WORLD

ഖേഴ്സണിനടുത്തുള്ള അണക്കെട്ട് റഷ്യ തകർത്തുവെന്ന് യുക്രെയ്ൻ; നിഷേധിച്ച് റഷ്യ, പ്രളയമുന്നറിയിപ്പ്

വെബ് ഡെസ്ക്

തെക്കൻ യുക്രെയ്നിലെ പ്രധാന അണക്കെട്ടും ജല-വൈദ്യുത സ്റ്റേഷനും റഷ്യൻ സൈന്യം തകർത്തുവെന്നാരോപിച്ച് യുക്രെയ്ൻ. അണക്കെട്ട് തകർന്നതിനെ തുടർന്ന് പ്രളയത്തിന് സാധ്യതയുണ്ടെന്നും പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചതായും യുക്രെയ്ൻ അധികൃതർ അറിയിച്ചു. എന്നാൽ, യുക്രെയ്‌ന്റെ ആരോപണങ്ങൾ തള്ളിയ റഷ്യ, തർക്ക പ്രദേശത്തെ യുക്രെയ്ൻ സൈനിക ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതാണ് അണക്കെട്ട് തകരാൻ കാരണമെന്ന് തിരിച്ചടിച്ചു.

അണക്കെട്ട് പൊട്ടിയത് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷ്യ ആണവ നിലയത്തെ പ്രതികൂലമായി ബാധിക്കും. വടക്കന്‍ ക്രിമിയയിലേക്കുള്ള ജലവിതരണവും താറുമാറാകുമെന്നാണ് വിലയിരുത്തല്‍

അണക്കെട്ട് തകരുന്നതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെയാണ് അണക്കെട്ട് തകർന്ന് വെള്ളം ഒഴുകുന്നതെന്ന് ദൃശ്യങ്ങളിൽ കാണാം.1956ലാണ് 30 മീറ്റർ ഉയരവും 3.2 കിലോമീറ്റർ നീളവുമുള്ള അണക്കെട്ട് നിപ്രോ നദിക്ക് കുറുകെ നിർമിച്ചത്. ബെലാറസുമായുള്ള വടക്കൻ അതിർത്തി മുതൽ കരിങ്കടൽ വരെ നീളുന്ന ഡിനിപ്രോ നദിയിലെ ആറ് ഡാമുകളിൽ അഞ്ചെണ്ണം യുക്രെയ്നിന്റെ നിയന്ത്രണത്തിലാണ്. എന്നാല്‍, അകലെയുള്ള കഖോവ്ക അണക്കെട്ട് 2014 മുതൽ റഷ്യന്‍ സേനയുടെ നിയന്ത്രണത്തിലാണ്.

തെരുവുകളിൽ വെള്ളം കയറുകയും വീടുകൾ മുങ്ങാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തലിനെ തുടർന്ന് പുഴയുടെ തീരത്തുള്ള 10 ഗ്രാമങ്ങളിലുള്ളവർ അടിയന്തരമായി ഒഴിഞ്ഞു പോകണമെന്ന് ആഭ്യന്തര മന്ത്രാലയം ടെലഗ്രാമിലൂടെ അറിയിച്ചിരുന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന് ആവശ്യമായ ജലവിതരണം നടത്തുന്ന ഡാമിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായും ക്രിമിയയിലെ തെക്കുഭാഗത്തേക്കുള്ള കുടിവെള്ള വിതരണം താറുമാറാകുമെന്നും അധികൃതർ വ്യക്തമാക്കി. അണക്കെട്ട് പൊട്ടിയത് യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപോറിഷ്യ ആണവ നിലയത്തെ പ്രതികൂലമായി ബാധിക്കുമെന്ന് യുക്രെയ്ന്റെ ആണവ ഓപ്പറേറ്റർ എനർജിയോട്ടം പ്രസ്താവനയില്‍ പറഞ്ഞു. വടക്കൻ ക്രിമിയയിലെ ജലവിതരണത്തെയാകും കൂടുതലായി ബാധിക്കുകയെന്ന് യുക്രെയ്നിലെ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്തുന്ന സംഘടനയായ യുക്രെയ്ൻ വാർ എൻവയോൺമെന്റ് ഇംപാക്റ്റ്സ് വർക്കിങ് ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

അതേസമയം, തങ്ങളുടെ വിദഗ്ധർ പ്ലാന്റിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആണവ നിലയത്തിൽ നിലവിൽ അപകടസാധ്യത ഇല്ലെന്നും ഐക്യരാഷ്ട്ര സഭയുടെ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി ട്വിറ്ററിൽ കുറിച്ചു. നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും വേണ്ട നടപടികൾ കൈക്കൊള്ളുന്നതിനുമായി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി ഉന്നതതല യോഗം വിളിച്ച ചേർത്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അണക്കെട്ടിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. മനഃപ്പൂർവം പ്രളയം സൃഷ്ടിക്കുന്നതിനായി റഷ്യ അണക്കെട്ട് നശിപ്പിക്കുമെന്ന് സെലെൻസ്കി പ്രവചിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനാൽ, ശീതീകരണ സംവിധാനത്തിനായി അണക്കെട്ടിനെ ആശ്രയിക്കുന്ന സപോറിഷ്യ ആണവ നിലയം തകരുമെന്ന് പോലും പലരും ഭയപ്പെട്ടിരുന്നു. മെയ് പകുതിയോടെ, കനത്ത മഴയ്ക്ക് ശേഷമാണ് ജലനിരപ്പ് സാധാരണ നിലയേക്കാൾ ഉയർന്നത്. പകുതി തകർന്ന സ്ലൂയിസ് ഗേറ്റുകൾക്ക് മുകളിലൂടെ വെള്ളം പുറത്തേക്കൊഴുകുന്നത് ഉപഗ്രഹ ചിത്രങ്ങളിൽ പോലും വ്യക്തമായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും