ബ്രിട്ടനിൽ ബോറിസ് ജോൺസൻ സർക്കാരിന് കനത്ത തിരിച്ചടി. പ്രധാനമന്ത്രിയുടെ വിശ്വസ്തന്മാരായ ധനമന്ത്രി ഋഷി സുനക്കും, ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവെച്ചു. സർക്കാരിനെ നയിക്കാൻ ബോറിസ് യോഗ്യനല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇരുവരുടെയും രാജി. അതേസമയം, ബോറിസ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ഏകോപിത ശ്രമമായാണ് അരമണിക്കൂർ ഇടവേളകളിലെ രണ്ട് മന്ത്രിമാരുടെയും രാജി വിലയിരുത്തപ്പെടുന്നത്.
ലൈംഗിക കേസിൽ ആരോപണം നേരിടുന്ന എംപി ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് പിഞ്ചറിനെ പദവിയിൽനിന്ന് മാറ്റിയിരുന്നു. വിഷയത്തിൽ, ബോറിസ് ജോൺസൺ ക്ഷമാപണം നടത്തിയെങ്കിലും, സാജിദ് ആദ്യം രാജി സമർപ്പിച്ചു. തൊട്ടു പിന്നാലെ ഋഷി സുനക്കും രാജി പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാൻ ബോറിസിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് വിശ്വാസമില്ലാത്തതിനാലാണ് രാജിവെക്കുന്നത്സാജിദ് ജാവിദ്
രാജ്യത്തിന്റെ നിലവിലെ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരാൻ ബോറിസിന്റെ നേതൃത്വത്തിന് സാധിക്കുമെന്ന് വിശ്വാസമില്ലാത്തതിനാലാണ് രാജിവെക്കുന്നതെന്ന് സാജിദ് വ്യക്തമാക്കി. വ്യക്തികളേക്കാൾ പാർട്ടിക്കാണ് മുൻഗണന. കൂടുതൽ ശക്തവും തത്വാധിഷ്ഠിതവുമായ ഒരു കൺസർവേറ്റീവ് പാർട്ടിയെയാണ് രാജ്യത്തിന് ആവശ്യമെന്നും സാജിദ് കൂട്ടിച്ചേർത്തു.
സർക്കാരിന്റെ കാര്യക്ഷമവും, ഗൗരവപൂർണവുമായ ഭരണമാണ് ജനം പ്രതീക്ഷിക്കുന്നതെന്നായിരുന്നു സുനക്കിന്റെ ട്വീറ്റ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ജനങ്ങൾക്ക് ആ പ്രതീക്ഷ നഷ്ടപെട്ടിരിക്കുന്നുവെന്നും സുനക് ട്വിറ്ററിൽ പറഞ്ഞു. അതേസമയം, നേതൃമാറ്റം ലക്ഷ്യമിട്ടാണ് യുവ നേതാക്കളുടെ വിമത നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
സർക്കാരിന്റെ കാര്യക്ഷമവും, ഗൗരവപൂർണവുമായ ഭരണമാണ് ജനം പ്രതീക്ഷിക്കുന്നതെന്നായിരുന്നു സുനക്കിന്റെ ട്വീറ്റ്.
ബ്രെക്സിറ്റും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളിൽ നിന്ന് ബോറിസ് സർക്കാരിനെ കരകയറ്റാൻ തുണയായി നിന്ന രണ്ടുപേരാണ് ഇപ്പോൾ രാജി വെച്ചിരിക്കുന്നത്. കോവിഡിനെത്തുടർന്ന് ലക്ഷങ്ങളുടെ മരണം റിപ്പോർട്ട് ചെയ്തപ്പോഴും ചാൻസലർ ഋഷി സുനക്കും സാജിദ് ജാവിദും കൊണ്ടുവന്ന ജനോപകാരപ്രദമായ പദ്ധതിയാണ് ബോറിസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചത്.
ജോലിനഷ്ടമായ ജനങ്ങൾക്ക് ശമ്പളത്തിന്റെ ഭൂരിഭാഗവും നൽകുന്ന 'ഫർലോ സ്കീം' പോലുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചത് സുനക്കായിരുന്നു. രാജ്യത്ത് വാക്‌സിനേഷൻ ഊർജിതമായി നടപ്പാക്കിയത് സാജിദിന്റെ നേതൃത്വത്തിലായിരുന്നു. ഇരുവരുടെയും പ്രവർത്തനങ്ങൾ ബോറിസ് സർക്കാരിന് ജനങ്ങളിൽ മതിപ്പുണ്ടാക്കാൻ കാരണമായി. അതിനാൽ, ഇരുവരുടെയും രാജി ബോറിസിന് കനത്ത തിരിച്ചടിയാണ്.