റഷ്യ യുക്രെയ്ന്‍ യുദ്ധത്തിൽ ഏകദേശം ഒരു ലക്ഷം റഷ്യൻ സൈനികരും ഒരു ലക്ഷം യുക്രേനിയൻ സൈനികരും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാവുമെന്ന് മുതിർന്ന യുഎസ് ജനറൽ മാര്‍ക് മില്ലി. സംഘർഷത്തിൽ അകപ്പെട്ട് 40,000 സാധാരണക്കാർ മരിച്ചതായി കണക്കാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണക്കുകള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
റഷ്യ യുക്രെയ്ന്‍ യുദ്ധം എട്ട് മാസം പിന്നിടുമ്പോള്‍ സമവായ ചര്‍ച്ചകള്‍ക്കുള്ള സാധ്യത തെളിയുന്നതായും മാര്‍ക് മില്ലി പറഞ്ഞു. കെര്‍സണിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ റഷ്യ ഉത്തരവിട്ട സാഹചര്യത്തിലാണ് മില്ലിയുടെ പ്രസ്താവന. സംഘർഷം ആരംഭിച്ചതിന് ശേഷം 5,937 സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് റഷ്യന്‍ വൃത്തങ്ങൾ പറഞ്ഞിരുന്നത്. മരണസംഖ്യ ഗണ്യമായി ഉയർന്നതായുള്ള റിപ്പോർട്ടുകൾ പ്രതിരോധ മന്ത്രി സെർജി ഷോയിഗു തള്ളിക്കളഞ്ഞു. ഇതുവരെ 9000 യുക്രെയ്നിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വലേറി സാലുഷ്നി കഴിഞ്ഞ ഓഗസ്റ്റിന് വ്യക്തമാക്കിയിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധച്ച് പുറത്തുവിട്ട കണക്കുകൾ വിശ്വസനീയമാണെന്ന് കരുതുന്നില്ലെന്ന് യുഎൻ അറിയിച്ചു.
ഫെബ്രുവരി 24 ന് റഷ്യ ആക്രമണം ആരംഭിച്ചതിനുശേഷം 15 മുതൽ 30 ദശലക്ഷം പേർ വരെ അഭയാർത്ഥികളായി മാറിയതായും മില്ലി ചൂണ്ടിക്കാട്ടി. യൂറോപ്പിലുടനീളം യുക്രെയ്നിൽ നിന്നുള്ള അഭയാർത്ഥികളായി 7.8 ദശലക്ഷം ആളുകളുണ്ടെന്നാണ് യുഎന്നിന്റെ കണക്ക്. എന്നാൽ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായിട്ടും യുക്രെയ്നിൽ തന്നെ തുടരുന്നവരെ ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല.
കെർസണിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് ബുധനാഴ്ച ബുധനാഴ്ച റഷ്യ പ്രഖ്യാപിച്ചിരുന്നു. എന്നാൽ റഷ്യയുടെ തീരുമാനത്തെ യുക്രെയ്ൻ സംശയത്തോടെയാണ് കാണുന്നതെന്നാണ് റിപ്പോർട്ടുകൾ. റഷ്യ യുക്രെയ്ന്‍ അധിനിവേശം നടത്തിയതിന് ശേഷം റഷ്യ പിടിച്ചെടുത്ത ഏക പ്രാദേശിക തലസ്ഥാന നഗരമായിരുന്നു കെര്‍സണ്‍.