വീടുകൾഅധിനിവേശ പലസ്തീനിൽ ഇസ്രയേൽ നടത്തിവരുന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും ഉടൻ നിർത്തിവയ്ക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. സമാധാന പരിപാലനത്തിന് വെല്ലുവിളിയാണ് ഇസ്രയേലിന്റെ പ്രവർത്തനങ്ങളെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷങ്ങളും അക്രമവും ഉണ്ടാക്കുന്നതാണ് ഇസ്രയേൽ കുടിയേറ്റമെന്നും
കഴിഞ്ഞ ദിവസം പലസ്തീനിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 വയസുകാരൻ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് യുഎൻ മേധാവിയുടെ പ്രതികരണം. ഹെലികോപ്റ്റർ ഉപയോഗിച്ചായിരുന്നു ഇസ്രയേൽ തിങ്കളാഴ്ച ആക്രമണം നടത്തിയത്. രണ്ട് ദശാബ്ദത്തിനിടയിൽ ആദ്യമായാണ് ഇത്തരത്തിലൊരു ആക്രമണം ഇസ്രയേൽ നടത്തുന്നത്. എട്ട് ഇസ്രയേലി പട്ടാളക്കാർക്കും തൊണ്ണൂറോളം പലസ്തീനികൾക്കും സംഭവത്തിൽ പരുക്കേറ്റു.
2023ൽ മാത്രം ഇസ്രയേൽ സൈന്യം ഇതുവരെ വധിച്ചത് 26 കുട്ടികൾ ഉൾപ്പെടെ 160 പലസ്തീനികളെയാണ്
പലസ്തീന്റെ ഭാഗമായ അധിനിവേശ വെസ്റ്റ് ബാങ്കിൽ ആയിരക്കണക്കിന് വീടുകൾ പുതുതായി നിർമിക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ സർക്കാർ അനുമതി നൽകിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ തെറ്റിച്ചുകൊണ്ടുള്ള നെതന്യാഹു സർക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നു. അടുത്ത ആഴ്ച ചേരുന്ന സുപ്രീം പ്ലാനിങ് കൗൺസിൽ യോഗത്തിൽ 4,560 വീടുകൾ നിർമിക്കാനുള്ള പ്രമേയം പാസാക്കാനിരിക്കെയാണ് നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം ഐക്യരാഷ്ട്രസഭ മുന്നോട്ടുവയ്ക്കുന്നത്.
പലസ്തീൻ പ്രവിശ്യകളിൽ കൂടുതൽ വീടുകൾ നിർമിക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്കെതിരെ ഇസ്രയേലിന്റെ അടുത്ത സഖ്യകക്ഷിയായ അമേരിക്ക തന്നെ രംഗത്തുവന്നിരുന്നു. അധിനിവേശ പലസ്തീനിൽ ഇസ്രയേൽ നടപ്പിലാക്കാനിരിക്കുന്ന പദ്ധതികളിൽ വളരെ അസ്വസ്ഥരാണ് തങ്ങളെന്ന് അമേരിക്ക അടുത്തിടെ പറഞ്ഞിരുന്നു. പലസ്തീനെ ഇസ്രയേലിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ വേണ്ടി നടത്തുന്ന നീക്കങ്ങളിൽ വിവിധ സംഘടനകളിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
പലസ്തീനിൽ വർധിച്ചുവരുന്ന സായുധ ചെറുത്തുനിൽപ്പിനെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2021 ജൂൺ മുതൽ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ ദിനംപ്രതിയെന്നോണം പരിശോധനകൾ നടത്തിവരികയാണ്. കുട്ടികളുൾപ്പെടെ നിരവധി പലസ്തീനികളാണ് ഇത്തരത്തിലുള്ള പരിശോധനകളിൽ കൊല്ലപ്പെടുന്നത്. 2022ൽ 30 കുട്ടികൾ ഉൾപ്പെടെ 170-ലധികം പലസ്തീൻ പൗരന്മാരെയാണ് ഇസ്രയേൽ സേന കൊലപ്പെടുത്തിയത്. 2006ന് ശേഷം ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടതും 2022ലാണ്. 2023ൽ മാത്രം ഇസ്രയേൽ സൈന്യം ഇതുവരെ വധിച്ചത് 26 കുട്ടികൾ ഉൾപ്പെടെ 160 പലസ്തീനികളെയാണ്.