ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പാസാക്കി ഉഗാണ്ടന്‍ പാര്‍ലമെന്റ്. പുതിയ നിയമപ്രകാരം ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ് ജെന്‍ഡര്‍ എന്നിവയുള്‍പ്പെടെ എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുന്നവരെല്ലാം ക്രിമിനല്‍ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരും. സ്വവര്‍ഗ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഇനിമുതല്‍ വധശിക്ഷയ്ക്കോ കടുത്ത തടവ് ശിക്ഷകള്‍ക്കോ വിധേയരാകേണ്ടി വരും. രാജ്യത്തെ പരമ്പരാഗതവും സാംസ്കാരികവുമായ മൂല്യങ്ങളെ തകര്‍ക്കുന്നതാണ് ഇത്തരം ബന്ധങ്ങളെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണം.
ഉഗാണ്ട ഉള്‍പ്പെടെയുള്ള മുപ്പതിലധികം ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരത്തെ തന്നെ സ്വവര്‍ഗാനുരാഗവും സ്വവര്‍ഗ ലൈംഗികതയും നിരോധിച്ചിരുന്നു. പുതിയ നിയമം പാസാക്കിയതോടെ ലൈംഗിക ന്യൂനപക്ഷമായി ജീവിക്കുന്നവര്‍ ഉഗാണ്ടയില്‍ കടുത്ത ശിക്ഷാ നടപടികളിലൂടെ കടന്നുപോകേണ്ടി വരും. സ്വവര്‍ഗരതിയെ പ്രോത്സാഹിപ്പിക്കുകയും അത്തരത്തിലുള്ളവരെ സഹായിക്കുകയും ഗൂഢാലോചനയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ പുതിയ നിയമപ്രകാരം ശിക്ഷിക്കപ്പെടും.
18 വയസ്സില്‍ താഴെയുള്ളവരുമായി സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നതും എച്ച്‌ഐവി പോസിറ്റീവായിരിക്കെ സ്വവര്‍ഗ ലൈംഗിക ബന്ധം തുടരുന്നതും പുതിയ നിയമപ്രകാരം കുറ്റകൃത്യമായി കണക്കാക്കപ്പെടും. ഇത്തരത്തിലുള്ളവരെ വധശിക്ഷയ്ക്കും ജീവപര്യന്തം തടവിനും ശിക്ഷിക്കാവുന്ന വിധമാണ് നിയമം.
'ഞങ്ങളുടെ സൃഷ്ടാവായ ദൈവം സന്തുഷ്ടനാണ്. കുട്ടികളുടെ ഭാവി സംരക്ഷിക്കാനുള്ള ഈ ബില്ലിനെ പിന്തുണയ്ക്കുന്നു'- നിയമ നിര്‍മാണത്തെ പിന്തുണയ്ക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍ വാദിക്കുന്നു. രാജ്യത്തിന്റെ പരമാധികാരത്തിന്റെ പരിധിയില്‍പ്പെടുന്നതാണ് നിയമനിര്‍മാണമെന്നും മറ്റാരും ഇതില്‍ ഇടപെടരുതെന്നുമാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ വിശദീകരണം. പാര്‍ലമെന്റ് പാസാക്കിയ ബില്ലില്‍ ഒപ്പുവയ്ക്കുന്നതിനായി പ്രസിഡന്റ് യോവേറി മുസേവെനിക്ക് അയച്ചിരിക്കുകയാണ്.
ഉഗാണ്ടയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികളെ സ്വവര്‍ഗരതിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന് മതനേതാക്കളും രാഷ്ട്രീയക്കാരുമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. പെണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക രീതികളിലേക്ക് ആകൃഷ്ടരാക്കുന്നു എന്ന കുറ്റം ചുമത്തി ഈ മാസം ഒരു അധ്യാപികയെ അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക രീതികള്‍ പരിചയപ്പെടുത്തുന്ന സംഘത്തിലെ ആറ് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതായും ഉഗാണ്ടന്‍ പോലീസ് അറിയിച്ചിരുന്നു.
രാജ്യത്ത് സ്വവര്‍ഗ ലൈംഗിക ബന്ധങ്ങളിലുള്ളവര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണങ്ങളും പതിവാണ്.