WORLD

യുകെയിലേക്കുള്ള കുടിയേറ്റം ഇനി എളുപ്പമാകില്ല; വിസ നിയമങ്ങൾ കടുപ്പിച്ച് ബ്രിട്ടീഷ് സർക്കാർ, മാറ്റങ്ങള്‍ ഇങ്ങനെ

യുകെയിൽ ജോലിചെയ്യാനോ ജീവിക്കാനോ ആഗ്രഹിക്കുന്നവർ സ്വയം പര്യാപ്തതയുള്ളവരായിരിക്കണമെന്നും രാജ്യത്തിന് ബാധ്യതയാകരുതെന്നുമാണ് ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നത്

വെബ് ഡെസ്ക്

ആളുകൾ കുടിയേറുന്നത് കുറയ്ക്കാൻ വിസ നിയമങ്ങൾ കടുപ്പിച്ച് യു കെ. രാജ്യത്ത് ജോലിയുടെ ഭാഗമായും പഠനത്തിന്റെ ഭാഗമായും കുടിയേറുന്നവരുടെ എണ്ണം വലിയതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ടോറി പാർട്ടിയിൽ നിന്നുള്ള എംപിമാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് പ്രധാനമന്ത്രി ഋഷി സുനക് പുതിയ വിസ നിയമങ്ങൾ അവതരിപ്പിച്ചത്. മിനിമം സാലറിയുൾപ്പെടെയുള്ള പുതിയ മാറ്റങ്ങൾ മൂന്നു ലക്ഷത്തോളം പേരെ ബാധിക്കുമെന്നാണ്‌ കരുതുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് ആളുകൾ കുടിയേറുന്നതിന്റെ നിരക്ക് വളരെ കൂടുതലായിരുന്നു, അത് നിയന്ത്രിക്കാൻ താൻ നിർബന്ധിതനായതാണെന്നാണ് ഋഷി സുനക് പറയുന്നത്.

ആളുകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ ഏറ്റവും വലിയ നിയന്ത്രണമാണ് തങ്ങൾ വരുത്തിയത് എന്നാണ് ഋഷി സുനക് സമൂഹ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടത്. ഇന്നുവരെ മറ്റൊരു പ്രധാനമന്ത്രിയും ഇതിനു തുനിഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

ബ്രിട്ടീഷ് സർക്കാർ മുന്നോട്ടുവച്ച പ്രധാന മാറ്റങ്ങൾ

1. ജോലിക്കോ പഠിക്കാനോ യുകെയിൽ വരുന്നവരുടെ കൂടെ ഡിപെൻഡന്റ്സ് ആയി വരുന്നവരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചു. കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.

2. ശമ്പള പരിധി നിശ്ചയിച്ചു. മറ്റു രാജ്യങ്ങളിൽ നിന്ന് ജോലിക്കായി കുടിയേറുന്നവർക്ക് ഏറ്റവും കുറഞ്ഞ ശമ്പള പരിധി നിശ്ചയിച്ചു. ആ പരിധിക്കു മുകളിൽ ശമ്പളം ഉള്ളവർക്ക് മാത്രമേ ഇനി മുതൽ യുകെയിലേക്ക് ജോലിക്ക് വരാൻ സാധിക്കുകയുള്ളു. പുറത്തു നിന്നു വരുന്ന കുടുംബങ്ങളെ സ്പോൺസർ ചെയ്യുന്ന യുകെ പൗരരായവർക്കും ശമ്പള പരിധി നിശ്ചയിക്കും. മറ്റുരാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ശമ്പള പരിധി 26,200 പൗണ്ടിൽ നിന്ന് 38,700 പൗണ്ടാക്കി വർധിപ്പിച്ചു.

3. ആരോഗ്യപ്രവർത്തകർക്ക് നൽകുന്ന ഹെൽത്ത് കെയർ വിസയിലും നിയന്ത്രണങ്ങൾ കൊണ്ടുവരും. മറ്റു രാജ്യങ്ങളിൽ നിന്ന് യുകെയിലേക്ക് കുടിയേറുന്ന ആരോഗ്യപ്രവർത്തകർക്ക് ഇനി മുതൽ ഡിപെൻഡന്റ്സായി ആളുകളെ കൊണ്ടുവരാൻ സാധിക്കില്ല. ആരോഗ്യമേഖലയിൽ കെയർ ക്വാളിറ്റി കമ്മീഷൻ അംഗീകരിച്ച ജോലികൾ ചെയ്യുന്നവർക്ക് മാത്രമേ കമ്പനികളിൽ നിന്ന് സ്‌പോൺസർഷിപ്പ് സ്വീകരിക്കാൻ സാധിക്കുകയുള്ളു.

4. ജോലിക്ക് ആളെ ലഭിക്കാത്ത മേഖലകളിൽ ശമ്പള പരിധിയിൽ 20 ശതമാനം ഇളവുനൽകുന്നത് എടുത്ത് മാറ്റി. ആളെ ലഭിക്കാൻ ബുദ്ധിമുട്ടുള്ള ജോലികളുടെ പട്ടിക പ്രത്യേകമായി തയാറാക്കും.

5. വിദ്യാർഥികളുടെ ഡിപെൻഡന്റ്സ് ആയി കുടുംബാംഗങ്ങൾ വരുന്നതിനും യുകെ നിയന്ത്രണമേർപ്പെടുത്തി. ഇത് കുടിയേറുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാക്കുമെന്നു കരുതുന്നു. 2023 സെപ്റ്റംബർ മാസം വരെ 153,000 വിസകൾ ഇത്തരത്തിൽ കുടുംബാംഗങ്ങൾക്ക് നൽകിയതായാണ് കണക്ക്.

യുകെയിൽ ജോലിചെയ്യാനോ ജീവിക്കാനോ ആഗ്രഹിക്കുന്നവർ സ്വയം പര്യാപ്തതയുള്ളവരായിരിക്കണമെന്നും രാജ്യത്തിന് ബാധ്യതയാകരുതെന്നുമാണ് പുതിയ നിയമങ്ങളിലൂടെ ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കുന്നത് . ഈ നിയമമാറ്റത്തിലൂടെ ഇത്രയുംകാലം ഭരിച്ച കൺസെർവേറ്റിവ് സർക്കാർ പരാജയം അംഗീകരിക്കുകയാണെന്ന വിമർശനവുമായി ലേബർ പാർട്ടിയിൽ നിന്നുള്ള ആഭ്യന്തര വകുപ്പ് വക്താവ് യെറ്റെ കൂപ്പർ രംഗത്തെത്തിയിട്ടുണ്ട്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി