ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമത്തിൽ ഒപ്പുവച്ച് ഉഗാണ്ടൻ പ്രസിഡന്റ് യോവേറി മുസേവെനി. സ്വവര്‍ഗാനുരാഗം ജീവപര്യന്തം ശിക്ഷയും ആവശ്യമെങ്കിൽ വധശിക്ഷയും നൽകാവുന്ന ക്രിമിനൽ കുറ്റമായാണ് പരിഗണിക്കുന്നത്. പുതിയ നിയമപ്രകാരം ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവയുള്‍പ്പെടെ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവരെല്ലാം ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും.
30 ആഫ്രിക്കൻ രാജ്യങ്ങളിലേതിന് സമാനമായി നേരത്തെ മുതൽ തന്നെ ഉഗാണ്ടയിൽ സ്വവര്‍ഗ വിവാഹം നിയമവിരുദ്ധമാണ്. എന്നാൽ പുതിയ നിയമം കൂടുതൽ കടുത്തതാണ്. മാർച്ച് 22നാണ് ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം ഉഗാണ്ടന്‍ പാര്‍ലമെന്റ് പാസാക്കിയത്. രാജ്യത്തെ പരമ്പരാഗതവും സാംസ്കാരികവുമായ മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ഇത്തരം ബന്ധങ്ങളെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനിര്‍മാണം. സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുകയും അത്തരത്തിലുള്ളവരെ സഹായിക്കുകയും ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ പുതിയ നിയമപ്രകാരം ശിക്ഷിക്കപ്പെടും.
18 വയസ്സില്‍ താഴെയുള്ളവരുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതും എച്ച്‌ഐവി പോസിറ്റീവായിരിക്കെ സ്വവര്‍ഗ ലൈംഗിക ബന്ധം തുടരുന്നതും കടുത്ത നിയമലംഘനമാകും. ഇത്തരത്തിലുള്ളവരെ വധശിക്ഷയ്ക്കും ജീവപര്യന്തം തടവിനും ശിക്ഷിക്കാമെന്ന് നിയമം പറയുന്നു. എല്‍ജിബിടിക്യൂ വിഭാഗത്തിന്റെ അവകാശ സംരക്ഷണം, ബന്ധപ്പെട്ട സംഘടനകള്‍ക്ക് ഫണ്ടിങ് തുടങ്ങിയവയെല്ലാം ശിക്ഷാര്‍ഹമാണ്. കുട്ടികളെ സ്വവര്‍ഗാനുരാഗത്തിന് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു.
നിയമത്തിൽ ഒപ്പുവച്ച ഉഗാണ്ടൻ പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ലോകരാജ്യങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം പ്രതിഷേധമറിയിച്ച് രംഗത്തെത്തി. 'ഞങ്ങൾ മരിക്കാൻ പോകുകയാണ്' എന്നാണ് ഉഗാണ്ടയിലെ എല്‍ജിബിടിക്യൂ ആക്ടിവിസ്റ്റുകള്‍ തീരുമാനത്തോടെ പ്രതികരിച്ചത്.
ഉഗാണ്ടയുടെ തീരുമാനത്തെ മനുഷ്യാവകാശങ്ങളുടെ അതിദാരുണമായ ലംഘനം എന്ന് വിശേഷിപ്പിച്ച യുഎസ് പ്രസിഡന്റ് ജോബൈഡന്‍ കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും നിക്ഷേപവും നിര്‍ത്തലാക്കുമെന്നും അറിയിച്ചു. മനുഷ്യാവകാശലംഘനത്തിന് അനുമതി നൽകുന്നവര്‍ക്ക് അമേരിക്കയിൽ പ്രവേശന അനുമതി നിഷേധിക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് ബൈഡൻ വ്യക്തമാക്കി. എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന്റെ പരിധിയില്‍പ്പെടുന്നതാണ് നിയമനിര്‍മാണമെന്നും മറ്റാരും ഇതില്‍ ഇടപെടരുതെന്നുമാണ് ആദ്യം മുതൽ ഉഗാണ്ടൻ സര്‍ക്കാര്‍ നിലപാട്.