WORLD

പുടിന് വൻ തിരിച്ചടി: 1,000 ചതുരശ്ര കിലോമീറ്റർ റഷ്യന്‍ പ്രദേശം പിടിച്ചെടുത്ത് യുക്രെയ്ൻ സൈന്യം

വെബ് ഡെസ്ക്

റഷ്യയിലെ കുർസ്ക് മേഖലയിൽ 1,000 ചതുരശ്ര കിലോമീറ്റർ റഷ്യൻ പ്രദേശം യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലാണെന്ന് യുക്രെയ്നിലെ ഉന്നത കമാൻഡർ ഒലെക്‌സാണ്ടർ സിർസ്‌കി. അപ്രതീക്ഷമായ അതിർത്തി കടന്നുള്ള ആക്രമണത്തിലാണ് ഡസൻ കണക്കിന് റഷ്യൻ ഗ്രാമങ്ങളുടെയും വലിയ ഭൂപ്രദേശങ്ങളുടെയും നിയന്ത്രണം യുക്രെയ്ൻ സൈന്യം പിടിച്ചെടുത്തത്. റഷ്യൻ പ്രദേശങ്ങൾ കയ്യടക്കിയവർക്ക് തക്കതായ മറുപടി നൽകുമെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിൻ അറിയിച്ചു.

യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമർ സെലെൻസ്‌കിയും സൈനികമേധാവിയും തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വെളിപ്പെടുത്തൽ നടത്തിയത്. ‘സ്ഥിതിഗതികൾ ഞങ്ങളുടെ നിയന്ത്രണത്തിലാണ്. സൈനികർ അവരുടെ ചുമതല നിറവേറ്റുന്നു’ -സെലെൻസ്‌കിയുടെ ഔദ്യോഗിക ടെലഗ്രാം ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ സൈനിക മേധാവി സിർസ്കി പറയുന്നു.

കുർസ്ക് മേഖലയിൽ ഏഴ് ദിവസം നീണ്ട ആക്രമണങ്ങൾ നടത്തിയാണ് പടിഞ്ഞാറൻ റഷ്യയിലെ പ്രദേശങ്ങൾ പിടിച്ചടക്കിയതെന്ന് കമാൻഡർ ഒലെക്‌സാണ്ടർ സിർസ്‌കി പറഞ്ഞു. 2022-ൽ റഷ്യയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം അതിർത്തി കടന്നുള്ള യുക്രെയ്നിൻ്റെ ഏറ്റവും വലിയ മുന്നേറ്റമാണ് ഇപ്പോള്‍ നടക്കുന്നത്. പടിഞ്ഞാറൻ റഷ്യൻ മേഖലയിൽ നിന്ന് സുരക്ഷ കണക്കിലെടുത്ത് നിരവധി പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള 1,80,000 റഷ്യൻ പൗരൻമാർ ഇതുവരെ കുടിയൊഴിഞ്ഞുപോയിട്ടുണ്ട്.

പ്രസിഡൻ്റ് പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശത്തെ 28 ഗ്രാമങ്ങൾ യുക്രേനിയൻ സേനയുടെ കീഴിലായെന്ന് കുർസ്ക് മേഖലയിലെ ആക്ടിംഗ് ഗവർണർ അലക്സി സ്മിർനോവ് അറിയിച്ചു. 12 സിവിലിയന്മാർ കൊല്ലപ്പെട്ടു. സാഹചര്യം മോശമാണെന്നും അദ്ദേഹം പറഞ്ഞു. റഷ്യയിലേക്ക് 18 മൈൽ (30 കിലോമീറ്റർ) വരെ മുന്നേറിയ യുക്രേനിയൻ സൈന്യം കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്.

റഷ്യ മറ്റുള്ളവരിലേക്ക് യുദ്ധം കൊണ്ടുവന്നു, ഇപ്പോൾ അത് റഷ്യയിലേക്ക് മടങ്ങുകയാണെന്നും യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി പ്രതികരിച്ചു. എന്നാൽ ആക്രമണത്തെ വലിയ പ്രകോപനം എന്ന് വിശേഷിപ്പിച്ച വ്‌ളാഡിമിർ പുടിൻ ശത്രുക്കളെ പ്രദേശത്ത് നിന്ന് പുറത്തക്കാന്‍ റഷ്യൻ സൈന്യത്തിനോട് നിര്‍ദേശിച്ചു.

‘രാജ്യത്തിന്റെ തെക്കൻ മേഖലയിലെ യുക്രെയ്ൻ നുഴഞ്ഞുകയറ്റം അസ്ഥിരത പടർത്താനുള്ള ശ്രമത്തിന്റ ഭാഗമാണ്. ഇതിന് തക്കതായ മറുപടി അവർക്ക് ലഭിക്കും. ശത്രുക്കളെ നമ്മുടെ പ്രദേശങ്ങളിൽ നിന്ന് പുറത്താക്കും’ പുടിൻ വ്യക്തമാക്കി. അതിർത്തി പ്രദേശങ്ങളിലെ പ്രാദേശിക ഉദ്യോഗസ്ഥരുമായും റഷ്യയിലെ ചില ഉന്നത സുരക്ഷാ, സർക്കാർ, നിയമ നിർവ്വഹണ ഉദ്യോഗസ്ഥരുമായും പുടിൻ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും