടായത്. സ്ത്രീകളിലൊരാള്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ചോദ്യം ചെയ്തെത്തിയ യുവാവ് ഇവരുടെ തലയില്‍ യോഗര്‍ട്ട് ഒഴിക്കുകയായിരുന്നു.

കടയിലെ കൗണ്ടറില്‍ നില്‍ക്കുമ്പോഴാണ് രണ്ടുപേര്‍ക്കും നേരെ യുവാവിന്റെ ആക്രമണമുണ്ടായത്. ഹിജാബ് ധരിക്കാത്ത പെണ്‍കുട്ടിയെ ചോദ്യം ചെയ്ത ശേഷം കടയിലുണ്ടായിരുന്ന യോഗര്‍ട്ട് തലയില്‍ ഒഴിക്കുകയായിരുന്നു. പിന്നാലെ കൂടെയുണ്ടായിരുന്ന മുതിര്‍ന്ന സ്ത്രീയേയും അപമാനിച്ചു.

റംസാന്‍ മാസത്തില്‍ രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിനാല്‍ രണ്ട് സത്രീകള്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി ഇറാന്‍ ഭരണകൂടം അറിയിച്ചു. ക്രമസമാധാനം തടസപ്പെടുത്തിയതിന് ആക്രമണം നടത്തിയ യുവാവിനെതിരെയും കേസ് എടുത്തു. ഹിജാബ് ധരിക്കേണ്ടത് രാജ്യത്ത് നിര്‍ബന്ധമാണെന്നാണ് സ്ത്രീകള്‍ക്കെതിരായ ആക്രണത്തില്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ പ്രതികരണം. ''ഹിജാബില്‍ വിശ്വാസമില്ലെന്ന് പറയുന്നവരുണ്ട്. എന്നാല്‍ രാജ്യത്ത് ഒരു നിയമമുണ്ട്. അത് പാലിക്കുന്നതാണ് നല്ലത്''. - റെയ്സി വ്യക്തമാക്കി.

രാജ്യത്ത് ഹിജാബ് നിര്‍ബന്ധമാക്കുന്ന നിയമം കൂടുതല്‍ ശക്തമാക്കുമെന്ന് ഇറാന്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിന്നാലെ ചീഫ് ജസ്റ്റിസ് ഗൊലാംഹൊസൈന്‍ മൊഹ്സെനി ഇജെ ഹിജാബ് ധരിക്കാത്തവരെ ദയയില്ലാതെ വിചാരണ ചെയ്ത് ശിക്ഷ വിധിക്കുമെന്ന് പ്രഖ്യാപിച്ചു. നിര്‍ബന്ധിത ഡ്രസ് കോഡ് ലംഘനം കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. അനാവരണം ചെയ്യുക എന്നത് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് എതിരാണെന്ന് അദ്ദേഹം വ്യക്തമാക്കി. മതനിയമത്തിന് വിരുദ്ധമായി പൊതുസ്ഥലത്ത് എന്ത് നടന്നാലും അതില്‍ കടുത്തശിക്ഷ നല്‍കേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി കൊല്ലപ്പെട്ടതോടെ രാജ്യത്തെ ഇളക്കിമറിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ വേദിയായി ഇറാന്‍ മാറിയിരുന്നു. ഹിജാബുകള്‍ വലിച്ചെറിഞ്ഞും കത്തിച്ചുമാണ് സ്ത്രീകള്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി അണിനിരന്നത്. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ജനകീയ പ്രതിഷേധമായിരുന്നു ഇത്. നിരവധിപേരെ അറസ്റ്റ് ചെയ്യുകയും പോലീസ് മര്‍ദനത്തില്‍ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെടുകയും ചെയ്തു. ഏറ്റവുമൊടുവില്‍ ഇറാന്‍ ഭരണകൂടത്തിന് മതകാര്യ പോലീസ് സംവിധാനം നിര്‍ത്തലാക്കേണ്ടി വന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ