WORLD

റഷ്യ-യുക്രെയ്ൻ പ്രതിസന്ധി: സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് ഷീ ജിൻ പിങ്

എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ് നിലകൊള്ളുന്നതെന്ന് ചൈന

വെബ് ഡെസ്ക്

റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലന്‍സ്കിയുമായി ഫോണിൽ സംസാരിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്. റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി ദീർഘവും അർത്ഥവത്തായതുമായ സംഭാഷണം നടത്തിയെന്ന് സെലൻസ്‌കി ട്വിറ്ററിൽ കുറിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വികാസത്തിന് ഈ സംഭാഷണം ശക്തമായ പ്രചോദനം നൽകുമെന്നും സെലൻസ്കി പറഞ്ഞു. എപ്പോഴും സമാധാനത്തിന്റെ പക്ഷത്താണ് നിലകൊള്ളുന്നതെന്ന് ഫോൺ സംഭാഷണം സ്ഥിരീകരിച്ച് ചൈനയും വ്യക്തമാക്കി.

യുക്രെയ്ന്‍ വിഷയത്തില്‍ എല്ലായ്പ്പോഴും നിഷ്പക്ഷ നിലപാടായിരുന്നു ചൈന സ്വീകരിച്ചത്. സമാധാനത്തിന് വേണ്ടി ആഹ്വനം ചെയ്തുവെങ്കിലും ഒരിക്കൽ പോലും ചൈന, റഷ്യയുടെ അധിനിവേശത്തെ അപലപിക്കുകയോ സൈന്യത്തെ പിൻവലിക്കാൻ പരസ്യമായി ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. എന്നാലിപ്പോൾ സമാധാന ചർച്ചകൾക്ക് ചൈന പിന്തുണ നൽകുമെന്ന് അറിയിച്ചുവെന്ന് സെലെൻസ്കി വ്യക്തമാക്കി. യുദ്ധം കാരണം യുക്രെയ്നിലുണ്ടായ പ്രതിസന്ധികളെ കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തിയെന്നും പ്രശ്നങ്ങളുടെ രാഷ്ട്രീയ പരിഹാരത്തിനായി എല്ലാ കക്ഷികളുമായും ആശയവിനിമയം നടത്താൻ ഒരു പ്രതിനിധിയെ അയയ്ക്കുമെന്നും ഷീ സെലെൻസ്‌കിയോട് പറഞ്ഞതായി ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു.

ചൈനീസ് സർക്കാരിന്റെ പ്രത്യേക പ്രതിനിധി ലി ഹുയി ആയിരിക്കും ചർച്ചയ്ക്കായി അയയ്ക്കുകയെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2009 മുതൽ 2019 വരെ റഷ്യയിലെ മുൻ ചൈനീസ് അംബാസഡറായിരുന്നു ലി. എന്നാൽ ലീ ഏതൊക്കെ രാജ്യങ്ങളിൽ എപ്പോൾ സന്ദർശനം നടത്തും എന്നതിനെക്കുറിച്ചുള്ള വിവരം ചൈനീസ് മന്ത്രാലയം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ യുക്രെയ്ൻ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് ഷീ സെലൻസ്‌കിയുമായി സംസാരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി ഇതിനോടകം അഞ്ച് തവണ ചൈനീസ് പ്രസിഡന്റ് സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ചിൽ മോസ്‌കോയിൽ വച്ചാണ് പുടിനും ഷീയും തമ്മിൽ അവസാനമായി കൂടിക്കാഴ്ച നടത്തിയത്.

അതിനിടെ ചൈനീസ് പ്രസിഡന്റും സെലെൻസ്‌കിയും തമ്മിലുള്ള ഫോൺ സംഭാഷണം ശ്രദ്ധയിൽപ്പെട്ടതായി റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ വ്യക്തമാക്കി. സമാധാന ചർച്ചയ്ക്കായുള്ള ചൈനയുടെ പിന്തുണ ശ്രദ്ധയിൽപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ ചർച്ചയ്ക്ക് സാധ്യതയില്ലെന്നും റഷ്യ വ്യക്തമാക്കി. നേരത്തെ ഷി ജിന്‍ പിങിന്റെ മോസ്കോ സന്ദർശനത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുന്നോട്ടുവച്ച സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിൻ പറഞ്ഞിരുന്നു. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കാൻ യുദ്ധം അവസാനിപ്പിക്കുക, സമാധാന ചർച്ചകൾ പുനഃരാരംഭിക്കുക തുടങ്ങി 12 നിർദേശങ്ങളാണ് ചൈന റഷ്യയ്ക്ക് മുൻപിൽ വച്ചിരിക്കുന്നത്.

ചേലക്കരയില്‍ യു ആര്‍ പ്രദീപിനും പാലക്കാട് സി കൃഷ്ണകുമാറിനും ലീഡ്| Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ