WORLD

ഋഷി സുനക് മുതൽ ബെൻ വാലസ് വരെ: ആരാകും ബോറിസിന്റെ പകരക്കാരൻ?

പുതിയ പാർട്ടി നേതാവിനെ ഒക്ടോബറിൽ തെരഞ്ഞെടുക്കും വരെ ബോറിസാകും കാവൽ പ്രധാനമന്ത്രി

വെബ് ഡെസ്ക്

രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രാജി വച്ചതോടെ യുകെ വീണ്ടുമൊരു നേതാവിനെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. നമ്പര്‍ 10 ഡോണിംഗ് സ്ട്രീറ്റിലേക്ക് പുതിയതായി ആരെത്തുമെന്ന അറിയാന്‍ ബ്രിട്ടണിനൊപ്പം ലോകവും കാത്തിരിക്കുകയാണ്. പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള സങ്കീര്‍ണമായ തെരഞ്ഞെടുപ്പ് പ്രക്രിയയകള്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞു.

ഒരു ഡസനോളം നേതാക്കളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താന്‍ ശ്രമിക്കുന്നത്. ബ്രിട്ടനെ നയിക്കാന്‍ ആരെത്തിയാലും രാഷ്ട്രീയവും, സാമ്പത്തികവുമായ വലിയ പ്രതിസന്ധികളാണ് പുതിയ നേതാവിനെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ വംശജര്‍ മുതല്‍ ഇറാഖി കുര്‍ദ് വേരുകളുള്ള നേതാക്കള്‍ വരെ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലെത്താന്‍ ശ്രമിക്കുന്നവരുടെ സംഘത്തിലുണ്ട്.

സാധ്യത പട്ടികയിലെ പ്രമുഖർ

സുവെല്ല ബ്രവർമാൻ

സുവെല്ല ബ്രവർമാൻ

നിലവിൽ യുകെ കാബിനറ്റിലെ അറ്റോർണി ജനറലാണ് ഗോവയില്‍ കുടുംബ വേരുകളുള്ള ഇന്ത്യന്‍ വംശജയായ സുവെല്ല ബ്രവർമാൻ. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം, ആദ്യകാല ടോറി അംഗങ്ങളിൽ ഒരാളായ സുവെല്ല ബ്രവർമാൻ പ്രഖ്യാപിച്ചിരുന്നു.

42-കാരിയായ മുൻ ബാരിസ്റ്റർ 2020-ലാണ് അറ്റോർണി ജനറലായി നിയമിക്കപ്പെട്ടത്. പ്രോ-ബ്രെക്സിറ്റ്‌ നിലപാടിൽ ഉറച്ചു നിൽക്കുകയും അതിന്റെ പ്രചാരകയുമായിരുന്നു ബ്രവർമാൻ. ബ്രവർമാന്റെ ഇന്ത്യൻ വംശജരായ മാതാപിതാക്കൾ 1960-കളിലാണ് കെനിയയിൽ നിന്നും മൗറീഷ്യസിൽ നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയത്.

ബെൻ വാലസ്

ബെൻ വാലസ്

യുകെ പ്രതിരോധ മന്ത്രിയും പാർട്ടിക്കുള്ളിലെ ഒരു ജനപ്രിയ വ്യക്തിയുമാണ് 52കാരനായ ബെൻ വാലസ്. ബ്രിട്ടന്റെ പ്രതിരോധ ചെലവ് ഉയർത്തണമെന്ന് വാദിക്കുന്ന നിയമനിർമ്മാതാക്കൾക്കിടയിൽ പ്രിയങ്കരനാണ് ഇദ്ദേഹം.

വടക്കൻ അയർലൻഡ്, ജർമ്മനി, സൈപ്രസ്, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ സൈനികനായ വാലസ് കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് തന്റെ ജനസമ്മതി വലിയ തോതില്‍ ഉയർത്തിയിട്ടുണ്ട്. യുക്രൈൻ-റഷ്യ യുദ്ധത്തിലെ ബ്രിട്ടന്റെ നിലപാടിൽ പ്രധാന ശബ്ദമായിരുന്നു വാലസിന്റേത്.

ഋഷി സുനക്

ഋഷി സുനക്

പ്രധാനമന്ത്രി പദത്തിലേക്ക് ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ പ്രമുഖൻ. ഇന്ത്യൻ വംശജനായ സുനക്, ബോറിസ് സർക്കാരിൽ ധനമന്ത്രിയായിരുന്നു. ബോറിസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് സുനക് രാജിവെക്കുന്നത്. കോവിഡ് കാലത്തെ ജനോപകാരപ്രദമായ പദ്ധതികളിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. മഹാമാരികാലത്തെ അടച്ചുപൂട്ടലുകൾ നേരിട്ട ജീവനക്കാർക്ക് വേതനത്തിന്റെ 80% തിരികെ നൽകികൊണ്ടുള്ള ജോബ് റീടെൻഷൻ (ഫർലോ സ്‌കീം) നടപ്പിലാക്കിയത് സുനകായിരുന്നു.

2020 ജൂണിൽ, ഡൗണിംഗ് സ്ട്രീറ്റിൽ ലോക്ക്ഡൗൺ ലംഘിച്ച് നടത്തിയ പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തതിന് ബോറിസിനെപ്പോലെ, സുനകിനും പോലീസ് പിഴ ചുമത്തിയിരുന്നു. ബ്രിട്ടനിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയോട് പ്രതികരിക്കാൻ വൈകിയതും അദ്ദേഹം കടുത്ത വിമർശനത്തിന് വിധേയനാക്കി. കൂടാതെ, തന്റെ ഭാര്യ അക്ഷത മൂർത്തിയുടെ ഡൊമിസൈൽ പദവിയുമായി ബന്ധപ്പെട്ട വിവാദവും സുനക്കിനെ കുഴക്കിയിരുന്നു. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകളാണ് അക്ഷത.

പെനി മോഡന്റ്

പെനി മോഡന്റ്

ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയാകാൻ സാധ്യത കല്‍പിക്കുന്നവരിൽ ഒരാളാണ് പെന്നി മോർഡോണ്ട്. 2021 മുതൽ സ്റ്റേറ്റ് ട്രേഡ് പോളിസി മിനിസ്റ്ററാണ്. ബ്രിട്ടന്റെ ആദ്യ വനിതാ പ്രധിരോധ സെക്രട്ടറിയായ മോഡന്റ് 2010 മുതൽ പോർട്ട്‌സ്മൗത്ത് നോർത്തിൽ നിന്നുള്ള എംപിയാണ്.

ഹ്രസ്വകാലത്തേക്ക് വഹിച്ച പ്രതിരോധ സെക്രട്ടറി സ്ഥാനം ഉൾപ്പെടെ അന്താരാഷ്ട്ര വികസന സെക്രട്ടറി, സമത്വ (ഇക്വാളിറ്റി) മന്ത്രി, എന്നിങ്ങനെ നിരവധി വകുപ്പുകളും മോഡന്റ് കൈകാര്യം ചെയ്തിട്ടുണ്ട്.

നദീം സഹാവി

നദീം സഹാവി

കൺസർവേറ്റീവ് പാർട്ടിയിലെ പുത്തൻ താരോദയമാണ് ഇറാഖി കുര്‍ദ് വംശജനായ നദീം സഹാവി. സുനകിന്റെ രാജിയെ തുടർന്നാണ് സഹാവി ധനമന്ത്രിയായി നിയമിതനാകുന്നത്. രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിന് മുമ്പ് വ്യവ്യസായി എന്ന നിലയിൽ പ്രശസ്തനായിരുന്നു സഹാവി.

2000-ത്തിൽ യൂഗോവ് എന്ന പോളിങ് കമ്പനിയുടെ സഹസ്ഥാപനകനായി. 2010 വരെ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവായിരുന്ന സഹാവി, സ്ഥാപനത്തെ ബ്രിട്ടനിലെ പ്രമുഖ മാർക്കറ്റിങ് സ്ഥാപനമാക്കി മാറ്റി. സഹാവിയുടെ നേതൃത്വത്തിലാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിൻ വിതരണം ബ്രിട്ടൻ കൈവരിച്ചത്.

ലിസ് ട്രസ്

ലിസ് ട്രസ്

കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ പ്രിയങ്കരിയാണ് വിദേശകാര്യ സെക്രട്ടറിയായ ലിസ് ട്രസ്. 'ഇൻ ലിസ് വീ ട്രസ്' എന്ന മുദ്രാവാക്യം കൺസർവേറ്റിവുകളുടെ ഇടയിൽ പ്രശസ്തമാണ്. 46 കാരിയായ ട്രസ് ബ്രെക്സിറ്റ്‌ വിജയത്തിൽ പ്രധാന പങ്ക് വഹിച്ചവരിൽ ഒരാളാണ്. കഴിഞ്ഞ വർഷം യൂറോപ്യൻ യൂണിയനുമായി നടത്തിയ ചർച്ചകളിൽ മധ്യസ്ഥ ട്രസ്സായിരുന്നു.

ജെറിമി ഹണ്ട്

ജെറിമി ഹണ്ട്

വിദേശ, ആരോഗ്യ മന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ജെറിമി ഹണ്ട് 2019 ലെ തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ എതിരാളിയായിരുന്നു. വിവാദങ്ങളിൽപ്പെടാത്ത നേതാവാണ് ഹണ്ട്. ജനുവരിയിൽ, രാജ്യത്തെ നയിക്കാനുള്ള തന്റെ അഭിലാഷം പൂർണ്ണമായും അപ്രത്യക്ഷമായിട്ടില്ലെന്ന് 55 കാരനായ അദ്ദേഹത്തിന്‍റെ നിലപാട്. വിശ്വാസവോട്ടെടുപ്പിൽ ബോറിസിനെതിരെ വോട്ട് ചെയ്തവരിൽ ഒരാളാണ് ഹണ്ട്. പാർലമെന്റിന്റെ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ സെലക്ട് കമ്മിറ്റിയുടെ നിലവിലെ തലവനാണ് ജെറമി ഹണ്ട്.

മൈക്കൽ ഗോവ്

മൈക്കൽ ഗോവ്

യുകെ സര്‍ക്കാറില്‍ നിരവധി സുപ്രധാന കാബിനറ്റ് പദവികൾ വഹിച്ചിട്ടുള്ള നേതാവാണ് മൈക്കൽ ഗോവ്. ബ്രിട്ടനിലെ സാമൂഹിക അസമത്വം അവസാനിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റാനുള്ള പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചത് ഗോവ് ആയിരുന്നു.

പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട ഗോവിനെ ലെവല്ലിങ് അപ്പ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ബോറിസ് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.

ബ്രെക്‌സിറ്റ് പ്രചാരണത്തിൽ പ്രധാന പങ്ക് വഹിച്ച നേതാവ് കൂടിയാണ് ഗോവ്. 54 കാരനായ ഗോവ് പാർട്ടിയിൽ പരക്കെ ബഹുമാനിക്കപ്പെടുന്നുണ്ടെങ്കിലും വിശ്വാസ്യത കുറവാണെന്നതാണ് അദ്ദേഹത്തിനുള്ള തിരിച്ചടി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ