WORLD

റഷ്യൻ ചാരന്മാർ വിവരങ്ങൾ ചോർത്തിയേക്കുമെന്ന് ആശങ്ക; സർക്കാർ-സൈനിക ഉദ്യോഗസ്ഥർക്കിടയിൽ ടെലഗ്രാം നിരോധിച്ച് യുക്രെയ്ൻ

വെബ് ഡെസ്ക്

സർക്കാർ-സൈനിക വിഭാഗങ്ങൾക്കിടയിൽ ടെലഗ്രാം ആപ്പിന്റെ ഉപയോഗം നിരോധിച്ച് യുക്രെയ്ൻ. രാജ്യത്തേക്ക് അധിനിവേശം നടത്തികൊണ്ടിരിക്കുന്ന റഷ്യ, തങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ടെലഗ്രാം ഉപയോഗിച്ചേക്കുമെന്ന ആശങ്കയിലാണ് നടപടി. യുക്രെയ്ൻ ദേശീയ സുരക്ഷാ-പ്രതിരോധ കൗൺസിലാണ് വെള്ളിയാഴ്ച നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്.

ടെലഗ്രാം ആപ്പ് ഉപയോഗിച്ച് ചാരപ്പണി നടത്താൻ റഷ്യയുടെ പ്രത്യേക സംഘങ്ങൾക്ക് കഴിയുമെന്ന് തെളിവുകളടക്കം യുക്രെയ്ൻ ജിയുആർ മിലിട്ടറി ഇൻ്റലിജൻസ് ഏജൻസിയുടെ തലവൻ കൈറിലോ ബുദനോവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ- സൈനിക ഉദ്യോഗസ്ഥരും നിർണായക ചുമതലകൾ വഹിക്കുന്നവരും ഉപയോഗിക്കുന്ന ഔദ്യോഗിക ഉപകരണങ്ങളിൽ ടെലഗ്രാമിന്റെ ഉപയോഗം നിരോധിച്ചത്.

ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഔദ്യോഗിക ഫോണുകളിൽ ടെലഗ്രാം ഉപയോഗിക്കുന്നതിന് മാത്രമാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 2022 ഫെബ്രുവരിയിലെ റഷ്യൻ അധിനിവേശത്തിന് ശേഷം, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടെ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങളും തീരുമാനങ്ങളും ടെലഗ്രാമിലൂടെ ആയിരുന്നു അറിയിച്ചിരുന്നത്. ഏകദേശം 33000 ടെലഗ്രാം ചാനലുകളാണ് യുക്രെയ്നിൽ സജീവമായിട്ടുള്ളത്.

അതേസമയം, ഫോണിൽനിന്ന് നീക്കം ചെയ്യുന്ന ഫയലുകൾ ഉൾപ്പെടെ സ്വകാര്യ വിവരങ്ങൾ റഷ്യൻ സംഘങ്ങൾ ടെലഗ്രാമിലൂടെ ചോർത്തുമെന്നാണ് യുക്രെയ്ൻ ഭയക്കുന്നത്. ഇക്കാര്യം തെളിവുകളടക്കം ബുദനോവ് ചൂണ്ടിക്കാട്ടിയതായാണ് സെക്യൂരിറ്റി കൌൺസിൽ പ്രസ്തവാനയിലൂടെ അറിയിച്ചത്. എന്നാൽ തീരുമാനത്തിന് പിന്നാലെ വിയോജിപ്പുമായി ടെലഗ്രാം രംഗത്തുവന്നു. ഉപയോക്താക്കളുടെ വിവരങ്ങളോ സന്ദേശങ്ങളോ തങ്ങൾ ആർക്കും കൈമാറാറില്ലെന്നായിരുന്നു ആപ്പിന്റെ ഔദ്യോഗിക വിശദീകരണം. സന്ദേശങ്ങൾ ചോരുന്നത്, ഉപകരണങ്ങൾ ഹാക്ക് ചെയുക വഴിയാണെന്നും ടെലഗ്രാം പ്രതികരിച്ചു.

നേരത്തെയും ടെലഗ്രാം സംബന്ധിച്ച് നിരവധി ആശങ്കകൾ യുക്രെയ്ൻ ഉയർത്തിയിരുന്നു. എന്നാൽ നടപടികളിലേക്ക് നീങ്ങിയിരുന്നില്ല. ഏകദേശം 75 ശതമാനം യുക്രെയ്ൻ പൗരന്മാർ ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ആപ്പാണ് ടെലഗ്രാം. കൂടാതെ ഒരു വിവരസ്രോതസായും ടെലഗ്രാം ഉപയോഗിച്ചുപോരുന്നുണ്ട്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലഗ്രാം, സ്ഥാപിച്ചത് റഷ്യൻ വംശജനായ പവൽ ദുറോവാണ്. ടെലഗ്രാം ആപ്പ് ഉപയോഗിച്ചു നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ ഒരുതരത്തിലുള്ള നീക്കവും നടത്തിയില്ലെന്ന പേരിൽ പാവൽ ദുറോവിനെ അടുത്തിടെ ഫ്രഞ്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി, അൻവറിന് നിശിത വിമർശനം; പി ശശിയുടെത് മാതൃകാപരമായ പ്രവർത്തനം, എഡിജിപിയ്ക്കും സംരക്ഷണം

ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച ആക്ഷന്‍ കമ്മിറ്റി അംഗം; ഇടതുരാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നത് സഹോദരന്‍, ലോറന്‍സ് എന്ന മാര്‍ക്‌സിസ്റ്റ്

ഗില്ലിന്റെ 'പന്താട്ടം', ഇന്ത്യയുടെ സർവാധിപത്യം; ചെപ്പോക്കില്‍ ബംഗ്ലാദേശിന് 515 റണ്‍സ് വിജയലക്ഷ്യം

മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ എം എം ലോറൻസ് അന്തരിച്ചു

'മാധ്യമങ്ങൾ നടത്തുന്നത് നശീകരണ മാധ്യമപ്രവർത്തനം, കേരളം അവഹേളിക്കപ്പെട്ടു'; വയനാട് എസ്റ്റിമേറ്റ് കണക്ക് വാർത്തകളില്‍ നിയമനടപടിയെന്ന് മുഖ്യമന്ത്രി