യുക്രെയ്നിലെ കിഴക്കന്‍ മേഖലയില്‍ ഹിതപരിശോധനയുമായി റഷ്യ. ഡൊണെറ്റ്സ്ക്, ലുഹാൻസ്ക്, ഖര്‍സണ്‍, സപോറീഷ്യ പ്രദേശങ്ങളിലാണ് റഷ്യയുടെ നേതൃത്വത്തില്‍ ഹിത പരിശോധന നടത്തുന്നത്. മേഖലകളെ റഷ്യയോട് കൂട്ടിച്ചേര്‍ക്കുന്നതിന് മുന്നോടിയായാണ് നടപടി.
ഹിതപരിശോധനയും വോട്ടെടുപ്പും സെപ്റ്റംബര്‍ 27 വരെ നീളും. യുദ്ധത്തിനും റഷ്യൻ അധിനിവേശത്തിനും മുൻപ്, പുടിൻ സ്വതന്ത്ര മേഖലകളെന്ന് വിശേഷിപ്പിച്ചയിടങ്ങളിലാണ് ഹിതപരിശോധന നടക്കുന്നത്.
ഹിത പരിശോധന പ്രഹസനമെന്ന് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും
ദ്രുതഗതിയിൽ നടത്തുന്ന ഹിത പരിശോധന പ്രഹസമാണെന്ന് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങളും പ്രതികരിച്ചു. വ്യാജ നടപടികളും പ്രഹസനങ്ങളുമാണ് റഷ്യയുടേതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയില്‍ പറഞ്ഞു. എല്ലാ രാഷ്ട്രങ്ങൾക്കുമുള്ള അവകാശങ്ങൾ യുക്രെയ്‌നും ഉണ്ട്. ജനാധിപത്യവും സ്വേച്ഛാധിപത്യവും തമ്മിലുള്ള യുദ്ധത്തിൽ യുക്രെയ്‌നൊപ്പം നിലകൊള്ളുമെന്നും ബൈഡൻ ആവർത്തിച്ചു.
യുദ്ധം ഗൗരവമായി എടുക്കണമെന്നും നിലവിലെ സ്ഥിതി തുടരുന്നത് അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുമെന്നും ഇന്ത്യ
1994-ലെ ബുഡാപെസ്റ്റ് മെമ്മോറാണ്ടം പ്രകാരം, റഷ്യ അംഗീകരിച്ച യുക്രെയ്‌ന്റെ അതിർത്തികളിൽ ഒന്നിലും റഷ്യൻ നിയന്ത്രണം അംഗീകരിക്കില്ലെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോഡിമര്‍ സെലന്‍സ്കി അഭിപ്രായപ്പെട്ടു. എന്നാൽ, കിഴക്കൻ യുക്രെയ്നിലെ റഷ്യൻ ഭാഷ സംസാരിക്കുന്നവര്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്നുവെന്നും അവരെ രക്ഷിക്കാനായാണ് യുദ്ധമെന്നുമാണ് റഷ്യന്‍ വാദം.
അതേസമയം, യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് യുഎൻ സുരക്ഷാ കൗണ്‍സിലില്‍ റഷ്യയുടെ പേര് പരാമര്‍ശിക്കാതെ ഇന്ത്യ ആവശ്യപ്പെട്ടു. യുദ്ധം തുടർന്ന് പോകുന്നത് സമീപകാല ഭാവി അനിശ്ചിതത്വത്തിലാക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.
ഏകദേശം ഏഴുമാസം നീണ്ട യുദ്ധത്തിനിടെ സെപ്റ്റംബര്‍ ആദ്യം യുക്രെയ്നില്‍ റഷ്യ വലിയ തിരിച്ചടി നേരിട്ടിരുന്നു. യുക്രെയ്ന്‍ സൈന്യം പ്രതിരോധം അവസാനിപ്പിച്ച് പ്രത്യാക്രമണത്തിലേക്ക് കടന്നതോടെയാണ് വടക്കുകിഴക്കന്‍ മേഖലയില്‍ റഷ്യക്ക് തിരിച്ചടിയുണ്ടായത്. ഇതോടെയാണ് നാല് പ്രദേശങ്ങളില്‍ ഹിതപരിശോധന നടത്താന്‍ റഷ്യ തീരുമാനമെടുത്തത്. റഷ്യയുടെ തന്ത്രപ്രധാന മേഖലയായ ഇസിയം അടക്കമുള്ളവ യുക്രെയ്ന്‍ സേന പൂര്‍ണമായും തിരിച്ചുപിടിച്ചിരുന്നു.
യുക്രൈനില്‍ വീണ്ടും സൈനിക വിന്യാസത്തിന് കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിൻ ഉത്തരവിട്ടിരുന്നു. റഷ്യയെ എതിര്‍ക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് പുടിന്‍ മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ രണ്ട് ദശലക്ഷം വരുന്ന സൈനിക കരുതൽ ശേഖരം കുറച്ച്, യുക്രെയ്‌നിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുമെന്ന് പുടിന്‍ അറിയിച്ചിരുന്നു.