ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ച് യുകെ. ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിയുടെ ഇസ്രയേൽ അനുകൂല നിലപാടിൽനിന്നുള്ള വ്യതിചലിക്കുന്നതാണ് കെയിർ സ്റ്റാമറിന്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി സർക്കാറിന്റെ തീരുമാനം.
ഗാസയ്‌ക്കെതിരായ ഇസ്രയേൽ ആക്രമണത്തിലെ യുദ്ധക്കുറ്റങ്ങൾ ആരോപിച്ച് നെതന്യാഹുവിനും ആഭ്യന്തര മന്ത്രി യോവ് ഗാലൻ്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഐസിസി ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ ആവശ്യപ്പെട്ടത്. എന്നാൽ അങ്ങനെയൊരു നീക്കത്തിന് അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ല എന്ന നിലപാടായിരുന്നു ഋഷി സുനക് സർക്കാരിന്.
ജൂൺ ആദ്യവാരം, തങ്ങളുടെ എതിർപ്പുകളും അന്നത്തെ യുകെ സർക്കാർ അന്താരാഷ്ട്ര കോടതിയിൽ ഉന്നയിച്ചിരുന്നു. തുടർന്ന് ജൂലൈ പന്ത്രണ്ടിനകം വാദങ്ങൾ സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടെങ്കിലും യുകെയിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം വരെ സമയം നീട്ടി നൽകുകയായിരുന്നു.
നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനോ എന്നത് കോടതി തീരുമാനിക്കേണ്ട വിഷയമാണെന്നാണ് പുതിയ സർക്കാറിന്റെ നിലപാട്. അതുകൊണ്ടുതന്നെ സുനക് സർക്കാറിന്റെ തീരുമാനത്തിന് അനുസൃതമായി പ്രവർത്തിക്കാൻ തയാറല്ലെന്നാണ് പ്രധാനമന്ത്രി സ്റ്റാമറിന്റെ ഔദ്യോഗിക വക്താവ് അറിയിക്കുന്നത്.
അമേരിക്കയുടെ ഇസ്രയേൽ അനുകൂല നിലപാടിനോട് ചേർന്ന് നിൽക്കുന്നതായിരുന്നു ഋഷി സുനക് സർക്കാറിന്റെ എല്ലാ തീരുമാനങ്ങളും. എന്നാൽ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടികളിൽ ഇടപെടേണ്ടെന്ന തീരുമാനം അതിൽനിന്നുള്ള യുകെയുടെ പിന്മാറ്റത്തിന്റെ സൂചനകളാണ് നൽകുന്നത്.
കഴിഞ്ഞയാഴ്ച, ബ്രിട്ടൻ്റെ പുതിയ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, പലസ്തീനികളെ സഹായിക്കുന്ന യുഎൻ ദുരിതാശ്വാസ ഏജൻസിയായ യുഎൻആർഡബ്ല്യുഎയ്ക്ക് ധനസഹായം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതും ഈ വ്യതിചലനത്തിന്റെ ഭാഗമായിരുന്നു. ഇസ്രയേലുമായി ആയുധ കച്ചവടം തുടരണമോ എന്ന കാര്യത്തിലും സ്റ്റാമർ സർക്കാർ ചർച്ചകൾ നടത്തി വരികയാണെന്നും റിപ്പോർട്ടുകളുണ്ട്.