WORLD

അമേരിക്ക രഹസ്യമായി കൈമാറിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ റഷ്യക്കെതിരേ പ്രയോഗിച്ച് യുക്രെയ്‌ൻ

വെബ് ഡെസ്ക്

റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ രഹസ്യമായി അമേരിക്ക കൈമാറിയ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് യുക്രെയ്‌ൻ. അമേരിക്കൻ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 2024 മാർച്ചിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയ 30 കോടി ഡോളർ സഹായ പാക്കേജിന്റെ ഭാഗമായുള്ള ആയുധങ്ങൾ ഏപ്രിലിലാണ് യുക്രെയ്ന് കൈമാറിയത്. ഇതിന്‍റെ ഭാഗമായിരുന്നു ദീർഘദൂര ബാലിസ്റ്റിക് മിസൈൽ,

2014ൽ റഷ്യ പിടിച്ചെടുത്ത ക്രിമിയയിലെ ശത്രുപാളയങ്ങളെ അക്രമിക്കാനായിരുന്നു ബൈഡൻ ഭരണകൂടം രഹസ്യമായി കൈമാറിയ ദീർഘദൂര മിസൈൽ ആദ്യമായി യുക്രെയ്‌ൻ ഉപയോഗിച്ചത്. നേരത്തെ ആർമി ടാക്‌റ്റിക്കൽ മിസൈൽ സിസ്റ്റത്തിൻ്റെ (എടിഎസിഎംഎസ്) മിഡ് റേഞ്ച് റോക്കറ്റുകൾ റഷ്യയെ ആക്രമിക്കാനായി അമേരിക്ക യുക്രെയ്ന് നൽകിയിട്ടുണ്ടെങ്കിലും ദീർഘദൂര മിസൈലുകൾ നൽകാൻ വിമുഖത കാണിച്ചിരുന്നു. പിന്നീടാണ് ദീർഘദൂര മിസൈൽ ബൈഡന്റെ പച്ചക്കൊടി ലഭിച്ചതോടെ കൈമാറുന്നത്. യുക്രെയ്‌ന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചായിരുന്നു അവയുടെ കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ പരസ്യമാക്കാതിരുന്നത് എന്നാണ് അമേരിക്കയുടെ വിശദീകരണം,

അധിനിവിഷ്ട ക്രിമിയയിലെ റഷ്യൻ എയർഫീൽഡിൽ ആക്രമണം നടത്താൻ കഴിഞ്ഞയാഴ്ച ആദ്യമായി ദീർഘദൂര മിസൈലുകൾ ഉപയോഗിച്ചതായി അന്താരാഷ്ട്ര വാർത്ത ഏജൻസി റോയിട്ടേഴ്‌സ് ആണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ക്രിമിയയിലെ തുറമുഖ നഗരമായ ബെർഡിയാൻസ്കിൽ റഷ്യൻ സൈനികർക്കെതിരായ ആക്രമണത്തിലും പുതിയ മിസൈലുകൾ പ്രയോഗിച്ചിരുന്നു.

അതേസമയം, യുക്രെയ്‌നുവേണ്ടി കഴിഞ്ഞ ദിവസം യു എസ് സെനറ്റ് പാസാക്കിയ 6100 കോടി ഡോളറിന്റെ പുതിയ പാക്കേജിൽ ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. ജനപ്രതിനിധി സഭയിലെ ഏറെനാൾ നീണ്ടുനിന്ന എതൃപ്പുകൾക്കൊടുവിലാണ് കഴിഞ്ഞ ആഴ്ച പാക്കേജ് പാസായത്. സമീപ മാസങ്ങളിൽ യുക്രെയ്നിയൻ സേനയ്ക്ക് വെടിക്കോപ്പുകളുടെയും വ്യോമ പ്രതിരോധ സംവിധാനങ്ങളുടെയും കുറവ് അനുഭവപ്പെട്ടിരുന്നു. യുഎസിൽനിന്നും മറ്റ് പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്നുമുള്ള സൈനിക സഹായം വൈകുന്നത് കൂടുതൽ ആൾനാശത്തിനും റഷ്യയുടെ അധിനിവേശം വേഗത്തിലാകുന്നതിനും കാരണമാകുമെന്നും വിലയിരുത്തൽ ഉണ്ടായിരുന്നു.

2022 ഫെബ്രുവരി 24ന് ആരംഭിച്ച റഷ്യൻ അധിനിവേശത്തിൽ പതിനായിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും ഇരുഭാഗത്തുനിന്നുമുള്ള സൈനികരാണ്.. ദശലക്ഷക്കണക്കിന് മനുഷ്യർക്ക് വീടുകൾ ഉപേക്ഷിക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും