യുക്രെയിലെ റഷ്യന്‍ അധിനിവേശം ആയിരം ദിവസങ്ങളിലേക്ക് അടുക്കുകയാണ്. 978 ദിവസങ്ങള്‍ പിന്നിട്ട് യുക്രെയ്ന്‍ റഷ്യ യുദ്ധം തുടരുമ്പോള്‍ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. ആക്രമണവും പ്രത്യാക്രമണവും പ്രതിരോധവുമായി റഷ്യ - യുക്രെയ്ന്‍ സൈന്യങ്ങള്‍ ഏറ്റുമുട്ടല്‍ തുടരുമ്പോള്‍ സിവിലിയന്‍ മാരെ നേരിട്ട് ലക്ഷ്യമിടുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
യുക്രയ്‌നിലെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാലയളവില്‍ അയ്യായിരത്തില്‍ അധികം ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും നാന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്
ഡ്രോണുകള്‍ ഉപയോഗിച്ച റഷ്യ യുക്രെയിനിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നു എന്നാണ് ഉദാഹരണ സഹിതം ബിബിസി ചൂണ്ടിക്കാട്ടുന്നത്. സൗത്തേണ്‍ യുക്രെയ്ന്‍ നഗരമായ കഴ്‌സണില്‍ മാത്രം കഴിഞ്ഞ ജൂലായ് ഒന്ന് മുതല്‍ 30 സിവിലിയന്‍മാരെങ്കിലും ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു. യുക്രയ്‌നിലെ ആകെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാലയളവില്‍ അയ്യായിരത്തില്‍ അധികം ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാവുകയും നാന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ബിബിസി ചൂണ്ടിക്കാട്ടുന്നത്.
ഡ്രോണ്‍ ആക്രമണങ്ങള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. റഷ്യയും യുക്രെയ്‌നും തങ്ങളുടെ ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ഡ്രോണുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ട് പറയുന്നത്. ഇതിനൊപ്പമാണ് റഷ്യന്‍ ഡ്രോണുകള്‍ സിവിലിയന്‍മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. വീട്ടുമുറ്റത്തും, തെരുവുകളിലും വച്ച് സാധാരണ ജനങ്ങള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപ്രതീക്ഷിതമായി പറന്നെത്തുന്ന ഡ്രോണുകള്‍ ആളുകള്‍ക്ക് മേല്‍ ഗ്രനേഡ് നിക്ഷേപിക്കുന്ന സാഹചര്യമാണ് കഴ്‌സന്‍ മേഖലയില്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സിവിലിയന്‍മാര്‍ക്ക് മേല്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്നാണ് ഉയരുന്ന വിമര്‍ശനം.
ഇത്തരം ആക്രമണങ്ങള്‍ക്കിരയാകുന്നവര്‍ മിക്കവര്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുന്ന നിലയുള്ളതായും സംഭവങ്ങള്‍ നിരീക്ഷിച്ച് ബിബിസി പറയുന്നു. വീട്ടുമുറ്റത്തും തെരുവകളിലും വച്ച് ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ വ്യാപകമായി ഭീതിരൂപം കൊള്ളുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആക്രമണങ്ങളിലൂടെ ജനങ്ങളുടെ സഞ്ചാരം ഉള്‍പ്പെടെ നിയന്ത്രിക്കാനും ഭീതിവിതയ്ക്കാനുമാണ് റഷ്യ ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്.