റഷ്യക്കെതിരായ പ്രതിരോധത്തില്‍ യുക്രെയ്‌ന് ബ്രിട്ടീഷ് ആയുധങ്ങള്‍ ഉപയോഗിക്കാമെന്ന് യുകെ പ്രതിരോധ മന്ത്രാലയം. റഷ്യയുടെ നിയമവിരുദ്ധമായ എല്ലാ ആക്രമണങ്ങളേയും ചെറുക്കാനുള്ള അവകാശം യുക്രെയ്‌നുണ്ടെന്നും പ്രതിരോധ മന്ത്രാലയം വക്താവ് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായായിരിക്കണം ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തിട്ടുണ്ട്.
റഷ്യയുടെ യുദ്ധക്കളത്തില്‍ ആന്റി ടാങ്ക് മിസൈലുകള്‍, കവചങ്ങള്‍, സൈനിക വാഹനങ്ങള്‍, മറ്റ് യുകെ നിർമിത ആയുധങ്ങള്‍ എന്നിവ ഉപയോഗിക്കാമെന്നാണ് നയം വ്യക്തമാക്കുന്നത്. പക്ഷേ, യുകെയുടെ സ്റ്റോം ഷാഡൊ മിസൈലുകള്‍ യുക്രെയ്‌ൻ പരിധിക്കപ്പുറം ഉപയോഗിക്കാനാകില്ല. ലോങ് റേഞ്ച് മിസൈലുകള്‍ യുക്രെയ്‌ന് അതിർത്തിക്കുള്ളില്‍ മാത്രമാണ് പ്രയോഗിക്കാനാകുക.
റഷ്യക്കെതിരായ യുക്രെയ്‌ന്റെ അപ്രതീക്ഷിത ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിടുകയാണ്. റഷ്യൻ മേഖലയായ കുർസ്‌കില്‍ 30 കിലോ മീറ്ററോളം യുക്രെയ്ൻ സൈന്യം എത്തിക്കഴിഞ്ഞു. 2022 ഫെബ്രുവരിയില്‍ റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള യുക്രെയ്‌ന്റെ ഏറ്റവും വലിയ മുന്നേറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.
യുക്രെയ്‌ന്റെ നീക്കം പ്രകോപനപരമായ ഒന്നാണെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറയുന്നത്. ഏകദേശം രണ്ട് ലക്ഷത്തോളം പേരാണ് അതിർത്തി ജില്ലയായ ബെല്‍ഗോറോഡില്‍ നിന്ന് ഒഴിഞ്ഞ് പോയിരിക്കുന്നത്.
യുക്രെയ്‌ൻ സൈന്യത്തിന്റെ നീക്കങ്ങള്‍ തടയുന്നതായി റഷ്യ അവകാശപ്പെടുന്നുണ്ട്. യുക്രെയ്‌ന്റെ അതിർത്തികള്‍ സംരക്ഷിക്കുന്നതിനായി കുർസ്കില്‍ ഒരു സുരക്ഷാ മേഖല ഒരുക്കുന്നതിനായുള്ള പദ്ധതി ഉണ്ടായിരുന്നതായി യുക്രെയ്‌ന്റെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഐറിന വെരേസ്‌ഷുക്ക് അറിയിച്ചു. മേഖലയില്‍ റഷ്യൻ പൗരന്മാരുണ്ടായിരുന്നതായും ഇവർ മാനുഷിക നിയമത്തിന് അനുസൃതമായി സംരക്ഷണയിലാണെന്നും ഐറിന കൂട്ടിച്ചേർത്തു.
സാധാരണക്കാരെ ഒഴിപ്പിക്കുന്നതിനായി മാനുഷിക ഇടനാഴികള്‍ നിർമിക്കുമെന്നും ഐറിന വ്യക്തമാക്കി. അന്താരാഷ്ട്ര മാനുഷിക സംഘടനകളും മേഖലകളില്‍ പ്രവർത്തിക്കും. മാനുഷിക സഹായം വേണ്ടവർ, അല്ലെങ്കില്‍ യുക്രെയ്‌നിലേക്ക് പലായനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുന്നില്‍ 24 മണിക്കൂറാണ് നല്‍കിയിട്ടുള്ളത്.
റഷ്യ തൊടുത്ത 29 ഡ്രോണുകള്‍ തകർത്തതായി യുക്രെയ്‌ൻ വ്യോമ സേന അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും 13 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയുടെ ആക്രമണത്തിന് കാര്യമായ ആഘാതം സൃഷ്ടിക്കാനായിട്ടില്ലെന്നാണ് യുക്രെയ്ൻ അധികൃതർ അറിയിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ആളപായം ഉണ്ടാകുകയോ ചെയ്തിട്ടില്ലെന്നും കീവ്, പോള്‍ട്ടാവ, കിരോവോഹ്രാദ് എന്നീ മേഖലകളിലെ ഗവർണർമാർ അറിയിച്ചിട്ടുണ്ട്.