റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ ലക്ഷ്യമിട്ട് യുക്രയ്‌ന്റെ വന്‍ ഡ്രോണ്‍ ആക്രമണം. യുക്രയ്ന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യയ്ക്ക് എതിരെ നടക്കുന്ന ഏറ്റവും വിപുലമായ ഡ്രോണ്‍ ആക്രമണമാണ് ഞായറാഴ്ച ഉണ്ടായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മോസ്‌കോ നഗരത്തിന് മുകളിലെത്തിയ 34 ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വെടിവച്ചിട്ടെനാണ് പുറത്തുവരുന്ന വിവരം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതില്‍ അധികം ഡ്രോണുകള്‍ വെടിവച്ചിട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റഷ്യന്‍ സൈന്യത്തിന്റെ ആയുധപ്പുരകളാണ് യുക്രെയ്ന്‍ ഡ്രോണുകള്‍ ലക്ഷ്യമിട്ടതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റഷ്യന്‍ അധീന പ്രദേശങ്ങളില്‍ വിമാനം പോലുള്ള ഡ്രോണുകള്‍ ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുള്ള യുക്രെയ്ന്‍ ഭരണകൂടത്തിന്റെ ശ്രമം പരാജയപ്പെടുത്തി എന്നാണ് സംഭവത്തെ കുറിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിശദീകരണം. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മോസ്‌കോയിലെ ഡൊമോഡെഡോവോ, ഷെറെമെറ്റിയേവോ, സുക്കോവ്സ്‌കി എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. 36 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടെങ്കിലും പിന്നീട് പ്രവര്‍ത്തനം പുനരാരംഭിച്ചതായി റഷ്യയുടെ ഫെഡറല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് ഏജന്‍സി അറിയിച്ചു. മോസ്‌കോ മേഖലയില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
അടുത്തിടെയായി റഷ്യയും യുക്രയ്‌നും ഡ്രോണുകള്‍ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുന്ന സംഭവങ്ങള്‍ പതിവായിരുന്നു. യുക്രെയിനിന്റെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ഒറ്റരാത്രികൊണ്ട് 145 ഡ്രോണുകള്‍ വിക്ഷേപിച്ചതായി യുക്രയിന്‍ ആരോപിച്ചിരുന്നു. ഇതില്‍ 62 എണ്ണം വെടിവെച്ചിടാന്‍ കഴിഞ്ഞെന്നും യുക്രെയ്ന്‍ അവകാശപ്പെട്ടിരുന്നു.
റഷ്യ - യുക്രെയ്ന്‍ യുദ്ധത്തില്‍ സിവിലിയന്‍ മാരെ നേരിട്ട് ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൗത്തേണ്‍ യുക്രെയ്ന്‍ നഗരമായ കഴ്സണില്‍ മാത്രം കഴിഞ്ഞ ജൂലായ് ഒന്ന് മുതല്‍ 30 സിവിലിയന്‍മാരെങ്കിലും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. യുക്രയ്നിലെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാലയളവില്‍ അയ്യായിരത്തില്‍ അധികം ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും നാന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബിബിസി ചൂണ്ടിക്കാട്ടുന്നത്.
ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യയും യുക്രെയ്നും തങ്ങളുടെ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. ഇതിനൊപ്പമാണ് റഷ്യന്‍ ഡ്രോണുകള്‍ സിവിലിയന്‍മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. വീട്ടുമുറ്റത്തും, തെരുവുകളിലും വച്ച് സാധാരണ ജനങ്ങള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായി പറന്നെത്തുന്ന ഡ്രോണുകള്‍ ആളുകള്‍ക്ക് മേല്‍ ഗ്രനേഡ് നിക്ഷേപിക്കുന്ന സാഹചര്യമാണ് കഴ്സന്‍ മേഖലയില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സിവിലിയന്‍മാര്‍ക്ക് മേല്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നാണ് ഉയരുന്ന വിമര്‍ശനം.