ക്രിമിയൻ പെനിൻസുലയുടെ വടക്ക് ഭാഗത്തുള്ള ധാൻകോയിലുണ്ടായ സ്ഫോടത്തിൽ റഷ്യൻ ക്രൂയിസ് മിസൈലുകൾ തകർത്തതായി യുക്രെയ്ൻ. റഷ്യൻ കരിങ്കടൽ കപ്പൽ സേനയുടെ ഉപയോഗത്തിനായി റെയിൽ മാർഗം കടത്തുകയായിരുന്ന മിസൈലുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. സ്ഫോടനം നടന്നതായി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും യുക്രെയ്നാണോ ഉത്തരവാദി എന്നത് വ്യക്തമാക്കിയിട്ടില്ല. ആക്രമണം നടത്തിയത് യുക്രെയ്ൻ ആണെന്ന് സ്ഥിരീകരിച്ചാൽ, 2014 മുതൽ ക്രിമിയയിലേക്ക് യുക്രെയ്ൻ സൈന്യം നടത്തുന്ന അപൂർവമായ കടന്നുകയറ്റമായിരിക്കും ഇത്.
ഒന്നിലധികം കലിബർ-കെഎൻ ക്രൂയിസ് മിസൈലുകൾ നശിപ്പിക്കപ്പെട്ടതായി യുക്രെയ്ൻ സൈനിക ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അന്തർവാഹിനി വിക്ഷേപണത്തിന് ഉദ്ദേശിച്ചുള്ളതാണ് മിസൈലുകൾ. ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്ന് ധാൻകോയ് നഗരത്തിന്റെ റഷ്യൻ നിയമിത ഗവർണർ പറഞ്ഞു. ആക്രമണത്തിൽ 33 കാരനായ ഒരു വ്യക്തിക്ക് ഗുരുതരമായി പരുക്കേറ്റതായും റഷ്യൻ നിയമിത അഡ്മിനിസ്ട്രേറ്റർ ഇഹോർ ഐവിൻ പറഞ്ഞു. എന്നാൽ ഏതെങ്കിലും സൈനിക കേന്ദ്രങ്ങൾ തകർന്നതായി വ്യക്തമല്ല.
നിരവധി കെട്ടിടങ്ങൾക്ക് തീപിടിക്കുകയും പവർ ഗ്രിഡിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഹോർ ഐവിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2022 ഒക്ടോബറിൽ ക്രിമിയൻ തുറമുഖ നഗരമായ സെവാസ്റ്റോപോളിൽ യുക്രെയ്ൻ കരിങ്കടൽ കപ്പലിൽ ഡ്രോൺ ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചിരുന്നു. ഒരു യുദ്ധക്കപ്പലിന് കേടുപാടുകൾ വരുത്തിയ ആക്രമണത്തിൽ ഒമ്പത് ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ ഏറ്റെടുത്തിട്ടില്ല.