WORLD

യുകെയിലെ ചെറുപ്പക്കാർക്ക് 'സന്തോഷമാന്ദ്യം'; കുട്ടികളും കൗമാരക്കാരും അസന്തുഷ്ടരെന്ന് പഠനം

വെബ് ഡെസ്ക്

യുകെയിലെ ചെറുപ്പക്കാർ 'സന്തോഷമാന്ദ്യം' നേരിടുന്നതായി പഠനം. യൂറോപ്പിലെ മറ്റു സമപ്രായക്കാരെ അപേക്ഷിച്ച് രാജ്യത്തെ കുട്ടികളും കൗമാരക്കാരും അങ്ങേയറ്റം അസന്തുഷ്ടരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. യുകെയിലെ 15 വയസുള്ള കുട്ടികൾക്ക് ജീവിത സംതൃപ്തി വളരെ കുറവാണെന്നും പഠനത്തിൽ പറയുന്നു. ബ്രിട്ടീഷ് ചാരിറ്റിയായ ദി ചിൽഡ്രൻസ് സൊസൈറ്റിയാണ് ഇതുസംബന്ധിച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

സമീപ വർഷങ്ങളിൽ ശേഖരിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ചാരിറ്റി 'ദ ഗുഡ് ചൈൽഡ്ഹുഡ് റിപ്പോർട്ട്' 2024 റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ 10 നും 17 നും ഇടയിൽ പ്രായമുള്ളവരിൽ 11 ശതമാനവും അസുഖകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്. രാജ്യത്തെ അധിക ജീവിതച്ചെലവ് നേരിട്ട് ബാധിക്കുന്ന വീടുകളിൽ താമസിക്കുന്ന ചെറുപ്പക്കാരിൽ ആറിലൊരാൾക്ക് ജീവിതസംതൃപ്തി കുറവാണ്.

ഫിൻലാൻഡ്, ഡെൻമാർക്ക്, റൊമാനിയ, പോർച്ചുഗൽ, ക്രൊയേഷ്യ, ഹംഗറി എന്നിവയുൾപ്പെടെ യൂറോപ്പിലെ 27 രാജ്യങ്ങളിൽ 15 വയസ്സുള്ളവരിൽ 2022-ൽ ഏറ്റവും കുറഞ്ഞ ജീവിത സംതൃപ്തി യുകെയിലാണെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു. ഈ പ്രായക്കാരിൽ നാലിലൊന്നു പേരും അസന്തുഷ്ടരാണ്. പെൺകുട്ടികളാണ് ഇതിൽ ഏറ്റവും മോശം അവസ്ഥയിൽ ഉള്ളത്. 15 വയസ്സുള്ള 30 ശതമാനം ബ്രിട്ടീഷ് പെൺകുട്ടികളും ജീവിതത്തിൽ സംതൃപ്തരല്ല. ഇത് 21 ശതമാനമെന്ന യൂറോപ്യൻ ശരാശരിയേക്കാൾ വളരെ കൂടുതലാണ്.

ബ്രിട്ടനിലെ കൗമാരക്കാരുടെ ക്ഷേമത്തിൻ്റെ 'അഗാധമായ ആശങ്കാജനകമായ ചിത്രമാണ്' ഈ കണക്കുകൾ അവതരിപ്പിക്കുന്നതെന്ന് ചിൽഡ്രൻസ് സൊസൈറ്റി ചൂണ്ടിക്കാട്ടുന്നു.

ഗുഡ് ചൈൽഡ്‌ഹുഡ് റിപ്പോർട്ടിൽ ഉടൻ തന്നെ നടപടിയെടുക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും എല്ലാവർക്കും നല്ല ബാല്യത്തിലേക്കുള്ള പാത ഒരുക്കണമെന്നും ചിൽഡ്രൻസ് സൊസൈറ്റി അഭ്യർത്ഥിച്ചു. "ഞങ്ങൾ ഇതുവരെ പ്രസിദ്ധീകരിച്ചതിൽ ഏറ്റവും ഞെട്ടിക്കുന്ന റിപ്പോർട്ട് ഇതാണ്. സംശയമില്ല" ചിൽഡ്രൻസ് സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് മാർക്ക് റസൽ കൂട്ടിച്ചേർത്തു.

എന്താണ് ചെറുപ്പക്കാരുടെ അസന്തുഷ്ടിക്കു പിന്നിൽ ?

സാമൂഹ്യ- സാമ്പത്തിക അസമത്വങ്ങളാണ് പ്രധാനമായും ഈ അസംതൃപ്തിക്ക് പിന്നിലെന്ന് പഠനം വ്യക്തമാക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ബുദ്ധിമുട്ടുകയും ചെയ്യുന്ന ചെറുപ്പക്കാരാണ് അസന്തുഷ്ടരായി ജീവിക്കുന്നതിൽ ഏറ്റവും കൂടുതൽ. ദാരിദ്ര്യവും മറ്റു പ്രശ്‍നങ്ങളും കുട്ടികളുടെ മാനസികനില കൂടുതൽ വഷളാക്കുന്നു.

രാജ്യത്തെ വിലക്കയറ്റം സംബന്ധിച്ച പ്രശ്നങ്ങളിൽ യുകെയിലെ അഞ്ചിൽ രണ്ട് കുട്ടികളും യുവാക്കളും ആശങ്കാകുലരാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് പ്രകാരം 14 ശതമാനം കുട്ടികളും സ്കൂൾ ജീവിതത്തിൽ കടുത്ത അസംതൃപ്തരാണ്. ഈ അസംതൃപ്തി ഏറ്റവും മോശം നിലയിൽ ഉള്ളത് ബ്രിട്ടീഷ് പെൺകുട്ടികളാണ്. സമീപ വർഷങ്ങളായി ഏറ്റവും കൂടുതൽ അസന്തുഷ്ടരായി ജീവിതം കഴിയുന്നത് ഇക്കൂട്ടരാണ്.

2009 ൽ പുറത്തുവിട്ട സമാനമായ റിപ്പോർട്ടനുസരിച്ച് കുട്ടികളുടെ സന്തോഷം ഏറ്റവും കുറഞ്ഞിരുന്നത് പൊതുവായുള്ള ജീവിത സാഹചര്യങ്ങൾ, സുഹൃത്തുക്കൾ, സൗന്ദര്യസങ്കല്പങ്ങൾ, സ്കൂൾ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ജോലികൾ എന്നീ മേഖലകളിലായിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട വരുമ്പോൾ മിക്ക കുട്ടികളും സന്തുഷ്ടരാണെന്നാണ് പറഞ്ഞിരുന്നത്.

2021-22 കാലയളവിലേക്കു വരുമ്പോഴും കുട്ടികൾ ഏറ്റവും സന്തുഷ്ടരായിരിക്കുന്നത് കുടുംബത്തിന്റെ കാര്യത്തിലാണ്. എന്നാൽ ഭൂരിഭാഗം പേരും ഏറ്റവും കൂടുതൽ അസന്തുഷ്ടി രേഖപ്പെടുത്തിയത് സൗന്ദര്യ സങ്കല്പങ്ങൾ മൂലമുള്ള സമ്മർദ്ദങ്ങൾ കൊണ്ടാണ്. തങ്ങളുടെ രൂപ ഭാവത്തെക്കുറിച്ചും, സൗന്ദര്യത്തെക്കുറിച്ചും കുട്ടികൾ അങ്ങേയറ്റം അസ്വസ്ഥരാണ്. നാലിൽ ഒരു പെൺകുട്ടി തന്റെ രൂപത്തിൽ അസംതൃപ്തയാണെന്നും റിപ്പോർട്ട് അടിവരയിടുന്നു.

സോഷ്യൽ മീഡിയയുടെ വർധിച്ചുവരുന്ന ഉപയോഗമാണ് ഇതിനുകാരണമെന്ന് റസൽ പറയുന്നു. "കുട്ടികൾ സമൂഹമാധ്യമങ്ങളിൽ ധാരാളം ചിത്രങ്ങൾ കാണുന്നു. അവർ മറ്റ് ചെറുപ്പക്കാരുമായി തങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നു," അദ്ദേഹം വ്യക്തമാക്കി.

സർവേയിൽ പങ്കെടുത്ത മാതാപിതാക്കളിൽ പലർക്കും കുട്ടികൾ ആവശ്യപ്പെടുന്ന വിനോദയാത്രകളും മറ്റും താങ്ങാനുള്ള കഴിവില്ല. സ്കൂളിനു പുറത്ത് കുട്ടികൾക്കുവേണ്ട ഇത്തരം വിനോദപരിപാടികളെ അനുവദിക്കാൻ മാതാപിതാക്കൾക്ക് കഴിയാത്തതും കുട്ടികളെ അസംതൃപ്തരാക്കുന്നുണ്ട്.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്